വിവാദങ്ങൾക്കിടയിൽ തുർക്കിഷ് ലിറ മുങ്ങുന്നു

വിവാദങ്ങൾക്കിടയിൽ തുർക്കിഷ്  ലിറ മുങ്ങുന്നു

വാഷിംഗ്‌ടൺ: തുർക്കിഷ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള നിക്ഷേപകരുടെ ഉത്കണ്ഠ, കൊറോണ വൈറസ് മഹാമാരി , നാറ്റോ സഖ്യകക്ഷികളുമായുള്ള സംഘർഷം എന്നിവയ്ക്കിടയിൽ തുർക്കിഷ് ലിറ ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിലെത്തി.

തുർക്കിയിലെ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കയും സെൻട്രൽ ബാങ്ക് പലിശനിരക്ക് ഉയർത്താൻ വിസമ്മതിച്ചതുമാണ് ഈ വീഴ്ചക്ക് കാരണം എന്നതാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിശകലനം.

ലിബിയ, സിറിയ, സൈപ്രസ്, കോക്കസസ് (അർമേനിയ - അസർബൈജാൻ ) എന്നീ രാജ്യങ്ങളിൽ തുർക്കി എടുക്കുന്ന നിലപാടുകൾ നിക്ഷേപകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. യു‌ എസ്‌ എ യും യൂറോപ്യൻ യൂണിയനുമായുള്ള സംഘർഷങ്ങൾ തുർക്കിഷ് ലിറയെ ദുർബലപ്പെടുത്തുന്ന പുതിയ സമ്മർദ്ദ സ്രോതസുകളാണ്.

നാറ്റോ സഖ്യകക്ഷിയായ തുർക്കി, റഷ്യയുടെ പക്കൽ നിന്നും റഷ്യൻ എസ് -400 വിമാന വിരുദ്ധ പ്രതിരോധ സംവിധാനം വാങ്ങുന്നത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. തുർക്കിയുടെ വ്യാപാര പങ്കാളികളിൽ ഏറ്റവും വലുതാണ് യൂറോപ്യൻ യൂണിയൻ. സൈപ്രസിൽ നിന്ന് വാതകത്തിനായി തുർക്കി നടത്തിയ പര്യവേക്ഷണത്തിൽ നിന്നും പിന്മാറാൻ യൂറോപ്യൻ യൂണിയൻ നേതാക്കൾ തുർക്കിക്ക് കടുത്ത മുന്നറിയിപ്പ് നൽകി.

ഫ്രാൻസിൽ ,സാമുവേൽ പാറ്റിയുടെ ശിരച്ഛേദത്തെ തുടർന്നുണ്ടായ തീവ്രവാദ വിരുദ്ധ നടപടികളിൽ അസ്വസ്ഥനായ തുർക്കി പ്രസിഡണ്ട് എർദോഗാൻ, ഫ്രഞ്ച് പ്രസിഡണ്ടിനെക്കുറിച്ചു മോശം പരാമർശം നടത്തുകയും ഫ്രഞ്ച് ഉല്പന്നങ്ങൾ ബഹിഷ്ക്കരിക്കുവാൻ അറബ് ലോകത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇത് തുർക്കിയും ഫ്രാൻസുമായുള്ള ബന്ധത്തിന് ഉലച്ചിൽ സൃഷ്ടിച്ചു.

അർമേനിയൻ ക്രിസ്ത്യാനികളെ വംശഹത്യ ചെയ്യുവാൻ സിറിയയിൽ നിന്നും ഉള്ള ജിഹാദികളെ തുർക്കി ഉപയോഗിക്കുന്നു എന്ന ആരോപണം യൂറോപ്യൻ യൂണിയൻ തുർക്കിക്കെതിരെ ഉന്നയിക്കുന്നു.

ലിറയുടെ തകർച്ച പ്രതിരോധിക്കാൻ കോടിക്കണക്കിന് ഡോളർ വിൽക്കുന്നത് തുർക്കിയുടെ വിദേശനാണ്യ ശേഖരം കുറച്ചിരിക്കുന്നു. ഈ വർഷം സമ്പദ്‌വ്യവസ്ഥ കുത്തനെ ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുദിനം വർധിക്കുന്ന കൊറോണ വൈറസ് കേസുകളും തുർക്കിയുടെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.