സ്ഥിരമായ് പള്ളിയിൽ വന്നുകൊണ്ടിരുന്ന പല വ്യക്തികളും കോവിഡ് ആരംഭിച്ചതിൽ പിന്നെ പള്ളിയിൽ വരാതായി: അവസരങ്ങൾ ഉണ്ടായിട്ടു പോലും.ഒരിക്കൽ യാദൃശ്ചികമായി അവരിലൊരാളെ വഴിയിൽ വച്ച് കണ്ടപ്പോൾ കാര്യം തിരക്കി. അദ്ദേഹത്തിന്റെ മറുപടി എന്നെ അതിശയിപ്പിക്കുന്നതായിരുന്നു. "അച്ചാ സത്യം പറയാലോ ഈശോയെ ഫെയ്സ് ചെയ്യാൻ ബുദ്ധിമുട്ടായതിനാലാണ് പള്ളിയിൽ വരാത്തത്. വിശുദ്ധിക്കെതിരെ പാപങ്ങൾ അനവധി ചെയ്തു കൂട്ടി. ആദ്യമെല്ലാം ഒരു ദിവസം പോലും നഷ്ടപ്പെടുത്താതെ ഓൺലൈൻ കുർബാനയിൽ പങ്കെടുക്കുമായിരുന്നു. ഇപ്പോൾ ആ സമയം പോലും വേറെ എന്തെങ്കിലും വീഡിയോ കണ്ടിരിക്കുകയാണ് പതിവ്. വല്ലാത്ത ഒരു തകർച്ചയിലാണ് ഞാൻ. ഇതിൽ നിന്നും എങ്ങനെ കരകയറണമെന്നറിയില്ല..." ഞാനദ്ദേഹത്തോട് പറഞ്ഞു: "ആദ്യം തന്നെ നന്നായ് ഒരുങ്ങി കുമ്പസാരിക്കുക. പുതിയ തീരുമാനങ്ങൾ എടുക്കുക. പ്രാർത്ഥിക്കാനും വചനം വായിക്കാനും സ്വയം നിർബന്ധിക്കുക. ദൈവം എന്തായാലും ഇടപെടും. ദൈവകൃപ നിറഞ്ഞു കവിയുമ്പോൾ അലസതയുടെയും അശുദ്ധിയുടെയും അരൂപികൾ താനേ വിട്ടുപൊയ്ക്കൊള്ളും..." ഇപ്പറഞ്ഞത് ഒരു വ്യക്തിയുടെ മാത്രം നൊമ്പരമല്ല. വിശ്വാസത്തിൽ ആഴപ്പെട്ടിരുന്ന പലർക്കും ഇക്കാലഘട്ടത്തിൽ ഉണ്ടായ ആത്മീയ മരവിപ്പാണിത്. ക്രിസ്തു ആരാണെന്നും എന്തിന് പ്രാർത്ഥിക്കണമെന്നും വിശുദ്ധ ബലിയിൽ പങ്കെടുക്കണമെന്നുമെല്ലാം അറിഞ്ഞിട്ടും നമുക്കതിന് കഴിയുന്നില്ലെങ്കിൽ അത്രമാത്രം നമ്മൾ തിന്മയുടെ പിടിയിലമർന്നു എന്നു വേണം മനസിലാക്കാൻ. സുവിശേഷത്തിന്റെ ഏടുകളിൽ ക്രിസ്തുവിനെ വ്യക്തമായ് അറിയുന്ന ഒരു പിശാചു ബാധിതനെക്കുറിച്ച് പറയുന്നുണ്ട്. അവൻ ക്രിസ്തുവിനോട് ചോദിക്കുന്നത് ഇങ്ങനെയാണ്: "നസറായനായ യേശുവേ, നീ എന്തിനു ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം. ദൈവത്തിന്റെ പരിശുദ്‌ധന്‍."(ലൂക്കാ 4 : 34) തിന്മ നമ്മെ ഗ്രസിച്ചു കഴിയുമ്പോൾ ദൈവത്തെക്കുറിച്ചുള്ള അറിവുണ്ടെങ്കിലും അവിടുത്തെ ആരാധിക്കാനോ അവിടുത്തോട് പ്രാർത്ഥിക്കാനോ നമുക്ക് കഴിഞ്ഞെന്നു വരില്ല. ദൈവത്തിൽ നിന്ന് അകലാൻ ആയിരിക്കും നമ്മുടെ പരിശ്രമങ്ങൾ. ക്രിസ്തുവിന് മാത്രമെ തിന്മയുടെ ശക്തിയെ ബഹിഷ്ക്കരിക്കാൻ കഴിയൂ എന്ന ബോധ്യത്തോടെ ദൈവത്തോട് കൂടുതൽ ചേർന്ന് നിൽക്കാൻ നമുക്ക് പരിശമിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26