പാകിസ്ഥാന്റെ ആണവായുധം വികസിപ്പിച്ച വിവാദ ശാസ്ത്രജ്ഞന്‍ എ. ക്യു. ഖാന്‍ അന്തരിച്ചു

  പാകിസ്ഥാന്റെ ആണവായുധം വികസിപ്പിച്ച വിവാദ ശാസ്ത്രജ്ഞന്‍ എ. ക്യു. ഖാന്‍ അന്തരിച്ചു


ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ആണവ പദ്ധതിയുടെ പിതാവ് ഡോ. അബ്ദുല്‍ ഖദീര്‍ ഖാന്‍ അന്തരിച്ചു. 85 വയസായിരുന്നു. ഓഗസ്റ്റില്‍ കോവിഡ് ബാധിച്ച എ. ക്യു. ഖാന്റെ ആരോഗ്യ സ്ഥിതി പിന്നീട് മോശമാവുകയായിരുന്നു.ശ്വാസ തടസത്തെ തുടര്‍ന്ന് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

1936 ല്‍ ഇന്ത്യയിലെ ഭോപ്പാലില്‍ ആണ് ഖാന്‍ ജനിച്ചത്.രാജ്യ വിഭജന ശേഷം പാകിസ്ഥാനിലേക്കു പോയി. പാകിസ്ഥാന്‍ ആണവ ബോംബിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. പാകിസ്ഥാനെ ആണവ രാജ്യമാക്കിയതിനെ തുടര്‍ന്ന് ദേശീയ ഹീറോയായി അദ്ദേഹം മാറി. എ ക്യു ഖാന്റെ സേവനം രാജ്യം മറക്കില്ലെന്നും രാജ്യത്തെ രക്ഷിക്കുന്ന ആണവ ആയുധം വികസിപ്പിക്കുന്നതിന് അദ്ദേഹം മുന്നില്‍ നിന്നെന്നും പാക് പ്രസിഡന്റ് ആരിഫ് അല്‍വി ട്വീറ്റ് ചെയ്തു. 'താങ്ങാനാവാത്ത ദുഃഖം, തീരാ നഷ്ടം. എ ക്യു ഖാന്റെ സേവനങ്ങള്‍ എക്കാലവും ബഹുമാനിക്കപ്പെടും. പാക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ ഖാന്‍ നല്‍കിയ സംഭാവനകള്‍ക്ക് രാഷ്ട്രം കടപ്പെട്ടിരിക്കുന്നു'-പ്രതിരോധ മന്ത്രി പര്‍വേഷ് ഖട്ടക് രേഖപ്പെടുത്തി.

ഇറാന്‍, ലിബിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുമായി നിയമവിരുദ്ധമായി ആണവ രഹസ്യം പങ്കുവെച്ചെന്ന ആരോപണം എ ക്യു ഖാനെതിരെ ഉയര്‍ന്നിരുന്നു. 2004ല്‍ ഖാനെ വീട്ടുതടങ്കില്‍ വെച്ചു. പിന്നീട് കുറ്റം ഏറ്റുപറഞ്ഞതോടെ അന്നത്തെ പാക് പ്രസിഡന്റ് പര്‍വേഷ് മുഷാറഫ് മാപ്പ് നല്‍കുകയായിരുന്നു. കൂടാതെ കോടതി വിധി അനുകൂലമായതോടെ 2009ല്‍ വീട്ടുതടങ്കില്‍ നിന്ന് ഖാന്‍ മോചിതനായി. 2006ല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ചെങ്കിലും സുഖം പ്രാപിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.