സിനി എന്ന് പേരുള്ള ഒരു അധ്യാപിക പങ്കുവച്ച അനുഭവം (യഥാർത്ഥ പേരല്ല). അവർ ബി.എഡ് പഠിക്കുന്ന സമയം. ബുദ്ധിമുട്ടുള്ള വിഷയങ്ങൾ കോപ്പിയടിച്ച് ജയിച്ച ഒരു കൂട്ടുകാരി അവൾക്കുണ്ടായിരുന്നു. കോപ്പിയടിയെ ന്യായീകരിച്ചുകൊണ്ട് ആ കൂട്ടുകാരി സ്ഥിരം പറയുന്ന ഒരു തത്വം ഇതായിരുന്നു: ''പഠിച്ചിട്ട് കിട്ടാഞ്ഞിട്ടല്ലെ കോപ്പിയടിക്കുന്നത്. അത് കർത്താവിന് മനസിലാകും. അല്ലെങ്കിലും കുറച്ചൊക്കെ കള്ളത്തരങ്ങൾ ആരാണ് ചെയ്യാത്തത്?" ബി.എഡിൻ്റെ ഫൈനൽ പരീക്ഷ നടക്കുന്ന സമയം. ഒരു പേപ്പർ
വളരെ ബുദ്ധിമുട്ടായിരുന്നു. അന്നും ഈ കൂട്ടുകാരി നോക്കിയെഴുതി. ഇടയ്ക്ക് അവൾ സിനിയുടെ നേരെ 'തുണ്ടുകടലാസ്' നീട്ടിക്കൊണ്ട് പറഞ്ഞു: ''വേണമെങ്കിൽ എടുത്തോ...." സിനിയുടെ മനസ് സന്നിഗ്ദ്ധാവസ്ഥയിലായി. ''ബുദ്ധിമുട്ടുള്ള പരീക്ഷയാണ്. ഒരുത്തരമെങ്കിലും എഴുതാനായാൽ അത് നല്ലതല്ലെ..." ഇങ്ങനെയൊരു ചിന്തയുയർന്ന ഉടനെ മനസിൽ അമ്മയുടെ മുഖം തെളിഞ്ഞു: ''മോളെ പരീക്ഷയ്ക്ക് തോറ്റാലും സാരമില്ല, ഒരിക്കലും കള്ളത്തരം കാണിക്കരുത്." അപ്പോൾ ലഭിച്ച മനോധൈര്യത്തിൽ അവൾ കൂട്ടുകാരിയുടെ പ്രലോഭനത്തിൽ വീഴാതെ കിട്ടുന്നത് മാത്രം എഴുതാൻ തീരുമാനിച്ചു. പെട്ടന്നാണത് സംഭവിച്ചത്; അത്രയും നേരം നോക്കിയെഴുതിയിരുന്ന കൂട്ടുകാരിയെ അദ്ധ്യാപകൻ കൈയോടെ പിടികൂടി. തുടർന്ന് പരീക്ഷയെഴുതാൻ അവൾക്ക് കഴിഞ്ഞില്ല. അവളിന്ന് അധ്യാപികയുമല്ല. മനസാക്ഷിയുടെ സ്വരം ധിക്കരിച്ചാണ് ഏതൊരു തിന്മയും നമ്മൾ ചെയ്യുന്നത്. ഒരു പക്ഷേ ഇന്ന് നമ്മൾ ആവർത്തിച്ചു ചെയ്യുന്ന തിന്മകൾ പലതും ഉള്ളിലുള്ള ദൈവസ്വരം ശ്രവിക്കാത്തതിൻ്റെ ഫലമല്ലെ? "നിങ്ങളും ഒരുങ്ങിയിരിക്കുവിന്‍. എന്തെന്നാല്‍, പ്രതീക്‌ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രന്‍ വരുന്നത്. യജമാനന്‍ വരുമ്പോള്‍ ജോലിയില്‍ വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യന ഭാഗ്യവാന്‍" (ലൂക്കാ 12 : 40,43) എന്ന വചനം ഇവിടെ വെളിച്ചം വീശുന്നതാണ്. മറ്റുള്ളവർ കാണില്ലെന്നു കരുതി ചെയ്തുകൂട്ടുന്ന കള്ളത്തരങ്ങളെല്ലാം ദൈവം കാണുന്നുണ്ടെന്ന തിരിച്ചറിവുണ്ടെങ്കിൽ മാത്രമേ വിശ്വസ്തതയോടെ ജീവിക്കാൻ നമുക്ക് കഴിയൂ. എട്ടുനോമ്പിൻ്റെ ആരംഭത്തിൽ സദ്ചിന്തകളോടെയും ഉറച്ച തീരുമാനങ്ങളോടെയും നമുക്ക് വിശുദ്ധിയുടെ വഴിയേ സഞ്ചരിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26