വാവിട്ട വാക്കും കൈവിട്ട കൂട്ടും

വാവിട്ട വാക്കും കൈവിട്ട കൂട്ടും

എന്റെ സുഹൃത്ത് പങ്കുവച്ച അനുഭവം. .അപ്രതീക്ഷിത സമയത്താണ് അദ്ദേഹത്തിൻ്റെ ഭാര്യയ്ക്ക് ക്യാൻസർ പിടിപെടുന്നത്. അധികം സാമ്പത്തികമില്ലാത്ത കുടുംബമാകയാൽ ചികിത്സയ്ക്ക് പണം കണ്ടെത്താൻ അവർ നന്നേ കഷ്ടപ്പെട്ടു. അദ്ദേഹത്തിൽ നിന്നും അവധി പറഞ്ഞ് പണം കടം വാങ്ങിയവരിൽ പലരും അദ്ദേഹത്തെ പിന്നീട് തിരിഞ്ഞു നോക്കാതായി. സ്ഥലം വിൽക്കാമെന്നുവച്ചാൽ
വാങ്ങാൻ വരുന്നവർ പറഞ്ഞത് ' കുറഞ്ഞ വില. രോഗിയായ ഭാര്യയെ സന്ദർശിക്കാൻ വരുന്നവർക്ക് ചായകൊടുക്കാൻ പോലും ബുദ്ധിമുട്ടനുഭവപ്പെട്ടപ്പോൾ ആരും വരാതിരുന്നെങ്കിൽ എന്നു വരെ ആശിച്ച ദിവസങ്ങളുണ്ട്. അദ്ദേഹത്തിന്റെ മാനസികാവസ്ഥ മനസിലാക്കിയ ഭാര്യ ഒരിക്കൽ അദ്ദേഹത്തോട് പറഞ്ഞു: "വീടും സ്ഥലവും വിൽക്കാനോ ആരുടെ മുമ്പിൽ തലകുനിയ്ക്കാനോ ചേട്ടൻ പോകേണ്ട. എന്റെ ആയുസ് ദൈവത്തിൻ്റെ കയ്യിലല്ലേ ... എന്നെ ചികിത്സിച്ച് കടം വരുത്തി വച്ചാൽ നാളെ നമ്മുടെ മക്കളുടെ അവസ്ഥ എന്താകും? ജീവിക്കാൻ എനിക്കാഗ്രഹമുണ്ട് എന്നാൽ മരണത്തെ എനിക്ക് തെല്ലും ഭയമില്ല"ഭാര്യയോട് എന്തു പറയണമെന്നറിയാതെ അയാൾ ദുഃഖിതനായി. ആ ദിവസങ്ങളിലാണ് അയാളെത്തേടി ഒരു വ്യക്തി എത്തുന്നത്. അദ്ദേഹം കുറച്ചധികം പണം അവർക്ക് നൽകികൊണ്ട് ഇങ്ങനെ പറഞ്ഞു: "നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസിലാകുന്നു. ഈ പണം ഉപയോഗിക്കുക. പലിശരഹിത വായ്പയാണ്. ഉള്ളപ്പോൾ തിരിച്ചു നൽകിയാൽ മതി..." ഇത്രയും വിവരിച്ച ശേഷം ഒരു ദീർഘ നിശ്വാസത്തോടെ എന്റെ സുഹൃത്ത് ഇങ്ങനെ തുടർന്നു: "അച്ചനറിയുമോ, പണം നൽകി തിരികെ പോയ വ്യക്തി എന്റെ സഹപാഠിയായിരുന്നു. ഞങ്ങൾ തമ്മിൽ വഴക്കിട്ട് വർഷങ്ങളായി ശത്രുതയിലായിരുന്നു. അവനും കുടുംബവും വിദേശത്ത് സ്ഥിരതാമസമാണ്. നാട്ടിൽ അവധിക്ക് വന്നപ്പോഴാണ് എൻ്റെ ദയനീയ സ്ഥിതി തിരിച്ചറിയുന്നതും പണവുമായ് വന്നതും. അന്നത്തെ അവന്റെ ആ പ്രവൃത്തിയിലൂടെ ഞങ്ങൾ
തമ്മിലുള്ള ശത്രുത ഇല്ലാതായി....." സത്യത്തിൽ ഒരു ദുരന്തമോ, രോഗമോ, അപകടമോ ഒക്കെ വരുമ്പോഴാണ് നമ്മളെ സ്നേഹിക്കുന്നു എന്ന് നമ്മൾ കരുതുന്നവരിൽ എത്രപേർ നമ്മെ സ്നേഹിക്കുന്നുണ്ടെന്ന് നമ്മൾ തിരിച്ചറിയുക. ചിലപ്പോഴെല്ലാം മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതിയാണ് രോഗി സന്ദർശനത്തിനും മൃതസംസ്ക്കാരത്തിനും മറ്റ് ചടങ്ങുകൾക്കെല്ലാം നമ്മൾ പോകുന്നതു തന്നെ. സ്നേഹം അഭിനയത്തിന് വഴിമാറിയ കാലഘട്ടമാണിത്. കൂടെയുണ്ടെന്ന് കരുതുന്നവരിൽ പലരും കൂടെയില്ലായിരുന്നെന്ന് വൈകിയാണ് നമ്മൾ തിരിച്ചറിയുക. ഇവിടെയാണ് ക്രിസ്തുവിന്റെ വാക്കുകൾക്ക് മൂർച്ചയേറുന്നത്: "എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ? സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ചെയ്യുന്നത്‌? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ?" (മത്തായി 5 : 44- 47). ക്രിസ്തുവിന്റെ പ്രബോധനങ്ങളിൽ പ്രാവർത്തികമാക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണിത്. തെറ്റിദ്ധാരണയുടെ പേരിലും വാവിട്ട വാക്കുകളുടെ പേരിലും അസൂയയുടെ പേരിലും പിടിവാശിയുടെ പേരിലുമെല്ലാം
അകന്നുപോയ ചില സൗഹൃദങ്ങളെ ചേർത്തുപിടിക്കാൻ നമുക്ക് പരിശ്രമിക്കാം. അതിനുള്ള കൃപ ദൈവം നമുക്ക് നൽകട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.