ഡയോനിസിയൂസ് മാര്‍പ്പാപ്പയുടെ ഇഹലോകവാസത്തിനുശേഷം പത്തുദിവസത്തിനുശേഷം ഏ.ഡി. 269 ജനുവരി 5-ാം തീയതി അദ്ദേഹത്തിന്റെ പിന്‍ഗാമിയും തിരുസഭയുടെ ഇരുപത്തിയാറാമത്തെ മാര്‍പ്പാപ്പയുമായി ഫെലിക്‌സ് ഒന്നാമന്‍ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടു. വിരളമായ വിവരങ്ങള്‍ മാത്രമേ ഫെലിക്‌സ് മാര്‍പ്പാപ്പയുടെ ഭരണകാലഘട്ടത്തെക്കുറിച്ച് ലഭ്യമായിട്ടുള്ളു.
ഫെലിക്‌സ് ഒന്നാമന്‍ മാര്‍പ്പാപ്പ വി. പത്രോസിന്റെ സിംഹാസനത്തില്‍ ആരോഹിതനാകുന്നതിനു മുമ്പ് പൗരസ്ത്യ മെത്രാന്മാരുടെ സിനഡ് അന്ത്യോക്യന്‍ പാത്രിയര്‍ക്കിസായിരുന്ന സമ്‌സോട്ടയിലെ പോളിനെ അഡോപ്ഷനിസ്റ്റ് പാഷണ്ഡത (ക്രിസ്തു മനുഷ്യന്‍ മാത്രമാണെന്നും ദൈവവും ദൈവഹിതവുമായുള്ള പരിപൂര്‍ണ്ണ ഐക്യം വഴി ക്രിസ്തു ദൈവികരണം പ്രാപിച്ചു എന്നുമുള്ള പഠനം) പഠിപ്പിച്ചതിന്റെ പേരില്‍ സഭാഭ്രഷ്ടനാക്കി. പ്രസ്തുത വിവരം ധരിപ്പിച്ചുകൊണ്ട് ഡയോനിസിയൂസ് മാര്‍പ്പപ്പയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് ഫെലിക്‌സ് മാര്‍പ്പാപ്പ ആരോഹണം ചെയ്തയുടനെ അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹം പൗരസ്ത്യ പിതാക്കന്മാരുടെ തീരുമാനം ശരിവയ്ക്കുകയും സമ്‌സോട്ടയിലെ പോളിനൊട് സ്ഥാനം ഒഴിയുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്ത് എഴുതുകയും ചെയ്തു. ആ കത്തിലൂടെ അദ്ദേഹം തന്റെ പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള പഠനം നല്‍കുകയും ചെയ്തു. മാത്രമല്ല അദ്ദേഹം പുതിയ അന്ത്യോക്യന്‍ പാത്രിയാര്‍ക്കിസായി ഡോമ്‌നൂസിനെ നിയമിക്കുകയും ചെയ്തു.
എന്നാല്‍ അന്ത്യോക്യന്‍ സിനഡിന്റെയും ഫെലിക്‌സ് മാര്‍പ്പാപ്പയുടെയും തീരുമാനം അംഗീകരിക്കുവാനോ സ്ഥാനം ഒഴിയുവാനോ സമ്‌സോട്ടയിലെ പോള്‍ തയ്യാറായില്ല. പാല്‍മിറയിലെ രാജ്ഞിയായിരുന്ന സെനോബിയ രാജ്ഞി പോളിനെയും അദ്ദേഹത്തിന്റെ പഠനത്തെയും പിന്‍തുണയ്ക്കുകയും ഭൗതീകമായ സഹായങ്ങളും സംരക്ഷണവും നല്‍കുകയും ചെയ്തു. എന്നാല്‍ അന്ത്യോക്യയിലെ ജനങ്ങള്‍ സ്ഥാനം ഒഴിയുവാന്‍ തയ്യാറാകാതിരുന്ന സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പാത്രിയാര്‍ക്കീസിനെ പുറത്താക്കുവാന്‍ റോമന്‍ ചക്രവര്‍ത്തിയായരുന്ന ഔറേലിയനോട് സഹായം അഭ്യര്‍ത്ഥിച്ചു. ഏ.ഡി. 272-ല്‍ സെനോബിയ രാജ്ഞിയെ ഔറേലിയന്‍ ചക്രവര്‍ത്തി പരാജയപ്പെടുത്തുകയും സമ്‌സോട്ടയിലെ പോളിനെ തന്റെ സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും ചെയ്തു. അതുപ്പോലെതന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിയമിതനായ ഡോമ്‌നൂസിന്റെ നിയമനം അംഗീകരിക്കുകയും ചെയ്തു. തിരുസഭയുടെ ചരിത്രത്തില്‍ ഇതാദ്യമായിട്ടായിരുന്നു ക്രിസ്ത്യാനിയല്ലാതെ വിജാതിയനായ ഒരു അധികാരി വി. പത്രോസിന്റെ അധികാരവും തിരുസഭയെയും അംഗീകരിച്ചത്.
ഔറേലിയന്‍ ചക്രവര്‍ത്തി ഫെലിക്‌സ് ഒന്നാമന്‍ മാര്‍പ്പയെ അംഗീകരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ സഭയെയും വിശ്വാസികളെയും കൂടുതല്‍ പരീക്ഷണിതരാക്കുന്നതും സഹനങ്ങളിലേക്ക് തള്ളിവിടുന്നതുമായിരുന്നു. തന്റെ മുന്‍ഗാമികളായ ചക്രവര്‍ത്തിമാരെപ്പോലെതന്നെ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതില്‍നിന്നും ഔറേലിയന്‍ ചക്രവര്‍ത്തിയും പിന്‍തിരിഞ്ഞില്ല. വി. ഫെലിക്‌സ് ഒന്നാമന്‍ മാര്‍പ്പാപ്പ ഏ.ഡി. 274 ഡിസംബര്‍ 30-ന് കാലം ചെയ്യുകയും വി. കലിസ്റ്റസിന്റെ സെമിത്തേരിയില്‍ അടക്കം ചെയ്യുകയും ചെയ്തു. എഫേസോസിലെ നാലമത്തെ സാര്‍വത്രിക സൂനഹദോസ് ഫെലിക്‌സ് ഒന്നാമന്‍ മാര്‍പ്പാപ്പ രക്തസാക്ഷിത്വം വരിച്ചാണ് കാലം ചെയ്തതെന്ന് പ്രഖ്യാപിച്ചു.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26