നിയമസഭാ കൈയ്യാങ്കളി; കേസ് പിന്‍വലിക്കുന്നതിനെതിരെയുള്ള തടസഹര്‍ജികളില്‍ വിധി അടുത്ത മാസം പറയും

നിയമസഭാ കൈയ്യാങ്കളി; കേസ് പിന്‍വലിക്കുന്നതിനെതിരെയുള്ള തടസഹര്‍ജികളില്‍ വിധി അടുത്ത മാസം പറയും

തിരുവനന്തപുരം: നിയമസഭ കൈയാങ്കളികേസ് പിന്‍വലിക്കുന്നതിനെതിരെ നല്‍കിയ തടസ ഹര്‍ജികളില്‍ അടുത്ത മാസം ആറിന് വിധി പറയും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുന്നത്.

കേസ് തള്ളി കളയണമെന്നാവശ്യപ്പെട്ട് പ്രതികളായ എല്‍ഡിഎഫ് നേതാക്കള്‍ നല്‍കിയിട്ടുള്ള വിടുതല്‍ ഹര്‍ജികള്‍ക്കെതിരെ രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് തടസ് ഹര്‍ജികള്‍ നല്‍കിയത്.

കൈയാങ്കളി കേസിലെ ഒരു പ്രതി മന്ത്രിയായതിനാല്‍ പ്രോസിക്യൂഷന്‍ പക്ഷപാതമായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍ വാദിച്ചു. അതിനാല്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. തടസ ഹര്‍ജികളെല്ലാം പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും കേസ് പിന്‍വലിക്കുന്നത് സംസ്ഥാനത്ത് ആദ്യമല്ലെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ മറുവാദം. മുന്‍ വിധിയോടെ കാര്യങ്ങളെ കാണുന്നതുകൊണ്ടാണ് പ്രോസിക്യൂഷനെ വിമര്‍ശിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ നിയമസഭക്കുള്ളില്‍ നടന്ന കൈയാങ്കളിയില്‍ പൊതുമുതല്‍ നശിപ്പിച്ചതാണ് ആറ് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരായ കേസ്. മന്ത്രി വി. ശിവന്‍കുട്ടി, മുന്‍മന്ത്രി ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ, സി.കെ. സദാശിവന്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍. കേസ് പിന്‍വലിക്കാനായി സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി പോയ കേരള സര്‍ക്കാരിന് രൂക്ഷവിമര്‍ശനമാണ് അവിടെ നിന്നും ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.