അബുദാബി: ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നാലു റണ്‍സിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്. 142 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റെടുത്ത ബാംഗ്ലൂരിനെ ഹൈദരാബാദ് ആറു വിക്കറ്റ് നഷ്ടത്തില്‍ 137 എന്ന സ്‌കോറിലൊതുക്കി. അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണ്ടപ്പോള്‍ എട്ടു റണ്‍സ് മാത്രമാണ് ബാംഗ്ലൂരിന് നേടാനായത്.
എ ബി ഡിവില്ലിയേഴ്സ് ക്രീസിലുണ്ടായിട്ടും മികച്ച രീതിയില്‍ പന്തെറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ ഹൈദരാബാദിന് മൂന്നാം ജയം നേടിക്കൊടുക്കുകയായിരുന്നു. ഡിവില്ലിയേഴ്സ് 13 പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ വിരാട് കോലിയെ (5) അവര്‍ക്ക് നഷ്ടമായി. പിന്നാലെ നാലാം ഓവറില്‍ ഒരു റണ്ണുമായി ഡാനിയല്‍ ക്രിസ്റ്റിയനും മടങ്ങി. തുടര്‍ന്നെത്തിയ ശ്രീകര്‍ ഭരത്തിനും (12) കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. പിന്നാലെ ക്രീസില്‍ ഒന്നിച്ച ദേവ്ദത്ത് പടിക്കല്‍ - ഗ്ലെന്‍ മാക്സ്വെല്‍ സഖ്യമാണ് ബാംഗ്ലൂര്‍ ഇന്നിങ്സ് ട്രാക്കിലാക്കിയത്. 25 പന്തില്‍ നിന്ന് രണ്ടു സിക്സും മൂന്ന് ഫോറുമടക്കം 40 റണ്‍സെടുത്ത മാക്സ്വെല്‍ 15-ാം ഓവറില്‍ പുറത്തായതോടെ ബാംഗ്ലൂര്‍ പതറി.
പിന്നാലെ 17-ാം ഓവറില്‍ 52 പന്തില്‍ നിന്ന് നാലു ഫോറടക്കം 41 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലിന്റെ ഇഴച്ചില്‍ ഇന്നിങ്സ് റാഷിദ് ഖാന്‍ അവസാനിപ്പിച്ചു. പിന്നാലെ ഒമ്പത് പന്തില്‍ 14 റണ്‍സുമായി ഷഹബാസ് അഹമ്മദും മടങ്ങി. ഒടുവില്‍ അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണ്ടപ്പോള്‍ ഒരു സിക്സര്‍ നേടിയെങ്കിലും ഡിവില്ലിയേഴ്സിനും ബാംഗ്ലൂരിനെ വിജയത്തിലെത്തിക്കാനായില്ല. 38 പന്തില്‍ നിന്ന് അഞ്ചു ഫോറടക്കം 44 റണ്‍സെടുത്ത ജേസണ്‍ റോയിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.