മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിലെത്തിയ ഒരു സെമിനാരിക്കാരന്റെ കഥയാണിത്. ആശുപത്രിയിലെ വിദഗ്ദ പരിശോധനയിൽ മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതായി അറിയാൻ കഴിഞ്ഞു. മരുന്നുകൾ മാറിമാറി കഴിച്ചെങ്കിലും രോഗം മൂർഛിച്ചതല്ലാതെ കുറഞ്ഞില്ല. ദിവസം കഴിയുന്തോറും സ്ഥിതി മോശമായ് വന്നു. ഒടുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ പ്രാണൻ നിലനിർത്തേണ്ട അവസ്ഥയെത്തി. ഡോക്ടർമാർ അദ്ദേഹം മരിച്ചെന്നാണ് വിധിയെഴുതിയത്. ബന്ധുക്കൾ വരാനായി സമയമെടുക്കുന്നതിനാൽ
ശരീരം മോർച്ചറിയിലേക്ക് മാറ്റി. മരിച്ചത് ശെമ്മാച്ചനാണെന്നറിഞ്ഞ് ഒരു കന്യാസ്ത്രി മോർച്ചറിയിലെത്തി. അടുത്തു ചെന്നു നോക്കിയപ്പോഴാണ് ആ ശരീരത്തിൽ ഇനിയും പ്രാണൻ അവശേഷിക്കുന്നുണ്ടെന്നറിയാൻ കഴിഞ്ഞത്. അപ്പോഴേക്കും ശരീരം മോർച്ചറിയിൽ വെച്ചിട്ട് രണ്ടു മണിക്കൂർ കഴിഞ്ഞിരുന്നു. ആ കന്യാസ്ത്രി ആശുപത്രിയധികൃതരെ വിവരമറിയിച്ചു. ബ്രദർ മരിച്ചെന്ന് വിധിയെഴുതിയ ഡോക്ടറുടെ പ്രസ്താവന വേദനിപ്പിക്കുന്നതായിരുന്നു. "ഒരാൾ മരിച്ചെന്ന് ഞാൻ എഴുതിയാൽ അയാൾ മരിച്ചത് തന്നെയാണ്. ഇനി നിങ്ങൾക്ക് വേണമെങ്കിൽ പ്രാണനുവേണ്ടി വീണ്ടും ശ്രമിക്കാം. കുരിശിൽ കിടക്കുന്ന നിങ്ങളുടെ ദൈവത്തിന് അത്ര ശക്തിയുണ്ടെങ്കിൽ അയാൾ ജീവിക്കുന്നത് ഒന്നു കാണട്ടെ!" അവിശ്വാസിയായ ആ ഡോക്ടറുടെ പരിഹാസം ഹൃദയം തകർത്തെങ്കിലും അതൊരു വെല്ലുവിളിയായ് ആ കന്യാസ്ത്രി സ്വീകരിച്ചു. മറ്റ് ഡോക്ടർമാരുടെ സഹായത്തോടെ ചികിത്സ പുനരാരംഭിച്ചു. ക്രൂശിത രൂപത്തിനുമുമ്പിലും ദിവ്യകാരുണ്യ സന്നിധിയിലും ആ സഹോദരനുവേണ്ടി പ്രാർത്ഥനകളുയർന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ആ സഹോദരൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു. 2021 ആഗസ്റ്റിൽ കേരളത്തിനു പുറത്തുള്ള ഒരു രൂപതയിൽ വച്ച് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. അദ്ദേഹം അർപ്പിച്ച ദിവ്യബലിയിൽ പങ്കാളിയാകാൻ കഴിഞ്ഞത് ഒരു സൗഭാഗ്യമായ് ഞാൻ കണക്കാക്കുന്നു. (പേര് വെളിപ്പെടുത്തരുതെന്ന് പറഞ്ഞതിനാൽ സ്വകാര്യതയെ മാനിക്കുന്നു). കുരിശിൽ മരിച്ച നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണെന്ന് ഈ വൈദികന്റെ ജീവിതം തെളിയിക്കുന്നു. "എന്റെ ഓരോ സഹനങ്ങളും എന്റെ വിശുദ്ധീകരണത്തിനായ് ദൈവം ഒരുക്കിയതാണെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്" എന്ന ആ വൈദികന്റെ വാക്കുകൾ നമുക്ക് പ്രചോദനമാകണം. പ്രതിസന്ധികളിൽ പ്രത്യാശ കൈവിടാതെ പ്രാർത്ഥിക്കാൻ കഴിയുന്നവർക്ക് ജീവിത കുരിശുകൾ മഹത്വത്തിലേക്കുള്ള ചവിട്ടുപടികളാകുമെന്ന് നമുക്ക് വിശ്വസിക്കാം. എമ്മാവൂസിലേക്ക് പോയ ശിഷ്യരുടെ കഥ നമുക്കറിയാമല്ലോ? സ്വയം പരാജിതരായ് പ്രഖ്യാപിച്ചായിരുന്നു അവരുടെ യാത്ര. അപ്പോഴും ക്രിസ്തു അവരുടെ കൂടെ നടന്നിരുന്നു (Ref ലൂക്ക 24: 13 -35). പലപ്പോഴും നമ്മുടെ ജീവിതവും അങ്ങനെയാണ്. സഹനങ്ങളിൽ കരുത്ത് നൽകി കൂടെ നടക്കുന്ന ക്രിസ്തുവിനെ നമ്മൾ തിരിച്ചറിയില്ല. വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കുന്ന വേളയിൽ ശിഷ്യരുടെ കൂടെ നടന്ന ഉത്ഥിതൻ നമ്മോടൊപ്പവും നടക്കുന്നുണ്ടെന്ന് തിരിച്ചറിയാം. ഓരോ കുർബാനയിലും അവിടുന്ന് നമുക്കായ് മുറിയപ്പെടുന്നെന്നും ഉയിർക്കപ്പെടുന്നെന്നും വിശ്വസിക്കാം. വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ മംഗളങ്ങൾ!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26