കുട്ടികള്‍ക്ക് എല്ലാക്കാര്യങ്ങളിലും കൗതുകവും അത്ഭുതവുമാണ്. വീട്ടില്‍ ചെറിയ കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ എളുപ്പത്തില്‍ അങ്ങ് നിയന്ത്രിക്കുക സാധ്യവുമല്ല. എവിടെയൊക്ക പോകും എന്തൊക്കെ എടുക്കും എന്ന് ഒരു പിടിയും കിട്ടില്ല. കാരണം ചെറുപ്രായത്തില്‍ എല്ലാറ്റിനോടും ആശ്ചര്യം കൂടുതലായിരിക്കും. മിക്കവാറും നമ്മള്‍ അവരോട് ഒരു ഭാഗത്തേക്ക് പോകരുത് എന്ന് പറഞ്ഞാല്‍ അവര്‍ ആദ്യം ചെയ്യുന്ന കാര്യം അങ്ങോട്ട് എത്തിപ്പെടാന്‍ ശ്രമിക്കുക എന്നതായിരിക്കും. അതുകൊണ്ടു തന്നെ ഒരുപാട് കാര്യങ്ങളില്‍ നിന്ന് കുട്ടികളെ സുരക്ഷിതരാക്കി സംരക്ഷിച്ച് നിര്‍ത്തുന്നതിനായി വീട്ടിലെ മുതിര്‍ന്ന വ്യക്തികള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ചെറിയ കുട്ടികളുള്ള വീടുകളിലെ വൈദ്യുതി സുരക്ഷയുടെ കാര്യം എപ്പോഴും ശ്രദ്ധയോടെ നോക്കി കാണേണ്ട ഒന്നാണ്. നിങ്ങളുടെ വീടുകളിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്ക് പിന്നിലായി ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കേബിളുകള്‍ മുതല്‍ തെരുവോരങ്ങളില്‍ കാണപ്പെടുന്ന ഇലക്ട്രിക്കല്‍ അധിഷ്ഠിത മുന്നറിയിപ്പ് അടയാളങ്ങള്‍ വരെ കുട്ടികളെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളാണ്. അറിയാതെ ഇതിനടുത്തേക്ക് ചെന്ന് പെട്ട് സ്വയം പരിക്കേല്‍ക്കാതിരിക്കണമെങ്കില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട ചില സുരക്ഷാ അടിസ്ഥാന കാര്യങ്ങള്‍ അവര്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കണം.
അല്ലെങ്കില്‍ വീട്ടിലെ ഏറ്റവും സാഹസികരായ കുട്ടികള്‍ ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകാനുള്ള സാധ്യത കൂടും. വളരെ ലളിതമായ രീതിയില്‍ ചില നടപടികള്‍ കൈക്കൊള്ളുന്നതിലൂടെ നിങ്ങളുടെ വീട്ടിലെ വൈദ്യുത അപകട സാധ്യതകളില്‍ നിന്ന് വീടിനെയും വീട്ടിലെ ചെറിയ കുട്ടികളെയും സുരക്ഷിതമാക്കി മാറ്റി നിര്‍ത്താനും കഴിയും.
നിങ്ങളുടെ കുട്ടികളെ വൈദ്യുത അപകടങ്ങളില്‍ നിന്ന് സുരക്ഷിതരായി നിര്‍ത്താനായി ആദ്യം ചെയ്യേണ്ട മാര്‍ഗം വൈദ്യുതി മൂലമുണ്ടാവുന്ന അപകടങ്ങളെക്കുറിച്ച് ആവര്‍ത്തിച്ച് അവരെ ബോധവല്‍കരിക്കുക എന്നതാണ്. ഇത് വിഢിത്തമായ ഒരു കാര്യമാണെന്ന് തോന്നാമെങ്കിലും, മാതാപിതാക്കള്‍ അവരുടെ കുട്ടികളെ ഇത് പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കണം.
* ഒരു പവര്‍ ഔട്ട്‌ലെറ്റില്‍ വിരലുകള്‍ ഇടരുത് എന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. അതിന്റെ സ്വിച്ച് ഓഫ് ആണെങ്കില്‍ പോലും ഷോക്ക് അടിക്കാനുള്ള സാധ്യതയുണ്ട്.
* ഒരു പവര്‍ ഔട്ട്‌ലെറ്റില്‍ ഒരിക്കലും മറ്റ് വസ്തുക്കള്‍ക്കൊണ്ട് കുത്തിത്തുറക്കാന്‍ നോക്കരുത്.
* ടോസ്റ്ററുകള്‍, ഓവനുകള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയില്‍ നിന്ന് ലോഹ വസ്തുക്കള്‍ കഴിവതും അകറ്റി നിര്‍ത്താന്‍ ഓര്‍മ്മിക്കുക.
* സോക്കറ്റോ അല്ലെങ്കില്‍ പ്ലഗോ അതിനുള്ളിലെ വയറിങ്ങോ പുറത്തു എടുക്കരുത്.
* ഏതെങ്കിലും വൈദ്യുത ഉപകരണങ്ങളില്‍ സ്പര്‍ശിക്കുന്നതിന് മുമ്പ് നിങ്ങളുടെ കൈകളില്‍ വെള്ളം ഇല്ലെന്ന് ഉറപ്പാക്കാം.
* ഒരു ഇലക്ട്രിക്കല്‍ ഉപകരണം വൃത്തിയാക്കുന്നതിന് മുമ്പ് അതിന്റെ കേബിള്‍ അണ്‍പ്ലഗ് ചെയ്യുക.
* ഉപകരണം ഉപയോഗിച്ച് കഴിഞ്ഞാല്‍ പ്ലഗ് സോക്കറ്റുകള്‍ എപ്പോഴും സ്വിച്ച് ഓഫ് ചെയ്യുക.
* ഒരു ഇലക്ട്രിക്കല്‍ കേബിള്‍ എവിടെയെങ്കിലും വിട്ടു കിടക്കുന്നത് കണ്ടാല്‍ ഉടന്‍തന്നെ അത് ഒരു മുതിര്‍ന്നയാളോട് പറയുക.
വീടിനുള്ളില്‍ ആണെങ്കില്‍ പരമാവധി നിയന്ത്രണങ്ങള്‍ വച്ചുകൊണ്ട് ഇലക്ട്രിക്കല്‍ സംബന്ധമായ കാര്യങ്ങളെ കുട്ടികളില്‍ നിന്ന് ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ കഴിയും. എന്നാല്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ കുട്ടികളെ നിരീക്ഷിക്കുക സാധ്യമല്ല. പ്രത്യേകിച്ചും കുട്ടികള്‍ പുറത്തു പോയി കളിക്കുകയും മറ്റും ചെയ്യുന്ന വേളയില്‍ ഓര്‍മയില്‍ വയ്ക്കാനായി കുട്ടികള്‍ക്ക് ചില വൈദ്യുത സുരക്ഷാ ഉപദേശം നല്‍കുന്നത് നല്ലതാണ്. അപകട സാധ്യതകളെക്കുറിച്ച് അവര്‍ക്ക് സൂചന ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. പുറത്ത് പോകുമ്പോള്‍ നിങ്ങളുടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ട ഏറ്റവും സാധാരണമായ സുരക്ഷാ ഉപദേശങ്ങളെ പറ്റി നോക്കാം.
* ലൈറ്റ് പോസ്റ്റുകളിലോ ഇലക്ട്രിക് പോസ്റ്റുകളിലോ കയറാനോ തൊടാനോ ശ്രമിക്കരുത്.
* വൈദ്യുതി ലൈനുകള്‍ക്ക് സമീപം പട്ടം പറത്തരുത്
* ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനുകള്‍ക്ക് അരികില്‍ നിന്ന് എപ്പോഴും മാറിനില്‍ക്കുക.
* ഔട്ട്‌ഡോര്‍ സ്വിച്ച്‌ബോര്‍ഡുകള്‍ തുറക്കാന്‍ ശ്രമിക്കരുത്
* പൊട്ടിവീണതോ ചാഞ്ഞുകിടക്കുന്നതോ ആയ വൈദ്യുതി ലൈനുകളില്‍ നിന്ന് അകന്നുനില്‍ക്കുക.
* യാതൊരു വസ്തുക്കളും വൈദ്യുതി ലൈനിലേക്ക് എറിയരുത്.
* വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള മരങ്ങളില്‍ ഒരിക്കലും തൊടുകയോ കയറുകയോ ചെയ്യരുത്.
* മുന്നറിയിപ്പ് അടയാളങ്ങളുള്ള വലിയ, മെറ്റല്‍ ട്രാന്‍സ്‌ഫോര്‍മര്‍ ബോക്‌സുകളില്‍ ഒരിക്കലും തൊടരുത്.
* വൈദ്യുത അപകടങ്ങളുടെ എല്ലാ മുന്നറിയിപ്പ് അടയാളങ്ങളും അനുസരിക്കുക.
* ഒരു ഇലക്ട്രിക്കല്‍ ഉപകരണത്തില്‍ എന്തോ കുഴപ്പമുണ്ടെന്ന് തോന്നല്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അത് ആരോടെങ്കിലും പറയുക.
നിങ്ങളുടെ വീടിനുള്ളില്‍ ചെയ്യേണ്ട വൈദ്യുത സുരക്ഷാ നുറുങ്ങുകള്‍
കുട്ടികള്‍ക്ക് ഇലക്ട്രിക്കല്‍ സുരക്ഷയെ പറ്റി പറഞ്ഞു കൊടുത്തത് കൊണ്ട് മാത്രമായില്ല. വീടിന് ചുറ്റുമുള്ള ഉപകരണങ്ങള്‍, വയറിംഗ്, പ്ലഗ് സോക്കറ്റുകള്‍ എന്നിവ ഇടയ്ക്കിടെ പരിശോധിക്കേണ്ടത് പ്രധാന കാര്യമാണ്. ഏത് സമയത്തും കുട്ടികള്‍ വീടിന് ചുറ്റുമുള്ള നിരവധി വൈദ്യുത ഉപകരണങ്ങളുമായി ബന്ധപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം ഉപകരണങ്ങള്‍ സുരക്ഷിതമായിരിക്കേണ്ടതിന് മുന്‍ഗണന നല്‍ക്കണം.
> നിങ്ങളുടെ കുട്ടികള്‍ക്ക് എത്തിച്ചേരാനാകാത്തവിധം അകലെയായി പ്ലഗുകളും വയറുകളും സുരക്ഷിതമായി വയ്ക്കുക
> ചൂട് സൃഷ്ടിക്കുന്ന ഉപകരണങ്ങള്‍ക്ക് നല്ല വായുസഞ്ചാരം ഉറപ്പാക്കുക
> എല്ലായ്‌പ്പോഴും ഉപകരണ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക
> എല്ലാ വൈദ്യുത ഉപകരണങ്ങളില്‍ നിന്നും വസ്ത്രങ്ങള്‍ അകറ്റി നിര്‍ത്തുക.
> ഏറ്റവും നീളം കുറഞ്ഞ അളവിലുള്ള എക്സ്റ്റന്‍ഷന്‍ കോഡുകള്‍ മാത്രം ഉപയോഗിക്കുക.
> നിങ്ങളുടെ പവര്‍ ഔട്ട്‌ലെറ്റുകള്‍ തകരാറുണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിച്ചു ഉറപ്പാക്കുക.
> ഏറ്റവും പുതിയ വൈദ്യുത നിലവാരങ്ങള്‍ക്കനുസരിച്ച് നിങ്ങളുടെ വീട് കാലികമാണെന്ന് ഉറപ്പാക്കുക.
> നിങ്ങളുടെ ഹോം കേബിളിംഗും സോക്കറ്റുകളും സുരക്ഷിതമാണോ എന്ന് ഉറപ്പാക്കാനായി വര്‍ഷത്തിലൊരിക്കല്‍ ഒരു വൈദ്യുത സുരക്ഷാ പരിശോധന നടത്താന്‍ ഓര്‍മ്മിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.