വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യ സ്വീകരണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗര്‍ഭച്ഛിദ്ര അവകാശത്തിനായി വാദിക്കുന്നവര്‍ക്കു ദിവ്യകാരുണ്യം നല്‍കരുതെന്ന നിലപാടിനോടുള്ള തന്റെ പ്രതികരണം അറിയിക്കവേ മാര്‍പാപ്പ പറഞ്ഞു: അത്തരത്തിലുള്ള രാഷ്ട്രീയക്കാരെ അപലപിക്കുന്നതിനു പകരമായി അവരോട് 'അനുകമ്പയും ആര്‍ദ്രതയും' പ്രകടമാക്കുകയാണു വേണ്ടത്.
സ്ലോവാക്യന്‍ സന്ദര്‍ശനത്തിനു ശേഷം വത്തിക്കാനിലേക്കുള്ള മടക്കയാത്രാ മധ്യേ പേപ്പല്‍ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കവേയാണ് ദിവ്യകാരുണ്യ സ്വീകരണ വിഷയത്തില്‍ അനാവശ്യമായ തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കു സ്ഥാനമരുതെന്നും മതപണ്ഡിതന്മാര്‍ രാഷ്ട്രീയത്തെ പ്രവേശിപ്പിക്കരുത് എന്നും പാപ്പ മുന്നറിയിപ്പ് നല്‍കിയത്. ഗര്‍ഭച്ഛിദ്ര അനുകൂല നിലപാടുകള്‍ കാരണം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മറ്റ് രാഷ്ട്രീയക്കാര്‍ക്കും കുര്‍ബാന നിഷേധിക്കണമോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച മുറുകുന്നതിനെക്കുറിച്ചായിരുന്നു ചോദ്യം.
യുഎസ് കേസ് താന്‍ വേണ്ടത്ര പഠിച്ചിട്ടില്ലെന്ന് പാപ്പ പറഞ്ഞു.പുരോഹിതന്മാരും ബിഷപ്പുമാരും അവരുടെ മുമ്പില്‍ വരുന്ന ഒരു പ്രശ്‌നത്തോടും രാഷ്ട്രീയമായി പ്രതികരിക്കരുത്. 'പാസ്റ്ററലായി' മാത്രം പ്രതികരിക്കണം. 'അടുപ്പം, അനുകമ്പ, ആര്‍ദ്രത' എന്നിവയോടെ വിശ്വാസികളെ അനുഗമിക്കാന്‍ അവര്‍ 'ദൈവത്തിന്റെ ശൈലി' ഉപയോഗിക്കണമെന്ന് മാര്‍പാപ്പ പറഞ്ഞു. രാഷ്ട്രീയ അടിസ്ഥാനത്തില്‍ സഭ തത്ത്വങ്ങളെ മുറുകെപ്പിടിക്കുകയും ഒടുവില്‍് മോശമായി അവസാനിക്കുകയും ചെയ്ത കേസുകള്‍ പലതുണ്ടെന്ന് പാപ്പ അനുസ്മരിച്ചു. 'ഒരു വൈദികന്‍ സഭയുടെ ഇടയത്വം ഉപേക്ഷിക്കുകയാണെങ്കില്‍, അയാള്‍ അതോടെ രാഷ്ട്രീയക്കാരനാകും.'
താന്‍ ഒരിക്കലും ആര്‍ക്കും കുര്‍ബാന നിഷേധിച്ചിട്ടില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. അതേസമയം, തനിക്ക് മുന്‍പില്‍ ഗര്‍ഭച്ഛിദ്ര അനുകൂലിയായ ഒരു രാഷ്ട്രീയക്കാരനും ദിവ്യ കാരുണ്യ സ്വീകരണത്തിനു വന്നിട്ടുമില്ല. ഒരിക്കല്‍ ഒരു പ്രായമായ സ്ത്രീക്ക് താന്‍ കുര്‍ബാന നല്‍കിയ ശേഷം, അവള്‍ യഹൂദയാണെന്ന് ഏറ്റുപറയുകയുണ്ടായി.
'പൂര്‍ണ്ണത തികഞ്ഞവര്‍ക്കുള്ള സമ്മാനമല്ല കുര്‍ബാന 'യെന്നും അതിലുപരിയായി 'സഭയിലെ യേശുസാന്നിധ്യത്തിന്റെ സമ്മാനമാണ്' എന്നുമുള്ള തന്റെ വിശ്വാസം പാപ്പ ആവര്‍ത്തിച്ചു.ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന രാഷ്ട്രീയക്കാരന്‍ സഭയ്ക്ക് പുറത്താണോയെന്ന് പറയാന്‍ പാപ്പ വിസമ്മതിച്ചെങ്കിലും, സഭയുമായി അനുരഞ്ജനത്തിലല്ലാത്ത ആര്‍ക്കും കുര്‍ബാന നല്‍കാനാകില്ലെന്ന് വ്യക്തമാക്കി.ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്ന് പാപ്പ പറഞ്ഞു.'അതുകൊണ്ടാണ് ഈ വിഷയത്തില്‍ സഭ വളരെ കര്‍ക്കശമായത്. നിങ്ങള്‍ ഇതിനെ അനുകൂലിക്കുകയാണെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ ദിവസവും കൊലപാതകത്തിന്റെ ഭാഗമായി മാറുന്നുവെന്നാണ്.'
സ്ലോവാക് തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍ നിന്ന് ഹ്രസ്വമായ യാത്രയില്‍ ഫ്രാന്‍സിസ് പാപ്പയ്ക്കു മുന്നില്‍ ഒട്ടേറെ ചോദ്യങ്ങള്‍ നിരത്തി മാധ്യമ പ്രവര്‍ത്തകര്‍. എന്തുകൊണ്ടാണ് ചില ആളുകള്‍ കോവിഡ് -19 വാക്‌സിനുകള്‍ എടുക്കാന്‍ വിസമ്മതിക്കുന്നതെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്നും 'മനുഷ്യത്വത്തിന് വാക്‌സിനുകളുമായി സൗഹൃദത്തിന്റെ ചരിത്രമുണ്ട്' എന്നും അവരെ സഹായിക്കാന്‍ ശാന്തമായ ചര്‍ച്ച ആവശ്യമാണെന്നും പാപ്പ പറഞ്ഞു.വിവാഹം പുരുഷനും സ്ത്രീയും തമ്മിലുള്ള ഒരു കൂദാശയായതിനാല്‍ സ്വവര്‍ഗ വിവാഹം അംഗീകരിക്കാന്‍ സഭയ്ക്ക് കഴിയില്ല. ' ഇതുപോലുള്ള ആളുകളെ അപലപിക്കുക എന്നല്ല ഇതിനര്‍ത്ഥം. അവര്‍ നമ്മുടെ സഹോദരങ്ങളാണ്, നാം അവരെ കൈവിടരുത്.'
.
ആരോഗ്യ സ്ഥിതിയെപ്പറ്റി പാപ്പ പറഞ്ഞതിങ്ങനെ: എത്ര പെട്ടെന്നാണ് സുഖം പ്രാപിച്ചതെന്ന് ആശ്ചര്യപ്പെടുന്നു. ജൂലൈയില്‍ നടന്ന 33 സെന്റീമീറ്റര്‍ (13 ഇഞ്ച്) വന്‍കുടല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ഏറെ സങ്കീര്‍ണ്ണമായിരുന്നു. അത് സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ ആയിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.