ന്യൂഡൽഹി: ഡി.എൻ.എ. പരിശോധനയ്ക്ക് താത്പര്യമില്ലാത്തവരെ അതിന് നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഡി.എൻ.എ. പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി പറഞ്ഞു.
ബന്ധം തെളിയിക്കാൻ മറ്റു മാർഗങ്ങളുണ്ടെങ്കിൽ അത് നോക്കണം. എന്നാൽ ഡി.എൻ.എ പരിശോധനയ്ക്ക് ഉത്തരവിടുന്നതിൽനിന്ന് കോടതികൾ സ്വാഭാവികമായി വിട്ടുനിൽക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹരിയാന സ്വദേശികളായ അന്തരിച്ച ത്രിലോക് ചന്ദ് ഗുപ്തയുടെയും സോനാ ദേവിയുടെയും മകനാണെന്നവകാശപ്പെട്ട് സ്വത്തിൽ പങ്കുതേടി അശോക് കുമാർ എന്നയാൾ നൽകിയ പരാതിയെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കോടതിയിലെത്തിയത്. ദമ്പതിമാരുടെ പെൺമക്കളാണ് കേസിലെ എതിർകക്ഷികൾ. ബന്ധം തെളിയിക്കാൻ അശോക് കുമാറിനെ ഡി.എൻ.എ. പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പെൺമക്കൾ ആവശ്യപ്പെട്ടു.
എന്നാൽ അവകാശവാദം തെളിയിക്കാൻ ആവശ്യത്തിന് രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അശോക് കുമാർ എതിർത്തു. പരിശോധനയ്ക്ക് നിർബന്ധിക്കാനാവില്ലെന്ന് വിചാരണക്കോടതി വിധിച്ചു. വിചാരണക്കോടതി വിധി തള്ളി ഹൈക്കോടതി ഡി.എൻ.എ. പരിശോധന നടത്താൻ ഉത്തരവിട്ടു. ഇതിനെതിരേയാണ് സുപ്രീംകോടതിയിലെത്തിയത്.
കക്ഷികളുടെ താത്പര്യം, സത്യം പുറത്തുവരേണ്ടതിന്റെ ആവശ്യകത, സാമൂഹിക- സാംസ്കാരിക പ്രത്യാഘാതങ്ങൾ എന്നിവയെല്ലാം പരിഗണിച്ചുവേണം ഇതുപോലുള്ള കേസിൽ തീരുമാനമെടുക്കാനെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇത്തരം പരിശോധനകൾ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതും വലിയ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണ്. അച്ഛനില്ലാത്തവനായി മുദ്രകുത്തപ്പെടുന്ന അവസ്ഥയുണ്ടായാൽ അയാൾ അനുഭവിക്കുന്ന പ്രശ്നങ്ങളും സ്വകാര്യതാ ലംഘനവും വലുതാണെന്നും സുപ്രീംകോടതി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.