ഖത്തര്‍, ജര്‍മ്മനി സന്ദര്‍ശനത്തിന് ആന്റണി ബ്ലിങ്കന്‍; ചര്‍ച്ചാ വിഷയം അഫ്ഗാനിസ്ഥാന്‍

  ഖത്തര്‍, ജര്‍മ്മനി സന്ദര്‍ശനത്തിന് ആന്റണി ബ്ലിങ്കന്‍; ചര്‍ച്ചാ വിഷയം അഫ്ഗാനിസ്ഥാന്‍

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ കുടിയൊഴിപ്പിക്കല്‍ ശ്രമങ്ങളുമായി സഹകരിച്ചതിനു നന്ദി പ്രകടിപ്പിക്കാനും അനന്തര കാര്യങ്ങളെപ്പറ്റി ചര്‍ച്ച നടത്താനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഖത്തറും ജര്‍മ്മനിയും സന്ദര്‍ശിക്കും. മുതിര്‍ന്ന നയതന്ത്രജ്ഞന്‍ രാജ്യത്തെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. അഫ്ഗാനില്‍ നിന്നും സേനാ പിന്മാറ്റം പൂര്‍ത്തിയായ ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഖത്തര്‍ ഭരണാധികാരി അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍ താനി, ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ താനി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

താലിബാന്റെ രാഷ്ട്രീയ ആസ്ഥാനമായി ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത് ഖത്തറിന്റെ തലസ്ഥാനമായ ദോഹയാണ്. ഇന്ത്യയടക്കമുള്ള മേഖലയിലെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി ചേര്‍ന്നാണ് ട്രംപിന്റെ കാലയളവില്‍ അഫ്ഗാനിലെ സമാധാന ചര്‍ച്ചകള്‍ പുരോഗമിച്ചത്. മേഖലയിലെ സുപ്രധാന ശക്തികളായ റഷ്യയും ചൈനയും താലിബാനുമായി ബന്ധം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ചൈനയും റഷ്യയും നടത്തുന്ന നീക്കം അമേരിക്കയുടെ ഏഷ്യയിലെ സ്വാധീനത്തിന് വലിയ ഇടിവുണ്ടാക്കുമെന്നതാണവസ്ഥ. അമേരിക്കയെ അകറ്റി നിര്‍ത്താന്‍ ചൈനയാണ് താലിബാന് എല്ലാ സഹായങ്ങളും നല്‍കുമെന്ന ഉറപ്പു നല്‍കിയിട്ടുള്ളത്.

അഫ്ഗാന്‍ വിഷയത്തിലെ മദ്ധ്യസ്ഥരെന്ന നിലയില്‍ ഖത്തറിനെയാണ് അമേരിക്ക തുടക്കം മുതല്‍ വിശ്വാസത്തിലെടുത്തത്. അഫ്ഗാന്‍ മുന്‍ ഭരണകൂടത്തിനും താലിബാനും കൂടിക്കാഴ്ച നടത്താനുള്ള ഇടമൊരുക്കിയത് ഖത്തറായിരുന്നു. അഫ്ഗാനില്‍ ഇനി അമേരിക്കയുടെ ഇടപെടലിനെ സംബന്ധിച്ച് ഇതുവരെ മറ്റ് തീരുമാനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നിലവില്‍ നൂറോളം അമേരിക്കന്‍ പൗരന്മാര്‍ അഫ്ഗാനിലുണ്ട്. അതോടൊപ്പം നിരവധി വിദേശരാജ്യങ്ങളുടെ പൗരന്മാരും വിവിധ പ്രവിശ്യകളിലായി ഒറ്റപ്പെട്ട് കിടക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ എംബസ്സികളൊന്നും പ്രവര്‍ത്തിക്കാത്തതിനാല്‍ ഏകോപനം സാദ്ധ്യമാകുന്നില്ലെന്നതാണ് അമേരിക്കയും ഐക്യരാഷ്ട്രസഭയും നേരിടുന്ന വെല്ലുവിളി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.