ഫലം ചൂടാത്ത പച്ചപ്പുകൾ

ഫലം ചൂടാത്ത പച്ചപ്പുകൾ

വിവാഹമോചനത്തിന്റെ വക്കിലെത്തിയ ദമ്പതികൾ തങ്ങളുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കുവാൻ വരികയുണ്ടായി. പ്രേമ വിവാഹമായിരുന്നിട്ടു പോലും അധികനാൾ കഴിയുംമുമ്പേ ബന്ധം വേർപെടുത്തണമെന്ന വാശിയിലായിരുന്നു ഇരുവരും. ഇവരുടെ ഈ ശാഠ്യത്തിന് പിന്നിലെന്തെന്നറിയാനുള്ള ആകാംക്ഷ മനസിലുദിച്ചു. എന്റെ സംശയത്തിന് വിരാമം കുറിച്ചുകൊണ്ട് യുവാവിങ്ങനെ പറഞ്ഞു: "ശരിയാണ്, ഞങ്ങളുടേത് പ്രേമവിവാഹമായിരുന്നു. എന്നാൽ വിവാഹത്തിനു മുമ്പ് ഞാൻ കണ്ട ആളെയെല്ല വിവാഹശേഷം എനിക്ക് ദർശിക്കാനായത്. ഇവൾ ഒത്തിരി മാറിയിരിക്കുന്നു. എനിക്ക് തെറ്റ് പറ്റിയെന്ന്  ഇപ്പോഴാണ് മനസിലായത്. ഇവളുടെ സൗന്ദര്യം ബാഹ്യമാണെന്നും അകം നിറയെ ദുർഗന്ധമാണെന്നും വൈകിയാണറിഞ്ഞത്. ഇങ്ങനെയുള്ള ഒരുവളുടെ കൂടെ തുടർന്നും ജീവിക്കുക സാധ്യമല്ലല്ലോ?" യുവാവിന്റെ വിവരണം കഴിഞ്ഞപ്പോൾ യുവതിയുടെ ഊഴമായി: "എനിക്കും ഇതു തന്നെയാണ് പറയാനുള്ളത്. വിവാഹത്തിനു മുമ്പ് കണ്ട മനുഷ്യനല്ല ഇയാൾ. അന്നുണ്ടായിരുന്ന സ്നേഹവും കരുതലുമൊന്നും ഇപ്പോഴില്ല. എന്തിനും ഏതിനും അരിശം മാത്രം. ഇയാൾക്ക് വേണ്ടത് ഒരു ഭാര്യയെ അല്ലായിരുന്നെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞത് ഭാഗ്യമായി!" ജീവിതത്തിലെ പച്ചപ്പുകൾ പലതും യാഥാർത്ഥ്യങ്ങളല്ല എന്ന സത്യത്തിലേക്കാണ് ഈ ദമ്പതികളുടെ ജീവിതം വിരൽ ചൂണ്ടുന്നത്. നാം ഏറ്റവും മെച്ചം എന്ന് വിലയിരുത്തുന്ന പല വ്യക്തികളും കുടുംബങ്ങളുമൊന്നും അത്ര നല്ലതല്ലെന്ന് അടുത്തിടപെടുമ്പോൾ മാത്രമാണറിയാൻ കഴിയുക. ഇവിടെയാണ് ക്രിസ്തു ശപിച്ച അത്തിവൃക്ഷത്തിന്റെ കഥ കൂടുതൽ അർത്ഥവത്താകുന്നത്. "വഴിയരികില്‍ ഒരു അത്തിവൃക്‌ഷം കണ്ട്‌ അവന്‍ അതിന്റെ അടുത്തെത്തി. എന്നാല്‍, അതില്‍ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവന്‍ അതിനോടു പറഞ്ഞു: ഇനി ഒരിക്കലും നിന്നില്‍ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്‌ഷം ഉണങ്ങിപ്പോയി" (മത്തായി 21 : 19). ബാഹ്യമായ സൗന്ദര്യവും സമ്പാദ്യവും പെരുമയുമെല്ലാം ഉണ്ടായാലും ക്രിസ്തു ആഗ്രഹിക്കുന്ന പോലെ ഫലം ചൂടാൻ തക്ക സഹന ശക്തിയും പരിത്യാഗവും എളിമയും വിശുദ്ധിയുമില്ലെങ്കിൽ നമ്മൾ പുറമെ പ്രദർശിപ്പിക്കുന്ന പച്ചപ്പുകൾ നമുക്ക് തണലാകില്ലെന്ന യാഥാർത്ഥ്യം മനസിലാക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.