യു.എസില്‍ 2020 ല്‍ കൊലപാതകങ്ങളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ദ്ധനയെന്ന് എഫ്.ബി.ഐ റിപ്പോര്‍ട്ട്

യു.എസില്‍ 2020 ല്‍ കൊലപാതകങ്ങളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ദ്ധനയെന്ന് എഫ്.ബി.ഐ റിപ്പോര്‍ട്ട്


വാഷിംഗ്ടണ്‍: 2019 നെ അപേക്ഷിച്ച് 2020 ല്‍ അമേരിക്കയില്‍ കൊലപാതകങ്ങള്‍ ഏകദേശം 30 ശതമാനം വര്‍ദ്ധിച്ചതായി എഫ്ബിഐ. അക്രമ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട കൂടുതല്‍ കുറ്റവാളികളും ഇരകളും മറ്റേതൊരു പ്രായ വിഭാഗത്തേയും അപേക്ഷിച്ച് 20 നും 29 നും ഇടയില്‍ പ്രായമുള്ളവരാണെന്ന് ഡാറ്റ വ്യക്തമാക്കുന്നു.

1960-കളില്‍ ഡാറ്റ ആദ്യമായി ശേഖരിക്കാന്‍ തുടങ്ങിയതിനുശേഷം എഫ്ബിഐ രേഖപ്പെടുത്തിയ 'ഏറ്റവും വലിയ ഒറ്റ വര്‍ഷത്തെ വര്‍ദ്ധനവ്' കൊലപാതകങ്ങളുടെ കാര്യത്തിലാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.2019 മുതല്‍ 2020 വരെ അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ അഞ്ചു ശതമാനമാണ് കൂടിയത്. അതേസമയം, അതേ കാലയളവില്‍ മൊത്തം കുറ്റകൃത്യങ്ങള്‍ ആറ് ശതമാനം കുറഞ്ഞു.

നാല് വര്‍ഷത്തിനിടെ ആദ്യമായാണ് യുഎസിലെ അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധിച്ചതെന്ന് എഫ്ബിഐയുടെ 2020 -ലെ യൂണിഫോം ക്രൈം റിപ്പോര്‍ട്ടിനോടനുബന്ധിച്ചുള്ള പ്രസ്താവനയില്‍ പറയുന്നു.1,277,696 അക്രമാസക്തമായ കുറ്റകൃത്യങ്ങളാണ് 2020 -ല്‍ രാജ്യത്തു നടന്നത്. 2019 മുതലുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍, കവര്‍ച്ചാ കുറ്റകൃത്യങ്ങളുടെ കണക്ക് 9.3 ശതമാനം കുറഞ്ഞു. പുതുക്കിയ നിര്‍വചന പ്രകാരമുള്ള ബലാത്സംഗ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും 12 ശതമാനം കുറവ് രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം 21,570 കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എഫ്ബിഐയുടെ കണക്കനുസരിച്ച്, ലക്ഷം പേരെ അടിസ്ഥാനമാക്കിയുള്ള കൊലപാതക നിരക്ക് 2020 ല്‍ 6.5 ആയിരുന്നു. 1990 -കളുടെ തുടക്കത്തില്‍ ഈ നിരക്ക് 9.8 ആയി ഉയര്‍ന്നിരുന്നു.കഴിഞ്ഞ വര്‍ഷം രാജ്യവ്യാപക നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ ഏകദേശം 7.6 ദശലക്ഷം പേരെ അറസ്റ്റ് ചെയ്തതായും എഫ്ബിഐ റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ടിനായി ഡാറ്റ സമര്‍പ്പിക്കുന്നത് ആപേക്ഷികമായതിനാല്‍ വിവരങ്ങള്‍ സമഗ്രമായി കണക്കാക്കുന്നില്ല. റിപ്പോര്‍ട്ടില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ള 85 ശതമാനം ഏജന്‍സികളും ഡാറ്റ സമര്‍പ്പിച്ചതായി എഫ്ബിഐ പറയുന്നു. ഡാറ്റ സമര്‍പ്പിക്കാത്ത ചില നഗരങ്ങളില്‍ ന്യൂയോര്‍ക്ക്, ഷിക്കാഗോ, ന്യൂ ഓര്‍ലിയന്‍സ് എന്നിവ ഉള്‍പ്പെടുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.