യൗസേബിയൂസ് മാര്‍പ്പാപ്പ (കേപ്പാമാരിലൂടെ ഭാഗം -32)

യൗസേബിയൂസ് മാര്‍പ്പാപ്പ (കേപ്പാമാരിലൂടെ ഭാഗം -32)

തിരുസഭയുടെ മുപ്പത്തിയൊന്നാമത്തെ ഇടയനും വി. പത്രോസിന്റെ പിന്‍ഗാമിയുമായി ഏ.ഡി. 309 (310 അദ്ദേഹം മാര്‍പ്പാപ്പയായി തിരഞ്ഞെുടക്കപ്പെട്ട വര്‍ഷമായി ചില ചരിത്രകാരന്മാര്‍ പറയുന്നു.) ഏപ്രില്‍ 18-ാം തീയതി വി. യൗസേബിയൂസ് മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടു. എന്നിരുന്നാലും നാലു മാസങ്ങള്‍ മാത്രം അവശേഷിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. യൗസേബിയൂസ് മാര്‍പ്പാപ്പയുടെ ഭരണകാലം ഡയക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് വിശ്വാസത്യാഗം ചെയ്തവരുടെ മാനസാന്തരവും തിരുസഭയിലേക്കുള്ള അവരുടെ പുനഃപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രശ്‌നങ്ങളും നിറഞ്ഞവയായിരുന്നു.

തന്റെ മുന്‍ഗാമികളെപ്പോലെ തന്നെ യൗസേബിയൂസ് മാര്‍പ്പാപ്പയും അജപാലനപരമായ സമീപനമാണ് ഇത്തരം സംബോധന ചെയ്യുന്നതില്‍ പ്രകടിപ്പിച്ചത്. യഥാര്‍ത്ഥമായ അനുതാപം പ്രകടിപ്പിച്ചവരെയും തങ്ങളുടെ പാപത്തിന് അനുപാതികമായി പ്രായശ്ചിത്തം ചെയ്തവരെയും സഭയില്‍ പ്രവേശിപ്പിക്കാമെന്ന് അദ്ദേഹവും കല്‍പ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഹിരാക്ലീയൂസ് എന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം യൗസേബിയൂസ് മാര്‍പ്പാപ്പയെയും അദ്ദേഹത്തിന്റെ മുന്‍ഗാമികളെപ്പോലെതന്നെ തന്റെ നിലപാടുകളുടെ പേരില്‍ കുറ്റപ്പെടുത്തുകയും ചെയ്തു.

ഹിരാക്ലിയൂസും കൂട്ടരും വിശ്വാസത്യാഗം ചെയ്തവരെ സഭയില്‍ പുനഃപ്രവേശിപ്പിക്കരുത് എന്ന് വാദിച്ചു. ഇതിനെ തുടര്‍ന്ന് സഭയില്‍ ഉടലെടുത്ത പൊരുത്തക്കേടുകള്‍ അതിരൂക്ഷവും സഭയെതന്നെ ഭിന്നിപ്പിക്കുവാന്‍ പോകുന്നതുമായിരുന്നു. ഇതിനെ തുടര്‍ന്ന് റോമന്‍ ചക്രവര്‍ത്തിയായിരുന്ന മാക്‌സെന്റിയൂസ് സഭാകാര്യങ്ങളില്‍ ഇടപ്പെടുകയും യൗസേബിയൂസ് മാര്‍പ്പാപ്പയെ സിസിലിയിലേക്ക് നാടുകടത്തുകയും ചെയ്തു. നാടുകടത്തപ്പെട്ട് അധികം താമസിയാതെ തന്നെ ഏ.ഡി. 309 (310) ആഗസ്റ്റ് 17-ാം തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ ഭൗതീകശരിരം പിന്നീട് റോമിലേക്ക് കൊണ്ടുവന്ന് വി. കലിസ്റ്റസിന്റെ സിമിത്തേരിയില്‍ അടക്കം ചെയ്തു. തിരുസഭ യൗസേബിയൂസ് മാര്‍പ്പാപ്പയുടെ ഓര്‍മ്മ ഏപ്രില്‍ 17-ാം തീയതി ആചരിക്കുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26