അനൈക്യം മുതലാക്കി താലിബാന്‍; അവരുമായി ചര്‍ച്ചയ്ക്കു തയ്യാര്‍: പ്രഥമ അഫ്ഗാന്‍ വനിതാ മേയര്‍ സരിഫ

 അനൈക്യം മുതലാക്കി താലിബാന്‍; അവരുമായി ചര്‍ച്ചയ്ക്കു തയ്യാര്‍: പ്രഥമ അഫ്ഗാന്‍ വനിതാ മേയര്‍ സരിഫ

കാബൂള്‍: ജനകീയ ഐക്യത്തില്‍ ശദ്ധിക്കാതെ അഫ്ഗാനിസ്താനിലെ പ്രാദേശിക ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വരുത്തിയ വീഴ്ചയാണ് താലിബാന്‍ വീണ്ടും അധികാരത്തിലെത്താന്‍ കാരണമെന്ന വിമര്‍ശനവുമായി അഫ്ഗാനിലെ ആദ്യ വനിതാ മേയര്‍ സരിഫ ഖഫാരി. ഭീകരവാദത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാനോ ഒരുമിച്ച് എതിര്‍ക്കാനോ അവര്‍ തയ്യാറല്ലായിരുന്നുവെന്ന്്, ഇരുപത്താറാം വയസ്സില്‍ വാര്‍ഡക് പ്രവിശ്യയുടെ തലസ്ഥാന നഗരമായ മൈദാന്‍ ഷഹറിന്റെ മേയറായ സരിഫ ഗഫാരി പരിതപിച്ചു. താലിബാന്‍ അധിനിവേശം വന്നതോടെ ജര്‍മ്മനിയിലേക്ക് പലായനം ചെയ്ത, രാജ്യത്തെ ആദ്യത്തേതും ഏറ്റവും പ്രായം കുറഞ്ഞതുമായ വനിതാ മേയര്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോടു നടത്തിയ പ്രതികരണത്തിലാണ് തന്റെ കടുത്ത നിരാശ പ്രകടമാക്കിയത്.

താലിബാന്‍ വീണ്ടും അധികാരത്തിലേറിയതിന് പിന്നില്‍ പ്രധാന പങ്ക് പാകിസ്താനാണെന്ന് സരിഫ ആരോപിച്ചു.'അഫ്ഗാനിസ്താന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാര്‍ പലരാണ്. പ്രദേശത്തെ ജനങ്ങള്‍, രാഷ്ട്രീയക്കാര്‍, കുട്ടികള്‍, അന്താരാഷ്ട്ര സമൂഹം എന്നിവരെല്ലാം താലിബാന്റെ മടങ്ങിവരവിന് കാരണക്കാരാണ്. അവര്‍ ഭീകരതയ്ക്കെതിരെ ഒരിക്കലും ശബ്ദമുയര്‍ത്തിയില്ല. പ്രദേശത്തെ സാധാരണക്കാരായ ജനങ്ങള്‍ ഒരുമിച്ച് നിന്ന് ശബ്ദമുയര്‍ത്തിയിരുന്നുവെങ്കില്‍ താലിബാന് അധികാരം പിടിക്കാന്‍ സാധിക്കില്ലായിരുന്നു. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് നേടിയതെല്ലാം ഇപ്പോള്‍ രാജ്യത്തിന് നഷ്ടമായി. ഇതിന് ഒരാളോട് പോലും ക്ഷമിക്കാനാകില്ല. എനിക്ക് ഇനി ഒന്നും ബാക്കിയില്ല. ഞാന്‍ ജീവിക്കുന്ന ഈ ഭൂമിയിലെ മണ്ണ് മാത്രമാണ് സ്വന്തമായുള്ളത്'- സരിഫ പറഞ്ഞു.

'പാകിസ്താന്റെ പങ്ക് വ്യക്തമാണ്. അഫ്ഗാനിസ്താനിലെ ഓരോ കുട്ടിക്ക് പോലും ഇത് അറിയാം. അഫ്ഗാനിസ്താനിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് രാജ്യാന്തര സമൂഹം അറിയണം. അവരുടെ ശ്രദ്ധ ഇവിടേക്ക് കൊണ്ടുവരാനാണ് എന്റെ ഇപ്പോഴത്തെ ശ്രമം. എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് ശക്തമായ പ്രക്ഷോഭം നടത്തണം. അഭ്യസ്തവിദ്യരായ ധാരാളം യുവതികള്‍ അഫ്ഗാനിലുണ്ട്. അവര്‍ ഇതില്‍ പങ്കാളികളാകും. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറയുമ്പോഴും അതല്ല ഈ രാജ്യത്ത് നടക്കുന്നത്' അവര്‍ ആരോപിച്ചു.ഇത്തവണ ഒരു പരിഷ്‌കൃത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് താലിബാന്‍ വാഗ്ദാനം ചെയ്തത് കാര്യമായെടുക്കുന്നില്ല സരിഫ. ' ജനങ്ങള്‍ക്ക് അവരെ തടയാനാകുന്നില്ലെങ്കിലും എത്ര പേരെ താലിബാനു കൊല്ലാന്‍ കഴിയും?'


അഫ്ഗാനിസ്ഥാനിലെ അവസ്ഥയിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാന്‍ വിവിധ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും സ്ത്രീകളെയും കാണാന്‍ ആലോചിക്കന്നതായി സരിഫ ഗഫാരി പറഞ്ഞു.'അഫ്ഗാനിസ്ഥാനിലെ യഥാര്‍ത്ഥ അവസ്ഥ അറിഞ്ഞുള്ള ഒരു പ്രസ്ഥാനത്തിന്റെ തുടക്കത്തിനായി എന്നോടൊപ്പം ചേരാന്‍ ആവശ്യപ്പെടുക എന്നതാണ് എന്റെ ലക്ഷ്യം'

കഴിഞ്ഞയാഴ്ച, സരിഫ ഗഫാരി ഇന്ത്യാ ടുഡേ ടിവിയോട് സംസാരിക്കവേ, താലിബാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച വാഗ്ദാനങ്ങളില്‍ ഗൗരവമുള്ളവരാണെങ്കില്‍ അവരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നു പറഞ്ഞിരുന്നു. 'ഞങ്ങള്‍ ചര്‍ച്ചകള്‍ക്കു തയ്യാറാണ്. ഞങ്ങള്‍ക്ക് വേണ്ടത് അവരുടെ പ്രതിബദ്ധതയാണ്. ഇത് 2000 അല്ല. ഞങ്ങള്‍ക്ക് ധാരാളം വിദ്യാസമ്പന്നരായ സ്ത്രീകള്‍ ഉണ്ട്. അവര്‍ക്കു ഞങ്ങളെ ശ്രദ്ധിച്ചേ പറ്റൂ. അല്ലെങ്കില്‍ അവര്‍ക്കു ഭരിക്കാന്‍ കഴിയാതെ വരും, '

താലിബാന്‍ പോരാളികള്‍ തന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയെന്നും കാര്‍ എടുത്തുകൊണ്ടുപോയെന്നും സരിഫ ഗഫാരി പറഞ്ഞു. 'സ്ത്രീകള്‍ക്ക് അവസരം നല്‍കുന്നതില്‍ അവര്‍ ശരിക്കും വിശ്വസിക്കുന്നുവെങ്കില്‍, എന്തുകൊണ്ടാണ് അവര്‍ എന്റെ വീട് അന്വേഷിച്ചത്, എന്റെ കാര്‍ എടുത്തുകൊണ്ടുപോയത്, എന്നെ ഭീഷണിപ്പെടുത്തിയത്? തീര്‍ച്ചയായും, അവര്‍ നല്ല കാര്യങ്ങളിലൊന്നും വിശ്വസിക്കുന്നില്ല. പക്ഷേ, അവര്‍ക്കു വിശ്വാസമുണ്ടെങ്കില്‍, ഞാന്‍ അഫ്ഗാന്‍ സ്ത്രീകളുടെ പ്രതിനിധിയെന്ന നിലയില്‍ അവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് '.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.