ഓസ്‌ട്രേലിയയിലെ വീടുകളില്‍നിന്ന് ഗവേഷകര്‍ കണ്ടെത്തിയത്: വീട്ടിലെ പൊടി നിസാരമായി കാണരുതേ

ഓസ്‌ട്രേലിയയിലെ വീടുകളില്‍നിന്ന് ഗവേഷകര്‍ കണ്ടെത്തിയത്: വീട്ടിലെ പൊടി നിസാരമായി കാണരുതേ

സിഡ്‌നി: വീടുകളില്‍ അടിച്ചുവാരുന്ന പൊടിയും ചെളിയും ഇനി വേസ്റ്റ് ബക്കറ്റില്‍ കളയേണ്ട. അതും ഗവേഷണത്തിനായി സ്വീകരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ഒരു സര്‍വകലാശാല. വിചിത്രമെന്നു തോന്നാമെങ്കിലും സംഗതി ഗൗരവമള്ളതാണ്. ഈ പൊടി എവിടെ നിന്ന് വരുന്നു? അവയില്‍ അടങ്ങിയിരിക്കുന്നത് എന്തെല്ലാം തുടങ്ങിയ നിഗൂഡതകള്‍ക്ക് ഉത്തരം കണ്ടെത്തുകയാണ് രഹസ്യം.

സിഡ്‌നി മക്വാരി സര്‍വകലാശാലയാണ് ഇത്തരമൊരു വ്യത്യസ്തമായ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വേസ്റ്റാണെന്നു കരുതി നാം കളയുന്ന പൊടിയില്‍ ഒരുപക്ഷേ പ്രകൃതിയുമായി ബന്ധപ്പെട്ട ഒരുപാടു രഹസ്യങ്ങള്‍ അടങ്ങിയിട്ടുണ്ടാകാമെന്നാണ് ഗവേഷകര്‍ കരുതുന്നത്. നാം ധരിക്കുന്ന വസ്ത്രങ്ങളില്‍ നിന്നുള്ള നാരുകള്‍ മുതല്‍ ചര്‍മ്മത്തില്‍ നിന്നുള്ള മൃതകോശങ്ങള്‍ വരെ പൊടിയില്‍ അടങ്ങിയിട്ടുണ്ട്.

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് അവരുടെ വീടുകളില്‍നിന്നുള്ള പൊടി മക്വാരി സര്‍വകലാശാലയുടെ ഡസ്റ്റ് സേഫ് പ്രോഗ്രാമിലേക്ക് അയയ്ക്കുന്നത്. അടിച്ചുവാരുന്ന പൊടി വേസ്റ്റ് ബക്കറ്റില്‍ കളയുന്നതിനുപകരം, പായ്ക്ക് ചെയ്ത് അയക്കുന്നു. ഗവേഷകര്‍ അത് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. ഓസ്‌ട്രേലിയ മാത്രമല്ല 35 രാജ്യങ്ങളാണ് ഈ പരിപാടിയുടെ ഭാഗമാകുന്നത്.

ചില പൊടികള്‍ സ്വാഭാവിക പരിതസ്ഥിതിയില്‍നിന്ന് ഉണ്ടാകുന്നതാണ്. പാറകള്‍, മണ്ണ് എന്നിവയില്‍നിന്നും ബഹിരാകാശത്തുനിന്നു പോലും പൊടി രൂപപ്പെടുന്നു. ഇതുവരെയുള്ള ഗവേഷണത്തില്‍ ഓസ്‌ട്രേലിയയിലെ 224 വീടുകളില്‍നിന്നു ശേഖരിച്ച പൊടിയില്‍ താഴെക്കൊടുത്തിട്ടുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

1. ട്രെയ്‌സ് മൂലകങ്ങള്‍ (ശരീരത്തിലെ കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍).

2. റേഡിയോ ആക്ടീവ് വസ്തുക്കള്‍

3. ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന ജീനുകള്‍

4. മൈക്രോപ്ലാസ്റ്റിക്

5. പെര്‍ഫ്‌ളൂറിനേറ്റഡ് കെമിക്കലുകള്‍ (കാര്‍പറ്റ്, വസ്ത്രങ്ങള്‍, പത രൂപത്തിലുള്ള അഗ്നിശമനികള്‍ എന്നിവയിലാണ് ഇവ കാണപ്പെടുന്നത്)

പൊടിയില്‍ മൂന്നിലൊന്നും ഉണ്ടാകുന്നത് വീടിനകത്തെ സ്രോതസുകളില്‍ നിന്നാണ്. ബാക്കിയുള്ളവ വായു, വസ്ത്രങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, ഷൂസ് മുതലായവയിലൂടെ പുറത്തുനിന്ന് അകത്തേക്കു കയറുന്നു.



വീടിനുള്ളിലെ പൊടി മാരകമാകുന്നത് എപ്പോള്‍ ?

വീട്ടില്‍ താമസിക്കുന്ന മനുഷ്യരുടെയും വളര്‍ത്തുമൃഗങ്ങളുടെയും ചര്‍മ്മത്തിലെ മൃതകോശങ്ങളും മുടിയും നിരന്തരം പൊടിയിലേക്കു ചേരുന്നു. അഴുകുന്ന പ്രാണികള്‍, ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക്, മണ്ണ് എന്നിവയും അടങ്ങിയിരിക്കുന്നു.

വളര്‍ത്തുമൃഗങ്ങള്‍ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള വിവിധ ജൈവ മലിനീകരണങ്ങള്‍ വീടുകളിലേക്ക് കൊണ്ടുവരുന്നു. ഇവയെ നാം അനിഷ്ടത്തോടെ കാണുമ്പോള്‍ ചില പൊടികള്‍ ശരീരത്തിന് ഗുണം ചെയ്യുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുകയും അലര്‍ജി സാധ്യത കുറയ്ക്കുകയും ചെയ്യും.

പാചകം, തുറന്ന അടുപ്പുകള്‍, വീടിനുള്ളില്‍ പുകവലി എന്നിവ ശരീരത്തിനു ഹാനികരമായ പൊടി സൃഷ്ടിക്കുന്നു. ഇതു വീടിനകത്തെ വായുവിനെയും മലിനമാക്കുന്നു.

അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കു കാരണമാകുന്ന രാസവസ്തുക്കളുടെ ഒരു വലിയ ശേഖരം പൊടിയില്‍ അടങ്ങിയിരിക്കുന്നതായി ഗവേഷണത്തില്‍ കണ്ടെത്തി. യുഎന്നിന്റെ സ്റ്റോക്ക്‌ഹോം കണ്‍വന്‍ഷനില്‍ നിരോധിച്ചിട്ടുള്ള വിഷമയമായ രാസവസ്തുക്കള്‍ വരെ ഇതിലുണ്ട്. അര്‍ബുദം, ജനന വൈകല്യങ്ങള്‍, രോഗപ്രതിരോധ, പ്രത്യുല്‍പാദന സംവിധാനങ്ങളെ താറുമാറാക്കല്‍ എന്നിവയൊക്കെ ഇതിന്റെ അനന്തരഫലങ്ങളാണ്.

വസ്ത്രങ്ങളിലും ഫര്‍ണിച്ചറുകളിലും കീടനാശിനികളിലും ഉപയോഗിക്കുന്ന രാസവസ്തുക്കളും നമ്മുടെ വീടുകളിലെ പൊടിയുമായി കൂടിച്ചേരുന്നു. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍, കുട്ടികളുടെ വസ്ത്രം എന്നിവയില്‍ അടങ്ങിയിരിക്കുന്ന കെമിക്കലായ ഫ്‌ളേം റിട്ടാര്‍ഡന്റുകള്‍ പൊടിയിലേക്ക് ചേര്‍ന്ന് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നു.

വസ്ത്രങ്ങള്‍, പാക്കേജിംഗ്, കാര്‍പറ്റുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയില്‍നിന്നുള്ള മൈക്രോപ്ലാസ്റ്റിക് തരികള്‍ പൊടിയുമായി കലര്‍ന്ന് എളുപ്പത്തില്‍ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്നു. പ്രത്യേകിച്ച് ഇടയ്്ക്കിടെ വായില്‍ കൈ വയ്ക്കുന്ന കുട്ടികളുടെ ഉള്ളിലേക്ക് ഈ മൈക്രോപ്ലാസ്റ്റിക് തരികള്‍ എളുപ്പം പ്രവേശിക്കുന്നു.

പൊടിയില്‍ അടങ്ങിയിരിക്കുന്ന മറ്റൊരു രാസവസ്തുവാണ് പെര്‍ഫ്‌ളൂറിനേറ്റഡ് കെമിക്കലുകള്‍. സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും നോണ്‍-സ്റ്റിക്ക് പാത്രങ്ങളിലും ഉള്‍പ്പെടെയുള്ള നിരവധി ഉല്‍പന്നങ്ങളില്‍ ഇവ ഉപയോഗിക്കുന്നുണ്ട്.

വീടിനു പുറത്തുനിന്നുള്ള പൊടി

നാം തൂത്തുകളയുന്ന പൊടിയുടെ മൂന്നില്‍ രണ്ട് ഭാഗവും വീടിനു പുറത്തുനിന്നാണ് വരുന്നത്. കൃഷിഭൂമി, റോഡ് എന്നിവിടങ്ങളില്‍നിന്നുള്ള മണ്ണും പൊടിയും ഷൂസില്‍ പറ്റിപ്പിടിച്ചോ കാറ്റിലൂടെയോ വീടിനുള്ളിലേക്കു കടക്കാം. വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങള്‍, വാഹനത്തില്‍നിന്നു പുറംതള്ളുന്ന പൊടി, ആസ്ബറ്റോസ് തരികള്‍ എന്നിവയും അകത്തേക്ക് കടക്കുന്നു.



കാട്ടുതീ അന്തരീക്ഷത്തില്‍ അതിസൂക്ഷ്മമായ പൊടി സൃഷ്ടിക്കുന്നു. അതില്‍ വിഷമയമായ ഘടകങ്ങള്‍ അടങ്ങിയിരിക്കാം.

വീടിനു സമീപം ഖനികളോ വ്യവസായശാലകളോ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവയില്‍നിന്നുമുള്ള പൊടിയും കുട്ടികളെ പ്രതികൂലമായി ബാധിക്കും. പൊടിയടിഞ്ഞതും മോശം വായു ഗുണനിലവാരവുമുള്ള വീടുകള്‍ രോഗത്തിന്റെയും മരണത്തിന്റെയും ഉറവിടമാണെന്നു ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

അണുനാശിനികളുടെ അമിതമായ ഉപയോഗം ആന്റിബയോട്ടിക് പ്രതിരോധിക്കുന്ന ജീനുകളുടെ വര്‍ധനയ്ക്കു കാരണമാകുന്നു. ഇതും ഗവേഷകര്‍ പൊടിയില്‍ കണ്ടെത്തി.

പൊടിപടലങ്ങള്‍, പൂമ്പൊടി, വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന അലര്‍ജികള്‍ അഞ്ചിലൊന്ന് ഓസ്‌ട്രേലിയക്കാരെയും ബാധിച്ചതായും പഠനത്തില്‍ കണ്ടെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.