കാനഡയിലെ ഫെഡറല്‍ ജീവനക്കാര്‍ 30 നകം വാക്സിന്‍ എടുക്കണം: ട്രൂഡോ

കാനഡയിലെ ഫെഡറല്‍ ജീവനക്കാര്‍ 30 നകം വാക്സിന്‍ എടുക്കണം: ട്രൂഡോ

ടോറന്റോ:കാനഡയിലെ ഫെഡറല്‍ ജീവനക്കാര്‍ക്കെല്ലാം വാക്സിന്‍ നിര്‍ബന്ധിതമാക്കി ട്രൂഡോ സര്‍ക്കാര്‍ നയം പുറത്തിറക്കി. പൊതുപ്രവര്‍ത്തകര്‍, റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് എന്നിവരെല്ലാം നിര്‍ബന്ധമായും ഈ മാസം അവസാനത്തോടെ കോവിഡ് പ്രതിരോധ കുത്തിവെയ്പ് എടുത്തിരിക്കണം. വാക്സിനെടുക്കാത്തവര്‍ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കേണ്ടി വരുമെന്ന് പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.

ട്രെയിന്‍, കപ്പല്‍, വിമാന യാത്രകള്‍ക്ക് ഒക്ടോബര്‍ 30 നകം വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. വാക്സിനേഷന്‍ എടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായുള്ള സൂചനയുടെ കൂടി അടിസ്ഥാനത്തിലാണ് ഫെഡറല്‍ സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്.പ്രഖ്യാപിച്ച തീയതിക്ക് ശേഷം രണ്ടാഴ്ചയ്ക്കകം വാക്സിനേഷന്‍ ലഭിക്കാതിരിക്കുകയോ എടുക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ജീവനക്കാര്‍ക്ക് ആത്യന്തികമായി ജോലി നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ക്ക് കനേഡിയന്‍ ഹ്യൂമന്‍ റൈറ്റ്സ് ആക്ടിന് കീഴില്‍ വിധേയരാകേണ്ടി വരും.

ശുചീകരണ ജീവനക്കാരെ പോലുള്ള ഫെഡറല്‍ കോണ്‍ട്രാക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരും സര്‍ക്കാര്‍ ഓഫിസുകളിലേക്ക് ജോലിക്കായി പ്രവേശിക്കാന്‍ പൂര്‍ണമായും പ്രതിരോധ കുത്തിവെയ്പ് എടുത്തിരിക്കണം. ഇത്തരത്തിലുള്ള ഏകദേശം 267,000 ജീവനക്കാര്‍ അവരുടെ വാക്സിനേഷന്‍ നില ഒക്ടോബര്‍ 29നകം റിപ്പോര്‍ട്ട് ചെയ്യണം. വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് തൊഴില്‍ ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങളും ലഭിക്കില്ല.



എല്ലാവരേയും സുരക്ഷിതരാക്കാനാണ് നിര്‍ബന്ധിത പ്രതിരോധ കുത്തിവെയ്പ് പ്രഖ്യാപിക്കുന്നതെന്നും ലോക്ഡൗണ്‍ ഒഴിവാക്കാന്‍ പകുതി നടപടികള്‍ മാത്രം സ്വീകരിച്ചാല്‍ പോരെന്നും പ്രധാന മന്ത്രി പറഞ്ഞു. ജീവനക്കാര്‍ വാക്സിനേഷന്‍ തെളിവ് ഹാജരാക്കേണ്ടതില്ലെങ്കിലും സത്യവാങ്മൂലം ന്ലകിയാല്‍ ഏതു സമയത്തും മേലുദ്യോഗസ്ഥര്‍ക്ക് തെളിവ് ആവശ്യപ്പെടാവുന്നതാണ്. കളവാണ് പറയുന്നതെങ്കില്‍ അച്ചടക്ക നടപടികള്‍ക്ക് കാരണമാകും.

ചില പ്രവിശ്യകളില്‍ കോവിഡിന്റെ മാരകമായ പുനരുജ്ജീവനം തടയാന്‍ പ്രതിരോധ കുത്തിവെയ്പ് നിര്‍ബന്ധിതമാക്കണമെന്ന് പൊതുജനാരോഗ്യ അധികാരികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. യോഗ്യരായ കനേഡിയന്‍ ജനസംഖ്യയുടെ 88 ശതമാനം പേര്‍ക്കും ഒരു ഡോസെങ്കിലും വാക്സിന്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. എങ്കിലും വാക്സിന്‍ ഡോസുകള്‍ ധാരാളമുണ്ടായിരിക്കുകയും രോഗബാധിതരുടെ എണ്ണം കൂടുകയും ചെയ്യുമ്പോള്‍ കൂടുതല്‍ പേര്‍ പ്രതിരോധം സ്വീകരിക്കേണ്ടതുണ്ടെന്നു ട്രൂഡോ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.