അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 16
ചരിത്രം മറന്നുപോയ നവോത്ഥാന നായകനായിരുന്നു അധസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി അവര്‍ക്കൊപ്പം ജീവിച്ച ഫാ. അഗസ്റ്റിന്‍ തേവര്‍പറമ്പില്‍ എന്ന 'കുഞ്ഞച്ചന്‍.'
ജാതിമത ചിന്തകള്‍ക്കതീതമായി സമൂഹത്തിലെ നാനാജാതി മതസ്ഥരായ ജനവിഭാഗത്തിന്റെ സമഗ്രമായ ഉന്നമനത്തിനായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഭാരത സഭയില്‍ രൂപതാ വൈദികരില്‍ നിന്നും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട് അള്‍ത്താരയില്‍ ആദരിക്കപ്പെടുന്ന ആദ്യത്തെ വൈദികനാണ് കുഞ്ഞച്ചന്‍.
രാമപുരം കുഴുമ്പില്‍ തറവാടിന്റെ ഒരു ശാഖയായ തേവര്‍പറമ്പില്‍ കുടുംബത്തില്‍ 1891 ഏപ്രില്‍ ഒന്നിന് കുഞ്ഞച്ചന്‍ ജനിച്ചു. തേവര്‍പറമ്പില്‍ ഇട്ടിയേപ്പു മാണി - ഏലീശ്വാ ദമ്പതികളുടെ അഞ്ചാമത്തെ കുട്ടി. മാമ്മോദീസായില്‍ ഇടവക മധ്യസ്ഥന്റെ പേരു നല്‍കി വളര്‍ത്തിയ കുട്ടിയെ 'കുഞ്ഞാഗസ്തി' എന്നാണ് വിളിച്ചിരുന്നത്.
കുഞ്ഞച്ചന്റെ പ്രാഥമിക വിദ്യാഭ്യാസം കളരിയില്‍ ആയിരുന്നു. അതിനുശേഷം അദ്ദേഹം മാന്നാനം സെന്റ് എഫ്രേം ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തുകയും തുടര്‍ന്ന് 1913 ല്‍ ചങ്ങനാശേരി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. ഇന്നത്തെ മംഗലപ്പുഴ സെമിനാരിയുടെ തുടക്കമായിരുന്ന പുത്തന്‍പള്ളി സെമിനാരിയിലായിരുന്നു വൈദിക പരിശീലനം പൂര്‍ത്തിയാക്കിയത്.
1921 ഡിസംബര്‍ 17 ന് വൈദികപ്പട്ടം സ്വീകരിച്ച കുഞ്ഞച്ചന്‍ ആദ്യം സ്വന്തം ഇടവകയില്‍ സേവനമനുഷ്ഠിച്ചു. 1923ല്‍ കടനാട് ഇടവക പള്ളിയില്‍ അസിസ്റ്റന്റ് ആയി നിയമിക്കപ്പെട്ടു. പ്രാര്‍ത്ഥനാ ചൈതന്യവും ആത്മീയ നിഷ്ഠയും സേവന സന്നദ്ധതയും കുഞ്ഞച്ചന്റെ സ വിശേഷതകളായിരുന്നു. 1926 ല്‍ അസാധാരണമായ ഒരു പനി പിടിപെട്ട് കുഞ്ഞച്ചന്‍ കിടപ്പിലായി.
ചികിത്സയ്ക്കായി ഇടവക ജോലിയില്‍ നിന്നു വിമുക്തനാക്കി എറണാകുളത്ത് ആശുപത്രിയില്‍ കൊണ്ടുപോയി. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്കു ശേഷം സുഖപ്പെട്ടെങ്കിലും ക്ഷീണിതനായിരുന്ന കുഞ്ഞച്ചനെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് രാമപുരത്തെ ഇടവക പള്ളിയില്‍ വിശ്രമത്തിനായി താമസിപ്പിച്ചു.
രാമപുരത്തേക്കുള്ള അച്ചന്റെ തിരിച്ചുവരവ് ജീവിതത്തിലെ തന്നെ ഒരു വഴിത്തിരിവായിരുന്നു. വൈദിക ജീവിതത്തില്‍ പാവപ്പെട്ടവര്‍ക്കായി സ്വയം സമര്‍പ്പിക്കാനുള്ള പ്രത്യേകിച്ചൊരു ദൈവികാഹ്വാനം ഈ കാലഘട്ടത്തില്‍ അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ നാട്ടിലും പരിസര പ്രദേശങ്ങളിലുമുള്ള ദരിദ്രരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായവരുടെ സുവിശേഷവത്ക്കരണത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കാനുള്ള വിളിയായിരുന്നു അത്. അവിടെ നിന്നാണ് ഒരു വലിയ മിഷനറിയെ സഭയ്ക്ക് ലഭിക്കുന്നത്.
അദ്ദേഹം രോഗബാധിതനായി കഴിയവേയാണ് ഇടവകയില്‍ വാര്‍ഷിക ധ്യാനം നടക്കുന്നത്. ഇടവക ജനങ്ങളില്‍ ചിലര്‍ തങ്ങളുടെ പറമ്പില്‍ പണിയെടുക്കുന്ന താഴ്ന്ന ജാതിക്കാരേയും ദൈവവചനം ശ്രവിക്കാനും അതുവഴി മാനസാന്തരത്തിലേക്കും മാമോദീസ സ്വീകരിക്കുന്നതിലേക്കും കടന്നുവരാന്‍ അനുവദിച്ചത് ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു.
ഏകദേശം 200 ഓളം പേര്‍ മാമോദീസ സ്വീകരിക്കുകയും അവരുടെ ആത്മീയകാര്യങ്ങള്‍ അന്വേഷിക്കാനുളള ചുമതല വികാരിയച്ചന്‍ കുഞ്ഞച്ചനെ ഏല്‍പിക്കുകയുമായിരുന്നു. അതോടുകൂടി ഭാരതത്തില്‍ ഒരു 'വിജാതീയരുടെ അപ്പസ്തോലന്‍' ജനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മഹത്വമറിയാന്‍ അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയറിയണം.
ജാതിവ്യവസ്ഥയും അയിത്തവും അടിമത്തവും ചൂഷണവും അനുഭവിച്ചിരുന്ന 'ദൈവത്തിന്റെ മക്കള്‍' എന്ന ഓമനപ്പേരിലറിയപ്പെട്ടിരുന്ന ഹരിജനങ്ങളുടെ ജീവിതാവസ്ഥ അചിന്തനീയമായിരുന്നു. താഴ്ന്ന ജാതിക്കാര്‍ വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും സാമ്പത്തികമായും വളരെയേറെ അധ:പതിച്ചിരുന്ന അക്കാലത്ത് അവര്‍ സവര്‍ണരുടെ സ്വത്തിന്റെ ഭാഗം മാത്രമായിരുന്നു.
വേണ്ടത്ര ആഹാരമോ നഗ്നത മറക്കാന്‍ ആവശ്യമായ വസ്ത്രമോ സ്വന്തമായി ഒരു തുണ്ടു ഭൂമിപോലുമോ ഇല്ലാതിരുന്ന ഇത്തരക്കാരുടെ ഇടയിലേയ്ക്കാണ് 'ബന്ധിതര്‍ക്കു മോചനവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും' നല്‍കുന്ന സുവിശേഷ ചൈതന്യവുമായി കുഞ്ഞച്ചന്‍ ഇറങ്ങിച്ചെന്നത്.
ദളിതരുടെ മാടങ്ങളെ സക്രാരിയായിക്കണ്ട അദ്ദേഹം ഹരിജനങ്ങളില്‍ ദൈവത്തെ കണ്ടു. അന്തസും ആത്മാഭിമാനവും സംസ്‌കാരവും അവര്‍ക്കു പകരാന്‍ സ്വന്തം ജീവിതം മാറ്റിവച്ചു. ദളിതര്‍ക്ക് വിദ്യാഭ്യാസം നല്‍കുവാനും അവരുടെ ദാരിദ്ര്യമകറ്റുവാനും അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കാനും ബഹുഭാര്യാത്വം അവസാനിപ്പിക്കുവാനും കുടുംബ ഭദ്രത ഉറപ്പിക്കുവാനും അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു.
ദളിത് ജനവിഭാഗത്തിനു പേരും മേല്‍വിലാസവും ഉണ്ടാക്കിക്കൊടുത്ത കുഞ്ഞച്ചന്‍ 'ദളിത് മുപ്പന്‍' പോലുള്ള സ്ഥാനം നല്‍കി അവരെ അധികാര ശ്രേണിയിലേക്ക് ഉയര്‍ത്തി. ഇന്നത്തെ കുടുംബശ്രീ പദ്ധതികള്‍ക്ക് എത്രയോ മുമ്പുതന്നെ 1927 ല്‍ 'പുതുക്രൈസ്തവ പരസ്പര സഹായസംഘം' തുടങ്ങിയ കുഞ്ഞച്ചന്‍ ലഘുനിക്ഷേപ പദ്ധതിയും കലാവേദിയും ഉള്‍പ്പെടെ നിരവധി പ്രസ്ഥാനങ്ങള്‍ ആരംഭിച്ചു.
ക്രിസ്തുമതം സ്വീകരിച്ച ഹരിജനങ്ങള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും അന്നത്തെ സര്‍ക്കാര്‍ നിഷേധിച്ചപ്പോഴും സന്മാര്‍ഗത്തിന്റെയും സംസ്‌കാര സമ്പന്നതയുടെയും പാതയിലൂടെ നയിച്ച് അവരെ സമുദ്ധരിക്കാന്‍ കുഞ്ഞച്ചന്‍ അഹോരാത്രം പ്രയത്‌നിച്ചു. പൊക്കമില്ലാതിരുന്ന അഗസ്റ്റിനച്ചനെ ദളിതരാണ് ആദ്യം 'കുഞ്ഞച്ചന്‍' എന്ന് വിളിച്ചത്.
അവര്‍ണരോടുള്ള സവര്‍ണരുടെ മനോഭാവം മാറ്റിയെടുക്കുന്നതിലും കുഞ്ഞച്ചന്‍ ശ്രദ്ധിച്ചിരുന്നു. താഴ്ന്ന ജാതിക്കാര്‍ വെറും അടിമകളോ, തങ്ങളുടെ സുഖത്തിനുള്ള ഉപകരണങ്ങളോ അല്ല. അവര്‍ക്കും മഹത്വമുണ്ട് എന്ന് സവര്‍ണരെ ബോധ്യപ്പെടുത്താനും കുഞ്ഞച്ചന്‍ നിരന്തരം ശ്രമിച്ചിരുന്നു.
കുടുംബ ബന്ധങ്ങളുടെ സംരക്ഷകനായിരുന്നു കുഞ്ഞച്ചന്‍. ചെറിയ കാര്യങ്ങളില്‍ ഉലഞ്ഞു പോയ കുടുംബ ബന്ധങ്ങളെ സ്നേഹത്തിന്റെയും സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും കഥകള്‍ പറഞ്ഞ് അദ്ദേഹം ഒന്നിപ്പിച്ചു. ഭര്‍ത്താവിനെ വിട്ടുപോയ സ്ത്രീയെ തിരികെ കൊണ്ടു വരാന്‍ 25 കിലോ മീറ്ററോളം നടന്നുപോയ സംഭവം അതിനുദാഹരണമാണ്.
വാര്‍ധക്യ സഹജമായ അവശതമൂലം 1973 ഒക്ടോബര്‍ 16 ന് അദ്ദേഹം നിര്യാതനായി. 2006 ഏപ്രില്‍ 30 ന് ധന്യന്‍ തേവര്‍പറമ്പില്‍ കുഞ്ഞച്ചനെ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. അടിമാലി സ്വദേശിയായ ഗില്‍സ എന്ന ബാലന്റെ ജന്മനാ വളഞ്ഞിരുന്ന കാല്‍പാദം ധന്യന്‍ കുഞ്ഞച്ചന്റെ മധ്യസ്ഥതയാല്‍ അത്ഭുതകരമായി സാധാരണ നിലയിലായി എന്ന സാക്ഷ്യം കണക്കിലെടുത്താണ് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ചേര്‍ക്കാനുള്ള നിര്‍ദ്ദേശം അംഗീകരിച്ചത്.
രാമപുരം സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളും പൗരോഹിത്യ സ്വീകരണത്തിന്റെ ശതാബ്ദിയും ഇന്ന് ആചരിക്കും.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. കൊഹോഴ്‌സ്ബിഷപ്പായിരുന്ന അംബ്രോസ്‌മെ
2. ഔസ്‌ട്രെഷായിലെ ബാള്‍ഡെറിക്
3. ക്യൂണിയിലെ അനസ്റ്റാസിയൂസ്
4. ലാവോണിലെ ബാള്‍ഡവിന്‍
5. ബെര്‍ക്കാരിയൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.