ഇരുപത്തിയൊബതാം മാർപാപ്പ വി. മാര്‍സെലിനൂസ് (കേപ്പാമാരിലൂടെ ഭാഗം-30 )

ഇരുപത്തിയൊബതാം മാർപാപ്പ വി. മാര്‍സെലിനൂസ് (കേപ്പാമാരിലൂടെ ഭാഗം-30 )

തിരുസഭയുടെ ഇരുപത്തിയൊമ്പതാമത്തെ തലവനും വി. പത്രോസിന്റെ പിന്‍ഗാമിയുമായി മര്‍സേലിനൂസ് മാര്‍പ്പാപ്പ ഏ.ഡി. 296, ജൂണ്‍ 30-ാം തീയതി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആദ്യകാലത്തെ ഭരണകാലത്തെക്കുറിച്ച് വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളു. എന്നിരുന്നാലും തിരുസഭയുടെ ചരിത്രത്തിലെതന്നെ ഒടുവിലത്തേതും ഏറ്റവും വലിയ മതപീഡനമായിരുന്നു മര്‍സെലിനൂസ് മാര്‍പ്പാപ്പയുടെ ഭരണകാലത്ത് തിരുസഭയ്ക്ക് നേരിടേണ്ടി വന്നത്.

ഡയക്ലീഷ്യന്‍ ചക്രവര്‍ത്തി തന്റെ ഭരണത്തിന്റെ ആരംഭത്തില്‍ ക്രിസ്ത്യാനികളോട് സഹിഷ്ണുത മനോഭാവമാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ഡയക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ ഭാര്യയും ക്രിസത്യാനിയായിരുന്നു. റോമാ സാമ്രാജ്യത്തിന്റെയും തിരുസഭയുടെയും ചരിത്രത്തിലെ തന്നെ നാഴികകല്ലായിരുന്നു. റോമസാമ്രാജ്യത്തിന്റെ ഭരണം സുഗുമമാക്കുവാനായി ഡയക്ലീഷ്യന്‍ ചക്രവര്‍ത്തി സാമ്രാജ്യത്തെ രണ്ടായി വിഭജിച്ച് സാമ്രാജ്യത്തിന്റെ പൗരസ്ത്യഭാഗം തന്റെ അധീനതയിലും പാശ്ചാത്യഭാഗത്തിന്റെ ഭരണചുമതല തന്റെ സഹപ്രവര്‍ത്തകനായ മാക്‌സീമിയനെ ഏല്‍പ്പിക്കുകയും ചെയ്തു.

റോമാസാമ്രാജ്യത്തിലെ ഉന്നതകുലജാതര്‍ റോമന്‍ സാമ്രാജ്യത്തെ ഒരുമിച്ച് നിര്‍ത്തുന്നത് റോമന്‍ ദേവന്‍മാരും റോമന്‍ മതവുമാണെന്നും; ക്രിസ്ത്യാനികളും ക്രിസ്തുമതവും സാമ്രാജ്യത്തിന് എതിരാണെന്നും ക്രമേണെ സാമ്രാജ്യത്തിന്റെ നാശത്തിന് ക്രിസ്ത്യാനികള്‍ കാരണമാകുമെന്നും പ്രചരിപ്പിച്ചു. എന്നിരുന്നാലും ക്രിസ്ത്യാനികളോടുള്ള സഹിഷ്ണുതാ മനോഭാവം കുറച്ചുകാലത്തേയക്കുകൂടി തുടര്‍ന്നുവെങ്കിലും ക്രിസതുമത വിരുദ്ധരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി. ഡയക്ലീഷ്യന്‍ ചക്രവര്‍ത്തി ഏ.ഡി. 300-ല്‍ തന്റെ സൈന്യത്തിലെ ക്രിസ്ത്യാനികളെല്ലാവരും റോമന്‍ ദൈവങ്ങള്‍ക്കു ആരാധനയും ബലിയുമര്‍പ്പിക്കണമെന്ന് ആജ്ഞാപിച്ചു. ഈ കല്പന ലംഘിക്കുന്നവര്‍ക്ക് സൈന്യത്തിലെ സ്ഥാനവും ജീവനും തന്നെ നഷ്ടപ്പെടുമെന്നും അദ്ദേഹം കല്പിച്ചു.

തന്റെ ഗവര്‍ണറായ ഗലേരിയൂസിന്റെ നിര്‍ദേശമനുസരിച്ച് ഏ.ഡി. 303 ഫെബ്രുവരി 03-ാം തീയതി ക്രിസ്ത്യാനികള്‍ക്കെതിരായി ഡയക്ലീഷ്യന്‍ ചക്രവര്‍ത്തി തന്റെ ആദ്യത്തെ ശാസനം പുറപ്പെടുവിച്ചു. പ്രസ്തുത രാജശാസനം വഴി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ നശിപ്പിക്കുവാനും, വിശുദ്ധ ഗ്രന്ഥങ്ങളും വിശുദ്ധ വസ്തുക്കളും റോമന്‍ അധികാരികളെ ഏല്‍പ്പിക്കുവാനും റോമന്‍ ദൈവങ്ങള്‍ക്കു ആരാധനയര്‍പ്പിക്കണമെന്നും ചക്രവര്‍ത്തി കല്പിച്ചു. പ്രസ്തുത നിയമങ്ങള്‍ ലംഘിക്കുന്നവരെ നിര്‍ബന്ധിത അടിമവേലയക്ക് അയക്കുമെന്നും അദ്ദേഹം കല്പ്പിച്ചു. അതേവര്‍ഷം മെയ് മാസത്തില്‍തന്നെ ചക്രവര്‍ത്തിയുടെ ശാസനത്തിലെ രണ്ടും മൂന്നും നിബന്ധനങ്ങള്‍ അനുസരിക്കുവാന്‍ മര്‍സെലിനൂസ് മാര്‍പ്പാപ്പ തയ്യാറായി. ഇപ്രകാരം വിശ്വാസത്യാഗം ചെയതതുമൂലം അദ്ദേഹം തന്റെ സിംഹാസനത്തില്‍നിന്ന് നിഷ്‌കാസിതനായി എന്ന് പാരമ്പര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ പിന്നീട് മര്‍സെലിനൂസ് മാര്‍പ്പാപ്പ ഒരു സിനഡിനു മുന്നില്‍ തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് മനസ്തപിക്കുകയും സഭയുമായി അനുരജ്ഞനപ്പെടുകയും ചെയ്തു എന്നും തുടര്‍ന്ന് ഡയക്ലീഷ്യന്‍ ചക്രവര്‍ത്തിയാല്‍ വധിക്കപ്പെട്ടുവന്നും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ തിരുസഭയുടെ ഔദ്യോഗിക ഡയറക്ടിറിയായ അന്നുവാരിയോ പൊന്തിഫിച്ചിയോ മര്‍സെലിനൂസ് മാര്‍പ്പാപ്പയുടെ മരണതീയതിയാണ് അദ്ദേഹത്തിന്റെ ഭരണകാലത്തിന്റെ സമാപ്തിയായി നിശ്ചയിച്ചിരിക്കുന്നത്. മര്‍സെലിനൂസ് മാര്‍പ്പാപ്പ ഏ.ഡി. 304 ഒക്‌ടോബര്‍ 25-ന് കാലം ചെയ്തു. അദ്ദേഹത്തിന്റെ മരണം രക്തസാക്ഷിത്വമായി പാരമ്പര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിനാല്‍ തിരുസഭ അദ്ദേഹത്തെ രക്തസാക്ഷിയും വിശുദ്ധനുമായി വണങ്ങുന്നു.

മര്‍സെലിനൂസ് മാര്‍പ്പാപ്പയോടൊപ്പം പില്‍ക്കാലത്തെ സഭയുടെ ഭാവി മാര്‍പ്പാപ്പമാരായി തീര്‍ന്ന മാര്‍സെല്ലൂസ്, മെല്‍ക്കിയടെസ്, സില്‍വസ്റ്റര്‍ എന്നീവരും മറ്റു പല വൈദികരും ഡീക്കന്മാരും വിശ്വാസത്യാഗം ചെയ്തു എന്ന് പില്‍ക്കാലത്ത് ഡൊനാറ്റിസ് പാഷണ്ഡികള്‍ ആരോപിച്ചു. എന്നാല്‍ ഇതിന് വ്യക്തമായ തെളിവുകള്‍ നല്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. മാത്രമല്ല മര്‍സെലിനൂസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട മാര്‍സെല്ലൂസ് മാര്‍പ്പാപ്പ തന്റെ മുന്‍ഗാമിയുടെ നാമം മാര്‍പ്പാപ്പമാരുടെ ഔദ്യോഗിക പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. പിന്നീട് സഭാനേതൃത്വം അദ്ദേഹത്തിന്റെ നാമം മാര്‍പ്പാപ്പമാരുടെ പട്ടികയില്‍ വീണ്ടും ചേര്‍ത്തു.

St. Marcellinus succeeded Caius on June 30, 296. Not much is known about his early pontificate, but what is known is that when the Diocletian persecution began in 303, Marcellinus obeyed the orders of the emperor to hand over sacred books and to offer sacrifice to the gods. It is unclear whether he was deposed or voluntarily abdicated. The Annuario Pontificio lists the date of his death as the end of his pontificate. There are reports that Marcellinus repented of his sins and was therefore executed by the emperor. As a result, Marcellinus came to be known as a martyr and his name is listed in the Roman Canon of the Mass. He died on October 25, AD 304

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.