സ്‌നേഹവും സൗഹൃദവും പങ്കു വച്ച് 92 ാം ജന്മദിനം കൊണ്ടാടി ലതാ മങ്കേഷ്‌കര്‍

സ്‌നേഹവും സൗഹൃദവും പങ്കു വച്ച്  92 ാം  ജന്മദിനം കൊണ്ടാടി ലതാ മങ്കേഷ്‌കര്‍

മുംബൈ: ശബ്ദമാധുര്യം കൊണ്ട് ലോകം കീഴടക്കിയ ലതാ മങ്കേഷ്‌കര്‍ക്ക് ഇന്ന് 92 ാം പിറന്നാള്‍. അടുത്ത ബന്ധുക്കള്‍ക്കും കുടുംബ സുഹൃത്തുക്കള്‍ക്കുമൊപ്പം ലളിതമായിരുന്നു വാനമ്പാടിയുടെ ജന്മദിനാഘോഷം. പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ലതാജി തെളിയിച്ചുകൊണ്ടിരിക്കുന്നു. 93 ലേക്കു കടക്കുമ്പോഴും ഈ അതുല്യ ഗായിക ലോകത്തെ വിസ്മയിപ്പിക്കുന്നു.

ലതാ മങ്കേഷ്‌കര്‍ എന്ന വിശ്വോത്തര ഗായികയെ വാനമ്പാടിയെന്നതിനപ്പുറം എങ്ങനെ വിശേഷിപ്പിക്കുമെന്ന സന്ദേഹത്തിലാണ് ആസ്വാദകലോകം. പ്രായഭേദമെന്യേ ഏതൊരു സംഗീത ആസ്വാദകനെയും ഒരു പോലെ ആകര്‍ഷിക്കുന്ന ആ ഗാനങ്ങള്‍ എക്കാലവും ഇന്ത്യന്‍ സംഗീത ലോകം ആഘോഷമാക്കിയിട്ടുണ്ട്. ശബ്ദ സൗകുമാര്യം കൊണ്ട് ഇതു പോലെ അനുഗൃഹീതയായ വേറൊരു കലാകാരിയെയും ഇന്ത്യന്‍ സംഗീതലോകത്തിനറിയില്ല. കാലഘട്ടങ്ങള്‍ പിന്നിട്ടിട്ടും ലതാജിയുടെ ശബ്ദമാധുര്യം ഇന്നും പുത്തന്‍ അനുഭൂതി സൃഷ്ടിക്കുന്നു.

1929 സെപ്റ്റംബര്‍ 28ന് മധ്യപ്രദേശിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും 5 മക്കളില്‍ മൂത്തയാള്‍. മറാഠി സിനിമയില്‍ ലത മങ്കേഷ്‌കര്‍ പാടിത്തുടങ്ങുന്നത് 13 ാം വയസ്സിലാണ്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് ദാരിദ്ര്യത്തിലായ കുടുംബം പോറ്റാനായി സിനിമയില്‍ അഭിനയിക്കാനും മുതിര്‍ന്നു. ലത 1942 മുതല്‍ 48 വരെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നാല്‍ സംഗീതമാണ് തന്റെ വഴിയെന്നു പിന്നീട് തിരിച്ചറിയുകയായിരുന്നു.



അച്ഛന്റെ മരണശേഷം, കുടുംബസുഹൃത്തായ വിനായക് ദാമോദറാണ് ലതയെ കലാരംഗത്തു കൈപിടിച്ചുയര്‍ത്തിയത്. 1942ല്‍കിതി ഹസാല്‍ എന്ന മറാഠി ചിത്രത്തില്‍ 'നാച്ചുയാഗഡേ, കേലു സാരി 'എന്നതായിരുന്നു ആദ്യഗാനം. എന്നാല്‍, ചിത്രം പുറത്തിറങ്ങിയപ്പോള്‍ ആ പാട്ട് ഒഴിവാക്കപ്പെട്ടു. പിറ്റേവര്‍ഷം ഗജാഭാവു എന്ന ചിത്രത്തില്‍ ആദ്യമായി ഹിന്ദിയില്‍ പാടി.പിന്നീടു പിറന്നത് മഹാ സംഗീത ചരിത്രം.സംഗീതത്തിനു വേണ്ടി കുടുംബ ജീവിതം വേണ്ടെന്നു വച്ച മഹാകലാകാരി 1945 ലാണ് മുംബൈയിലേക്കു താമസം മാറ്റിയത്.

സംഗീതത്തിനുളള ഏതാണ്ട് എല്ലാ പുരസ്‌ക്കാരങ്ങളും ഈ ഗാനവിസ്മയത്തെ തേടി എത്തിയിട്ടുണ്ടെന്ന് പറയാം. 36 ഭാഷകളിലായി നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ ലത ആലപിച്ചു. എല്ലാം സംഗീത പ്രേമികള്‍ക്ക് എക്കാലവും പ്രിയപ്പട്ട ഗാനങ്ങള്‍. എന്നാല്‍ ലത മങ്കേഷ്‌കര്‍ മലയാളത്തില്‍ ഒരേയൊരു ഗാനമാണ് ആലപിച്ചിട്ടുള്ളത്. നെല്ല് എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി സലില്‍ ചൗധരി ഈണം പകര്‍ന്ന 'കദളി കണ്‍കദളി ചെങ്കദളി പൂ വേണോ...' എന്ന ഗാനം.

'ഹെ മേരേ വദന്‍ കേ ലോഗ് 'എന്ന് തുടങ്ങുന്ന ഗാനം ഭാരതീയര്‍ ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ കുറിച്ചുളള ഗാനം ഇത്രയും വികാരതീവ്രമായി ആലപിക്കാന്‍ ലതാജിക്ക് മാത്രമേ കഴിയൂ. മുഹമ്മദ് റഫി, മുകേഷ്, തലത്ത് മെഹമ്മൂദ്, കിഷോര്‍ തുടങ്ങിയ മഹാ ഗായകരുടെയെല്ലാം സ്വരങ്ങളോടു ചേര്‍ന്നും ലത വിസ്മയ സംഗീത പ്രപഞ്ചം തീര്‍ത്തു. ഗായികമാരായ ആശാ ഭോസ്‌ളേയും ഉഷാ മങ്കേഷ്‌കറും ലതയുടെ അനുജത്തിമാരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.