കോഴിക്കോട്: നിപാ രോഗലക്ഷണമെന്ന് സംശയിച്ച പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവ്. എട്ട് പേരുടെ പരിശോധന ഫലം പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും രണ്ട് പേരുടേത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ ട്രൂനാറ്റ് പരിശോധനയിലുമാണ് നെഗറ്റീവ് ഫലം ലഭിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പരിശോധനയക്കയച്ചതില്‍ മൂന്ന് പേരുടെ ഫലം കൂടി ലഭ്യമാകാനുണ്ട്.
കുട്ടിയുടെ മാതാപിതാക്കളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. മറ്റുള്ള എട്ടു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കൂടുതല്‍ സാംപിളുകള്‍ ഇന്ന് തന്നെ പരിശോധിക്കാന്‍ സാധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എന്‍ഐഡി പുണെയുടേയും മെഡിക്കല്‍ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച ലാബില്‍ അഞ്ച് സാംപിളുകള്‍ പരിശോധിക്കുന്നുണ്ട്. അതിന്റെ ഫലം ലഭിക്കാന്‍ കുറച്ചുകൂടി സമയമെടുക്കും.
ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 48 പേരാണ് മെഡിക്കല്‍ കോളേജിലുള്ളത്. 13 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. മുഴുവന്‍ പേരുടേയും സാംപിളുകള്‍ പരിശോധിക്കാന്‍ സധിക്കുമെന്നും വളരെ അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് നെഗറ്റീവാണെന്നുള്ളത് ഈ ഘട്ടത്തില്‍ ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു.
കോഴിക്കോട്, ചാത്തമംഗലം പാഴൂര്‍ മുന്നൂരിലെ തെങ്ങുകയറ്റത്തൊഴിലാളിയായ വായോളി അബൂബക്കറിന്റെയും ഉമ്മിണിയില്‍ വാഹിദയുടെയും ഏകമകന്‍ മുഹമ്മദ് ഹാഷിം (12) ആണ് നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മുഹമ്മദ് ഹാഷിമിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേര്‍ ഉള്‍പ്പെട്ടതായി മന്ത്രി വീണാ ജോര്‍ജ് പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 38 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്.
മൃഗസംരക്ഷണവകുപ്പ് സംഘം പ്രദേശത്തുനിന്ന് റമ്പൂട്ടാന്‍ പഴങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ വീട്ടിലുള്ള ആടിന്റെ ശ്രവങ്ങളും ശേഖരിച്ചു. വിദഗ്ധ പരിശോധനയ്ക്ക് ഭോപാലില്‍ നിന്നുള്ള എന്‍.ഐ.വി. സംഘം നാളെ എത്തും. ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന മൂന്നു കിലോമീറ്ററിലുള്ള വാര്‍ഡുകളിലും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.