വിശുദ്ധ ജാനുവാരിയൂസ്: ബെനെവെന്തോയിലെ ശിരഛേദനം ചെയ്യപ്പെട്ട ബിഷപ്പ്

വിശുദ്ധ ജാനുവാരിയൂസ്:  ബെനെവെന്തോയിലെ ശിരഛേദനം ചെയ്യപ്പെട്ട ബിഷപ്പ്

അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 19

റ്റാലിയന്‍ നഗരമായ നേപ്പിള്‍സില്‍ ജനിച്ച ജാനുവാരിയൂസ് പ്രസിദ്ധനായ അത്ഭുത പ്രവര്‍ത്തകനും ബെനെവെന്തോ രൂപതയുടെ മെത്രാനുമായിരുന്നു.

ഡയോക്ലിസ് ചക്രവര്‍ത്തിയുടെ കാലത്ത് മതപീഡനം കൊടുമ്പരികൊണ്ടിരിക്കെ മിസേനോയിലെ ഡീക്കന്‍ സോസിയൂസ്, പുസുവോയിലെ ഡീക്കന്‍ പ്രോക്കൂളൂസ് തുടങ്ങി ഏതാനും പേരെ അറസ്റ്റു ചെയ്ത് വധിക്കാന്‍ പോകുന്നു എന്നു കേട്ടപ്പോള്‍ ബിഷപ്പ് ജാനുവാരിയൂസ് അവരെ ആശ്വസിപ്പിക്കാന്‍ ചെല്ലുകയും രക്തസാക്ഷിത്വം വരിക്കുകയുമായിരുന്നു.

അവരെ വന്യമൃഗങ്ങള്‍ക്ക് മുന്നിലേക്ക് ഇട്ടുകൊടുത്തെങ്കിലും മൃഗങ്ങള്‍ തൊട്ടില്ല. എന്നാല്‍ പിന്നീട് പുട്ട്യോളിയില്‍ വച്ച് ശിരഛേദനം ചെയ്യപ്പെട്ട അവരുടെ ശരീരങ്ങള്‍ തൊട്ടടുത്തുള്ള നഗരങ്ങളില്‍ സംസ്‌കരിച്ചു. ഇതില്‍, വിശുദ്ധ ജാനുവാരിയൂസിന്റെ തിരുശേഷിപ്പുകള്‍, നേപ്പിള്‍സ് നഗരത്തിന്റെ വിലമതിക്കാനാവാത്ത സ്വത്തായി ഇന്നും അവശേഷിക്കുന്നു.

നേപ്പിള്‍സ് ദേവാലയത്തിലെ ഭണ്ഡാഗാരമെന്ന് വിളിക്കുന്ന കപ്പേളയില്‍ രണ്ട് ഗ്ലാസ് പാത്രങ്ങളില്‍ വിശുദ്ധ ജാനുവാരിയൂസിന്റെ രക്തമുണ്ട്. കഴിഞ്ഞ വര്‍ഷം നേപ്പിള്‍സില്‍ ആര്‍ച്ച് ബിഷപ് ആസ്ഥാനത്തെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധന്റെ രക്തത്തിന്റെ തിരുശേഷിപ്പ് അടങ്ങിയ പേടകം പ്രാര്‍ത്ഥനാപൂര്‍വ്വം ചുംബിക്കുന്ന സമയത്ത് ഉണങ്ങിയ ആ രക്തം പെട്ടെന്ന് ദ്രാവകരൂപം കൈവരിച്ചതു വലിയ വാര്‍ത്തയായിരുന്നു.

വിശുദ്ധ ജാനുവാരിയൂസിന്റെ ഖര രൂപത്തിലുള്ള രക്തം ദ്രവ രൂപത്തിലാകുന്ന അത്ഭുത പ്രതിഭാസം വീണ്ടും

വിശുദ്ധ ജാനുവാരിയൂസിന്റെ ഖര രൂപത്തിലുള്ള രക്തം ദ്രവ രൂപത്തിലാകുന്ന അത്ഭുത പ്രതിഭാസം പതിവ് തെറ്റിക്കാതെ വീണ്ടും ആവര്‍ത്തിച്ചതായി 2020 മെയ് മാസത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പകര്‍ച്ചവ്യാധിക്കിടയില്‍ ദേവാലയത്തില്‍ നടന്ന അത്ഭുതത്തെക്കുറിച്ചുള്ള വാര്‍ത്ത നേപ്പിള്‍സ് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ക്രെസെന്‍സിയോ സെപ്പെ തന്നെയാണ് പുറത്തുവിട്ടത്. വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യമാണ് ഈ അത്ഭുതം സംഭവിക്കുന്നത്.

അത്ഭുതം സംഭവിച്ച ഉടന്‍ തന്നെ കര്‍ദ്ദിനാള്‍ സെപ്പെ അസംപ്ഷന്‍ ഓഫ് മേരി കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും തത്സമയ സംപ്രേഷണം നടത്തുകയും ചെയ്തു. പ്ലേഗ്, കോളറ പോലെയുള്ള മഹാമാരികളില്‍ നിന്നും വിശുദ്ധന്റെ ഇടപെടല്‍ നിരവധി തവണ നഗരവാസികളെ രക്ഷിച്ചിട്ടുണ്ടെന്നും വിശുദ്ധ ജാനുവാരിയൂസ് നേപ്പിള്‍സിന്റെ യഥാര്‍ത്ഥ ആത്മാവാണെന്നും പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ പറഞ്ഞു.

ദിവ്യബലിക്ക് ശേഷം വിശുദ്ധന്റെ അത്ഭുത തിരുശേഷിപ്പുമായി നഗരത്തെ ആശീര്‍വദിച്ചു. അത്ഭുതം നടക്കുമ്പോള്‍ ചുവപ്പ് നിറത്തില്‍ ഉണങ്ങി ഖര രൂപത്തിലിരിക്കുന്ന വിശുദ്ധന്റെ രക്തം അലിഞ്ഞ് ദ്രവ രൂപത്തിലായി തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന പാത്രത്തില്‍ പടരുകയാണ് ചെയ്യുന്നത്.

മൂന്നാം നൂറ്റാണ്ടിലെ മെത്രാനായ വിശുദ്ധ ജാനുവാരിയൂസ് നേപ്പിള്‍സ് നഗരത്തിന്റെ മാധ്യസ്ഥ വിശുദ്ധനാണ്. ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മതപീഡനത്തിനിടയില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്റെ എല്ലുകളും രക്തവും തിരുശേഷിപ്പായി നേപ്പിള്‍സിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. വിശുദ്ധന്റെ നാമഹേതു തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19 നും മെയ് മാസത്തിലെ ആദ്യ ശനിയാഴ്ചയിലും ഡിസംബര്‍ 16 നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്. ഉണങ്ങി കട്ടപിടിച്ച ഈ രക്തം അലിയുന്ന പ്രതിഭാസത്തെ വിവരിക്കുവാന്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഗാപ് ബിഷപ്പായിരുന്ന ആര്‍ണുള്‍ഫ്

2. റോമായിലെ ആക്കൂസിയൂസ്

3. മെറ്റ്‌സ് ബിഷപ്പായിരുന്ന അബ്ബോ

4. ദെസിദേരിയൂസ്

5. സിറിയായിലെ ട്രോമിഫിയൂസ്

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26