കൽക്കരിക്കട്ടയെ വൈഡൂര്യമാക്കാം

കൽക്കരിക്കട്ടയെ  വൈഡൂര്യമാക്കാം

മദ്യപാനിയായൊരാൾ എന്നെ കാണാൻ വന്നു. ഒരു ദിവസം ആയിരം രൂപയ്ക്ക് അദ്ദേഹം പണിയെടുക്കുമെങ്കിലും ഒന്നും നീക്കിയിരിപ്പില്ല. ഭാര്യയുടെ അഭിപ്രായത്തിൽ വീട്ടിലേക്ക് കാര്യമായ് ഒന്നും നൽകുന്നുമില്ല. അധ്വാനിക്കുന്നതെല്ലാം കുടിച്ചു തീർക്കും. ''കണ്ണ് ചുവന്നിരിപ്പുണ്ടല്ലോ, ഇന്നും മദ്യപിച്ചോ?" ഞാൻ ചോദിച്ചു. "ഇല്ല... ഇന്നലെ കുറച്ച്..." അയാളുടെ ജാള്യതയോടെയുള്ള മറുപടി. "എന്തായിരുന്നു ഇന്നലെ മദ്യപിക്കാൻ കാരണം?" ''പണി കഴിഞ്ഞപ്പോൾ വല്ലാത്ത തലവേദന. ക്ഷീണം മാറാനായി കഴിച്ചതാണ്..."
"എന്നിട്ട് മാറിയോ...?" അയാൾ ഒന്നും മിണ്ടിയില്ല. "തലവേദന മാറാനായ് ഇങ്ങനെയൊരു മരുന്നുണ്ടെന്ന കാര്യം ഡോക്ടർമാർ അറിഞ്ഞിട്ടുണ്ടാകില്ല..." എൻ്റെ വാക്കുകൾ കേട്ടപ്പോൾ അയാൾ ചിരിച്ചു. ''എന്തു ചെയ്യാനാണച്ചാ, നിറുത്തണമെന്ന് ആഗ്രഹമുണ്ട്. ഓരോ തവണ മദ്യപിച്ചു കഴിയുമ്പോഴും ഇനിയാവർത്തിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യും. എന്നാൽ പിറ്റേന്ന് അതേ സമയമാകുമ്പോഴേക്കും അറിയാതെ കുടിച്ചു പോകും..." "നിങ്ങൾക്ക് ഈ ദുശീലം മാറ്റണമെന്ന് ആഗ്രഹമുണ്ടോ?" "ഉണ്ട്... അതിനുവേണ്ടി അച്ചൻ പറയുന്ന എന്തും ഞാൻ ചെയ്യാം." ''കട്ടിപ്പാറയിൽ ഒരു ചികിത്സാ കേന്ദ്രമുണ്ട്... പോകാമോ..?" "പോകാം..." സന്തോഷത്തോടെ അദ്ദേഹം മറുപടി നൽകി. അങ്ങനെയൊരു മറുപടി ആദ്യമായാണ് ഞാനൊരാളിൽ നിന്ന് കേൾക്കുന്നത്. അദേഹത്തിൻ്റെ മുമ്പിലിരുന്ന് തന്നെ ആതുരാലയത്തിലെ സിസ്റ്ററെ വിളിച്ച് കാര്യങ്ങൾ തിരക്കി. ഇദ്ദേഹം വരുന്ന കാര്യം അറിയിച്ചു. ഒത്തിരി പ്രതീക്ഷയോടെ അദ്ദേഹം ആശ്രമത്തിൻ്റെ പടിയിറങ്ങിയപ്പോൾ മനസുനിറയെ പ്രാർത്ഥനകളായിരുന്നു. ഞാനും നിങ്ങളുമെല്ലാം ബലഹീനരാണ്. ചില ബലഹീനതകൾ സ്വകാര്യമാണ്. മറ്റ് ചിലത് കുടുംബത്തെയും സമൂഹത്തെയും ബാധിക്കുന്നതും. പല കാര്യങ്ങളും ഇനിയാവർത്തിക്കില്ലെന്ന് നമ്മളും തീരുമാനിച്ചിട്ടുണ്ട്. എങ്കിലും ചിലപ്പോഴെങ്കിലും നമ്മൾ വീണുപോകുന്നു. ഇതിൽ നിന്ന് വലിയൊരു പാഠം നമ്മൾ പഠിക്കേണ്ടതുണ്ട്. എല്ലാ ബലഹീനതകളും നമ്മൾ വിചാരിച്ചാൽ മാറ്റാൻ കഴിയും എന്ന ചിന്ത വ്യർത്ഥമാണ്. ചിലയവസരങ്ങളിൽ ഡോക്ടറുടെയോ സുഹൃത്തുക്കളുടെയോ മറ്റ് വ്യക്തികളുടെയോ ഒക്കെ സഹായം നമുക്ക് ആവശ്യമായ് വരും.
ഒപ്പം ദൈവാനുഗ്രഹവും. എന്നാൽ നമ്മുടെ ഹൃദയ കാഠിന്യം മൂലം ഈ സഹായങ്ങളൊന്നും നമ്മൾ സ്വീകരിക്കില്ല. തത്ഫലമായി പാപക്കുഴിയിൽ തന്നെ നമ്മൾ ആവർത്തിച്ചു വീണുകൊണ്ടിരിക്കും. നമ്മുടെ ഈ മനോഭാവത്തെ നോക്കിയാണ് ക്രിസ്തു ഇങ്ങനെ പറഞ്ഞത്: "അവര്‍ കണ്ണുകൊണ്ടു കണ്ട്‌, കാതുകൊണ്ടു കേട്ട്‌, ഹൃദയംകൊണ്ടു മനസ്‌സിലാക്കി, മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ്‌ ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്‌ദീഭവിച്ചിരിക്കുന്നു; കണ്ണ്‌ അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു" (മത്തായി 13 : 15). ബലഹീനതകൾ എന്തു തന്നെയായാലും അവ നമ്മുടെ പ്രയത്നം കൊണ്ടു മാറ്റാം എന്ന അഹങ്കാര ചിന്തകൾ മാറ്റി സഹായിക്കുന്ന ഇടങ്ങളിലേക്കും വ്യക്തികളിലേക്കും ദൈവത്തിലേക്കും നമ്മുടെ ഹൃദയമുയർത്താം.  അപ്പോൾ നമ്മുടെ ജീവിതങ്ങളും വെൺമയുള്ളതാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.