തലയോലപ്പറമ്പ്: മകളുടെ പഠനം... നല്ലൊരു ജോലി... പിന്നിട് വിധി വേട്ടയാടിയ ജീവിതത്തിലെ കഷ്ടതകളില്‍ നിന്നെല്ലാം മോചനം... മകളെ നെഞ്ചോട് ചേര്‍ത്ത് ആ അമ്മ കണ്ട സ്വപ്‌നങ്ങള്‍ക്ക് കൈയ്യും കണക്കുമില്ലായിരുന്നു. ഒരു നിര്‍ധന കുടുബത്തിന്റെയും രോഗിയായ ആ അമ്മയുടെയും ഏക പ്രതീക്ഷയായിരുന്നു സെന്റ് തോമസ് കോളജില്‍ സഹപാഠിയുടെ പ്രണയനൈരാശ്യ ക്രൂരതയാല്‍ കൊല്ലപ്പെട്ട നിഥിനമോള്‍.
വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരയ്ക്കല്‍ ബിന്ദുവിന്റെ ഏക മകളാണ് നിഥിന മോള്‍. അമ്മയും മകളും മാത്രമേ വീട്ടിലുള്ളൂ. അച്ഛന്‍ ഏറെ വര്‍ഷങ്ങളായി അകന്നു കഴിയുകയാണ്.
പലവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ബിന്ദുവിന് വല്ലപ്പോഴുമാണ് ജോലിക്ക് പോകാന്‍ കഴിയുക. ശാരീരിക അവശതകള്‍ ഉള്ളതിനാല്‍ തന്നെ നിത്യജീവിതം പോലും കഷ്ടിച്ചു കടന്നു പോവുകയായിരുന്നു. ജോലിക്ക് പോവുന്നതില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ചാണ് മകളുടെ പഠനവും മറ്റ് ചെലവുകളും നോക്കുന്നത്.
അമ്മയെ സഹായിക്കാനായി നിഥിനയും പാര്‍ട്ട് ടൈം ജോലി നോക്കിയിരുന്നു. പഠനം പൂര്‍ത്തിയാക്കി മകള്‍ നല്ല ജോലി നേടി സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുമെന്ന ബിന്ദുവിന്റെ പ്രതീക്ഷയാണ് മകളുടെ കൊലപാതകത്തില്‍ അസ്തമിച്ചത്.
പത്ത് വര്‍ഷം മുന്‍പാണ് നിഥിനയും അമ്മയും ഇപ്പോഴുള്ള സ്ഥലത്തേക്ക് താമസം മാറിയത്. കഴിഞ്ഞ പ്രളയത്തില്‍ നിഥിനയും അമ്മ ബിന്ദുവും താമസിക്കുന്ന വീട് പൂര്‍ണമായും വെള്ളം കയറി നശിച്ചിരുന്നു. പിന്നീട് വ്യവസായിയായ ജോയ് ആലുക്കാസിന്റെ ഇടപെടലിലൂടെയാണ് ഇവര്‍ക്ക് പുതിയ വീട് ലഭിച്ചത്.
മിടുമിടുക്കി എന്നല്ലാതെ നിഥിനയെക്കുറിച്ച് നാട്ടുകാര്‍ക്ക് മറ്റൊന്നും പറയാനില്ല. നാട്ടുകാരോടെല്ലാം സ്നേഹത്തോടെ ഇടപെടുന്ന പെണ്‍കുട്ടി. നാട്ടിലെ സേവന പ്രവര്‍ത്തനങ്ങളിലെല്ലാം നിഥിനയും പങ്കെടുക്കാറുണ്ടായിരുന്നു. ഇന്ന് രാവിലെ 11.15 ഓടെയാണ് പാല സെന്റ് തോമസ് കോളജ് കാമ്പസില്‍ വച്ച് നിഥിനയെ സഹപാഠിയായ അഭിഷേക് കുത്തിക്കൊലപ്പെടുത്തിയത്. ഫുഡ് ടെക്നോളജി കോഴ്സ് പൂര്‍ത്തിയാക്കിയ നിഥിന കോളജില്‍ പരീക്ഷയ്ക്കെത്തിയതായിരുന്നു.
പരീക്ഷ പാതിവഴിക്ക് നിര്‍ത്തി അഭിഷേക് നിഥിനയെ കാത്തിരുന്നു. ഇരുവരും തമ്മിലുള്ള സംസാരത്തിനിടെ യുവാവ് പെണ്‍കുട്ടിയെ അടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് താഴേക്ക് കിടത്തുകയും ചെയ്തു. തുടര്‍ന്ന് കൈയ്യില്‍ കരുതിയ ചെറിയ കത്തി ഉപയോഗിത്ത് നിഥിനയുടെ കഴുത്ത് മുറിയ്ക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നിഥിനയുടെ മൃതദേഹം വൈകുന്നേരത്തോടെ സംസ്‌കരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.