അറിവും ജ്ഞാനവും (കവിത)

അറിവും ജ്ഞാനവും (കവിത)

അറിവും ജ്ഞാനവുമൊന്നാണോ
അന്തരമെന്തുണ്ടിവതമ്മിൽ
കരുത്താകുമൊരു കവചമെന്നും
മനുജനു മണ്ണിൽ
അറിവോ ജ്ഞാനമതോ

പലവഴി, ഇടവഴി
ആർജ്ജിക്കുമൊരു വിവരങ്ങൾ തൻ
കൂടാരമല്ലോ അറിവെന്നും
ശാസ്ത്രവുമീയൊരറിവിന്നകമല്ലോ
വിശ്വത്തെ വശത്താക്കുമൊരു
ശ്രമമല്ലോ ശാസ്ത്രമെന്നും
പിന്നെന്താവാം ജ്ഞാനമതു

ആർജ്ജിച്ചൊരറിവിനെ
അവലംബിക്കുമൊരിടമായ്‌
മാറാം ജ്ഞാനമങ്ങു
അപൂർണ്ണമായൊരറിവിനെ
പൂർണ്ണതയിലെത്തിക്കുമൊരു
ചൈതന്യമാവാം ജ്ഞാനമെന്നും

പൂവിൻ്റെ കാതിലൊരു
വണ്ടിൻ്റെ നാദം പോൽ
അറിവും അനുഭവവും ഒരുമി
ച്ചൊരുക്കിയൊരീണമാവാം ജ്ഞാനമതു
വിവേകവും തിരിച്ചറിവും
ചേർന്നു മെനഞ്ഞൊരു
ശില്പമാവാം ജ്ഞാനമങ്ങു

എന്തു മൊഴിയണമെന്നത
റിവു തരുമ്പോൾ
എപ്പോൾ പറയണമെന്നതു
പകരുമൊരു പാത്രമാവാം ജ്ഞാനമതു
ഇരവിന്നിരുട്ടിൽ
ഇടറുമൊരിടനാഴിയിൽ
തിരിയായ് തെളിയാം ജ്ഞാനമങ്ങു

അറിവിൻ്റെ ആഴിയിൽ
ഊഴിയിട്ടിറങ്ങുമ്പോൾ
അരിയിൽ അക്ഷരം
വരക്കുമൊരു പൈതലാണു
ഞാനെന്ന ബോധ്യമതിന്നാരംഭം
അറിവല്ല മൃത്യനു
കരുത്തു പകരുമൊരായുധമുലകിൽ
അതുൾക്കാഴ്ച തൻ ജ്ഞാനമല്ലോ
അതു ദൈവത്തിൻ ദാനമല്ലോ

കവിതാ സൂചിക:
ആശയങ്ങൾ + വിവരങ്ങൾ = അറിവ്
അറിവ് + അനുഭവം = ജ്ഞാനം
അറിവ് + തിരിച്ചറിവ് = ജ്ഞാനം
വിവേകം + വിവരം = ജ്ഞാനം
ജ്ഞാനം = ദൈവീകദാനം
"അറിവല്ല ശക്തി; ജ്ഞാനമാണു ശക്തി"




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26