എല്ലാം ഉണ്ടായിട്ടും പിന്നെയും നൊമ്പരപ്പൂക്കൾ

എല്ലാം ഉണ്ടായിട്ടും  പിന്നെയും  നൊമ്പരപ്പൂക്കൾ

"അച്ചാ, മകനുവേണ്ടി പ്രാർത്ഥിക്കണം. അവന്റെ ദുർനടപ്പ് മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു" ഈ വാക്കുകളോടെയാണ് ആ സ്ത്രീ എന്നെ സമീപിക്കുന്നത്. എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ അവർ ഇങ്ങനെ വിവരിച്ചു: "ഞാനൊരു റിട്ടയേഡ് അദ്ധ്യാപികയാണ്. മൂന്നു മക്കളുടെ അമ്മയും. ഏതാനും വർഷങ്ങൾക്കു മുമ്പ് ഭർത്താവ് മരിച്ചു. മക്കളിൽ രണ്ടുപേർക്ക് നല്ല ജോലിയുണ്ട്. എന്നാൽ മൂന്നാമത്തെ മകൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരിക്കുന്നു. അവനെതിരെ പോലീസ് സ്റ്റേഷനിൽ ചില കേസുകളുമുണ്ട്.
പള്ളിയിൽ പോകുകയോ കുടുംബപ്രാർത്ഥനയിൽ പങ്കെടുക്കുകയോ ചെയ്യില്ല. അവനുവേണ്ടി നേർച്ച നേരാത്ത തീർത്ഥാടന കേന്ദ്രങ്ങളില്ല. എല്ലാ വർഷവും നോമ്പും നോക്കും. സമ്പത്തും സൗഭാഗ്യങ്ങളുമെല്ലാം ഉണ്ടായിട്ടെന്തു കാര്യം,ഈ ഒരു മകന്റെ ജീവിതം ഞങ്ങളെയെല്ലാം ദുഃഖത്തിലാഴ്ത്തുകയാണ്..." ആ അമ്മയുടെ വാക്കുകൾ എന്റെ ഹൃദയത്തെയും നൊമ്പരത്തിലാഴ്ത്തി. അവരെ ആശ്വസിപ്പിച്ച് പ്രാർത്ഥിച്ച് പറഞ്ഞയച്ചു. മിക്കവാറും കുടുംബങ്ങളിൽ കാണും ഇങ്ങനെയുള്ള ചില നൊമ്പരങ്ങൾ. ഒരു വ്യക്തിയുടെ പതനം ആ കുടുംബത്തെ മുഴുവനും ദുഃഖത്തിലാഴ്ത്തുന്നു. ഇങ്ങനെയുള്ള അവസരങ്ങളിൽ ഓർക്കാനും പ്രാർത്ഥിക്കാനുമായി ക്രിസ്തു പറഞ്ഞ ഉപമയാണ് കാണാതായ ആടിന്റെ ഉപമ. നേർവഴിക്ക് നടക്കുന്ന തൊണ്ണൂറ്റിയൊമ്പതെണ്ണം ഉണ്ടായിട്ടും ഒരെണ്ണത്തിന്റെ ദുർനടപ്പ് ഇടയനെ വല്ലാതെ വേദനിപ്പിക്കുന്നു. ആ ആടിനെ തേടി അലയുന്ന ഇടയന്റെ ചിത്രം ആരുടെ മനസിനെയാണ് ആകർഷിക്കാത്തത്? (Ref ലൂക്ക 15:1-7). നമ്മുടെ മക്കളോ, സുഹൃത്തുക്കളോ, ബന്ധുക്കളോ, നമുക്ക് പ്രിയപ്പെട്ടവർ ആരെങ്കിലുമൊക്കെ ദൈവത്തിൽ നിന്നകലുമ്പോൾ നഷ്ട ധൈര്യരാകാതെ അവരുടെ തിരിച്ചു വരവിനായ് നമുക്ക് പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.