ഡാളസിലെ ഹൈസ്‌കൂളില്‍ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥി ; നാലു പേര്‍ക്കു പരിക്ക്

ഡാളസിലെ ഹൈസ്‌കൂളില്‍ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥി ; നാലു പേര്‍ക്കു പരിക്ക്


ആര്‍ലിംഗ്ടണ്‍(ടെക്‌സസ്): ഡാളസിലെ സ്‌കൂളില്‍ 18 വയസുള്ള വിദ്യാര്‍ത്ഥി സഹപാഠികള്‍ക്കു നേരെ വെടിയുതിര്‍ത്തു. നാല് പേര്‍ക്ക് പരിക്കേറ്റു.തര്‍ക്കത്തെത്തുടര്‍ന്നുള്ള ഏറ്റുമുട്ടലാണ് വെടിവയ്പ്പില്‍ കലാശിച്ചത്.

ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപൊളിറ്റന്‍ പ്രദേശത്തിന്റെ ഭാഗമായ ആര്‍ലിംഗ്ടണിലെ ടിംബര്‍വ്യൂ ഹൈസ്‌കൂളിലാണ് വെടിവയ്പ്പ് നടന്നത്.18 വയസ്സുള്ള തിമോത്തി ജോര്‍ജ് സിംപ്കിന്‍സ് ആണ് വെടി വച്ചതെന്നും തുടര്‍ന്നു വാഹനമോടിച്ചുപോയ ഇയാളെ ഉടന്‍ പിടികൂടാന്‍ കഴിഞ്ഞേക്കുമെന്നും ആര്‍ലിംഗ്ടണ്‍ അസിസ്റ്റന്റ് പോലീസ് മേധാവി കെവിന്‍ കോള്‍ബെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റ നാലില്‍ മൂന്ന് പേരെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. മറ്റൊരാള്‍ ചികിത്സ നിരസിച്ചു.കരുതിക്കൂട്ടിയുള്ള അക്രമമല്ല ഉണ്ടായതെന്നും അദ്ദേഹം അറിയിച്ചു.

ഒന്‍പതാം ഗ്രേഡ് മുതല്‍ 12 -ാം ഗ്രേഡ് വരെയുള്ള ഏകദേശം 1,900 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണ് 2004 ല്‍ പ്രവര്‍ത്തനമാരംഭിച്ച ടിംബര്‍വ്യൂ. ഹ്യൂസ്റ്റണ്‍ ചാര്‍ട്ടര്‍ സ്‌കൂളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരിക്കേറ്റ വെടിവയ്പ്പിന് തൊട്ടുപിന്നാലെയാണ് ടിംബര്‍വ്യൂവിലെ അക്രമം. ടെക്്‌സസിലെ ഏറ്റവും മാരകമായ സ്‌കൂള്‍ വെടിവെപ്പ് നടന്നത് 2018 മെയ് മാസത്തിലാണ്. 17 വയസുകാരന്‍ ഹൂസ്റ്റണിനടുത്തുള്ള സാന്താ ഫെ ഹൈസ്‌കൂളില്‍ വെടിവച്ചുകൊന്നത് 10 പേരെയായിരുന്നു.മിക്കവരും വിദ്യാര്‍ത്ഥികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.