കുരിശും ഈറ്റുനോവും

കുരിശും ഈറ്റുനോവും

ഒരു ക്രിസ്ത്യാനി ഉണരുന്നത് നെറ്റിയിലെ കുരിശുവരയോടെയാണ്. ഉറങ്ങുന്നതും കുരിശു വരയോടെ. ''കുരിശ് വരച്ചിട്ട് കിടക്ക് " എന്ന് മക്കളോട് പറയാത്ത മാതാപിതാക്കളുണ്ടോ? ഒരു ക്രിസ്ത്യാനി ആദ്യമായി പഠിക്കുന്നതും കുരിശു വരയ്ക്കാൻ അല്ലെ? കുരിശ് മാറ്റി നിർത്തിയാൽ പിന്നെ ക്രിസ്ത്യാനിയില്ല. അതു കൊണ്ടല്ലേ വർഗീയ വാദികൾ ദൈവാലയങ്ങൾ ആക്രമിക്കുമ്പോൾ കുരിശ് തകർക്കുന്നതും കുരിശിനെ ആക്ഷേപിക്കുന്നതുമെല്ലാം.

ഇതു പറയാൻ കാരണം സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന ചിത്രങ്ങളും വാർത്തയും കാണാനിടയായതിൻ്റെ നൊമ്പരമാണ്. സംഭമിങ്ങനെയാണ്: താമരശ്ശേരി രൂപതയിലെ കക്കാടംപോയിൽ ഇടവകാതിർത്തിയിൽ ഒരു കുരിശുമലയുണ്ട്. ക്രൈസ്തവർ വിശുദ്ധവാരങ്ങളിലും മറ്റും ഇവിടെ വന്ന് പ്രാർത്ഥിക്കുക പതിവാണ്.

എന്നാൽ കുറെ നാളുകളായി ഇവിടെയെത്തുന്ന യുവജനങ്ങൾ മലയിൽനിന്നുള്ള കാഴ്ചകൾ കാണുന്നതോടൊപ്പം കുരിശിനെയും നിന്ദിക്കുന്ന പ്രവൃത്തികൾ ചെയ്തു വരുന്നതായി വികാരിയച്ചൻ പറയുന്നു. കുരിശിനു ചുറ്റും വേലികെട്ടി വേർതിരിച്ച് 'പ്രവേശനം കർശനമായി നിരോധിച്ചിരിക്കുന്നു' എന്ന ബോർഡ് വച്ചിട്ടും അതൊന്നും തെല്ലും വകവയ്ക്കാതെയാണ് യുവാക്കൾ ഉള്ളിൽ പ്രവേശിക്കുന്നത്.

പക്ഷേ, ഇക്കഴിഞ്ഞ ദിവസം കുരിശിൻ്റെ മുകളിൽ കയറിയ യുവാക്കൾ അതിന് മുകളിൽ നിന്ന് സെൽഫി എടുത്തതിൻ്റെയും നൃത്തം ചെയ്യുന്നതിൻ്റെയും ചിത്രങ്ങൾ പോലിസ് അധികാരികൾക്കു സഹിതം ലഭിച്ചിട്ടുണ്ട്. അവഹേളനം നടത്തിയ ഏഴു യുവാക്കളെ നാട്ടുകാർ പിടികൂടി മഞ്ചേരി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ഇവരിൽ ഭൂരിപക്ഷവും പ്രായപൂർത്തിയാകാത്തവർ ആയതിനാൽ മാതാപിതാക്കളെ വിളിച്ചു വരുത്തി പിഴ ഈടാക്കുകയും ശക്തമായ താക്കീത് നൽകി വിട്ടയക്കുകയുമാണ് പോലിസ് ചെയ്തത്. പ്രായപൂർത്തിയായവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.

സമാന സംഭവങ്ങൾ കഴിഞ്ഞ വർഷങ്ങളിലും ഉണ്ടായിട്ടുള്ള പശ്ചാത്തലത്തിൽ കോഴിക്കോട് പോലീസ് കമ്മീഷണറെയും മറ്റു പോലീസ് മേധാവികളെയും ഇക്കാര്യത്തിൽ സമഗ്രമായ ഇടപെടൽ നടത്തുവാനായി രൂപതയിൽ നിന്നും നടപടി സ്വീകരിച്ചുവരുന്നു. ഇതിൻ്റെ ഭാഗമായി മുഖ്യമന്ത്രിക്കും ജില്ലാ അധികാരികൾക്കും പരാതി നൽകിയിട്ടുണ്ടെന്നാണറിഞ്ഞത്.

ഇത്തരം സംഭവങ്ങൾ ക്രൈസ്തവർക്കെതിരെ വർദ്ധിച്ചു വരുന്നത് ക്രിസ്തു വിശ്വാസികളെല്ലാവരും ആശങ്കയോടെ കാണേണ്ട കാര്യമാണ്. മതങ്ങളിലോ ദൈവത്തിലോ വിശ്വാസമില്ലാത്തവർ മതചിഹ്നങ്ങൾ അവഹേളിച്ച് വിശ്വാസികളെ വ്രണപ്പെടുത്തുന്നത് മതസ്പർദ്ധ വളർത്താനുള്ള ശ്രമമാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ വേണമെന്നും താമരശേരി രൂപത കെ.സി.വൈ.എം. ഉം വിവിധ സംഘടനകളും ആവശ്യപ്പെട്ടുക്കഴിഞ്ഞു.

ക്ഷമിക്കണം പൊറുക്കണം എന്ന് പറയുമ്പോഴും കുറ്റക്കാർ ശിക്ഷിക്കപ്പെടണം എന്നു തന്നെയാണ് അഭിപ്രായം. എന്തെന്നാൽ, "ഇതെല്ലാം ഈറ്റുനോവിൻ്റെ ആരംഭമാണ് " (Ref മത്താ 24:8). ക്രിസ്തുവിനെ ഗർഭം ധരിച്ചവർക്ക് മാത്രമുള്ള ഈറ്റുനോവ്‌ !

ഫാദർ ജെൻസൺ ലാസലെറ്റ് 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26