ഇന്ത്യക്കാരായ അഞ്ച് പെണ്‍കുട്ടികള്‍ക്ക് അമ്മയായി യുഎസ് വനിത

ഇന്ത്യക്കാരായ അഞ്ച് പെണ്‍കുട്ടികള്‍ക്ക് അമ്മയായി യുഎസ് വനിത

ഇന്ത്യക്കാരായ അഞ്ച് പെണ്‍കുട്ടികളെ ദത്തെടുത്ത് യുഎസ് വനിത. ക്രിസ്റ്റന്‍ ഗ്രേ വില്യംസ് എന്ന യുവതിയാണ് അഞ്ച് പെണ്‍കുട്ടികള്‍ക്ക് അമ്മയായി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. തന്റെ 39-ാമത്തെ വയസിലാണ് കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയതെന്ന് ക്രിസ്റ്റന്‍ ഗ്രേ പറയുന്നു.

അമ്മയാവുക എന്നത് മനസില്‍ എപ്പോഴും ഉണ്ടായിരുന്ന ആഗ്രഹമായിരുന്നു. പങ്കാളി ഇല്ലാതിരുന്നതിനാല്‍ ഇത് നഷ്ടപ്പെടരുതെന്നും ആഗ്രഹിച്ചു. അനാഥാലയത്തില്‍ കഴിയുന്നതിനെക്കാള്‍ കുട്ടികള്‍ ഏറെ സന്തോഷത്തോടെയാകും വീട്ടിലെ അന്തരീക്ഷത്തില്‍ കഴിയുക എന്നും അവര്‍ പറഞ്ഞു.
ഹ്യൂമന്‍സ് ഓഫ് ബോംബയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്റ്റന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സിംഗിള്‍ മദര്‍ ആയിരുന്നതിനാല്‍ കുട്ടികളെ ദത്തെടുക്കുന്ന കാര്യത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. യുഎസിന് പുറമെയുള്ള രാജ്യങ്ങളിലേക്ക് അവരുടെ അന്വേഷണം നീണ്ടു.

ദത്തെടുക്കല്‍ നടപടിയ്ക്കായി നേപ്പാളിലേക്ക് അപേക്ഷ നല്‍കി കാത്തിരുന്നു. 28000 ഡോളര്‍ പണവും കൈമാറി. എന്നാല്‍, യു.എസ് ഡിപാര്‍ട്മെന്റ് ഓഫ് സ്റ്റേറ്റ് നേപ്പാളില്‍ നിന്നുള്ള ദത്തെടുക്കല്‍ നടപടി തടയുകയാണ് ചെയ്തത്. പണം പോയത് അല്ലായിരുന്നു പ്രശ്‌നം, കുഞ്ഞിനെ ലഭിക്കാതിരുന്നതായിരുന്നു ഏറെ വിഷമിപ്പിച്ചതെന്നും ക്രിസ്റ്റന്‍ പറഞ്ഞു.

പ്രതീക്ഷ കൈവിടാതെ അവര്‍ വീണ്ടും കാത്തിരുന്നു. ഒരു ദിവസം ഇന്ത്യയിലെ ദത്തെടുക്കല്‍ ഏജന്‍സിയില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. ഇന്ത്യയില്‍ നിന്ന് കുഞ്ഞിനെ ദത്തെടുക്കാന്‍ തടസങ്ങളൊന്നും ഇല്ലെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോളായിരുന്നു അത്. എന്നാല്‍, ഒരു നിബന്ധന ഉണ്ടായിരുന്നു. പ്രത്യേക പരിഗണന ആവശ്യമുള്ള കുഞ്ഞിനെ മാത്രമെ ദത്തു നല്‍കൂ എന്നതായിരുന്നു അത്.

ആ ഫോണ്‍ വന്ന ശേഷം ഏറെ സന്തോഷമായിരുന്നു. തൊട്ടുപിന്നാലെ മറ്റൊരു ഫോണ്‍കോള്‍ കൂടി അവരെ തേടിയെത്തി. അത് അവരുടെ അമ്മയായിരുന്നു. താന്‍ ഭിന്നശേഷിക്കാരിയായ ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ പോകുന്നുവെന്ന് അമ്മയോട് ക്രിസ്റ്റന്‍ പറഞ്ഞു.

രണ്ടാഴ്ച്ച കഴിഞ്ഞാണ് കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞത്. മുന്നി എന്നാണ് കുട്ടിയുടെ പേര്. പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒരു കുട്ടിയാണവള്‍. മുന്നിയുടെ പെരുമാറ്റ രീതിയില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ മുന്നിയുടെ മുഖത്തെ ആ ചെറു പുഞ്ചിരി തന്നെ ആകര്‍ഷിച്ചിരുന്നുവെന്നും അങ്ങനെ അവളെ ദത്തെടുക്കാന്‍ തീരുമാനിച്ചുവെന്നും ക്രിസ്റ്റന്‍ പറഞ്ഞു.

2013 ലാണ് മുന്നി ക്രിസ്റ്റന്റെ കൈകളിലെത്തുന്നത്. ഒരു വാലന്റൈന്‍സ് ദിനമായിരുന്നു അത്. മുന്നി വളര്‍ന്നപ്പോള്‍ അവള്‍ക്കൊരു കൂട്ട് വേണമെന്ന് തോന്നി. അങ്ങനെയാണ് രണ്ടാമത്തെ കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിച്ചത്.

അങ്ങനെ ഒരു ഏജന്റ് വിളിക്കുകയും 22 മാസം പ്രായമുള്ള ഒരു കുട്ടിയുണ്ടെന്നും അറിയിച്ചു. എന്നല്‍, കുഞ്ഞിന് മൂക്കില്ലെന്നും ക്രിസ്റ്റനോട് ഏജന്റ് പറഞ്ഞു. ഒരു വര്‍ഷത്തിനു ശേഷം അവള്‍ക്ക് രൂപ എന്ന് പേരിട്ട് അവളേയും യു.എസിലേക്ക് കൊണ്ട് പോയി.

ആദ്യമൊക്കെ രൂപയ്ക്ക് പെട്ടെന്നുള്ള മാറ്റം ഉള്‍ക്കൊള്ളാനായില്ല. അവള്‍ എന്നും കരയുമായിരുന്നു. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ അവള്‍ കരയുന്നതെന്ന് ശങ്കിച്ചുവെന്നും ക്രിസ്റ്റന്‍ പറഞ്ഞു. പിന്നീട് മുന്നിയും രൂപയും നല്ല സൃഹൃത്തുക്കളായി. ഇപ്പോള്‍ അവര്‍ സന്തോഷത്തിലാണെന്നും ക്രിസ്റ്റന്‍ പറഞ്ഞു.

രണ്ട് കൊല്ലത്തിനുള്ളില്‍ മോഹിനിയെന്നും സൊനാലി എന്നും പേരുള്ള രണ്ടു കുട്ടികളെക്കൂടി ദത്തെടുത്തു. ദിവസങ്ങള്‍ കഴിയുന്തോറും ചെലവുകള്‍ കൂടി കൂടി വന്നു. കുട്ടികളെ പിരിഞ്ഞിരിക്കാന്‍ കഴിയാത്തതിനാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങി.

കുട്ടികളോടുള്ള ഇഷ്ടകാരണം ഡൗണ്‍സിന്‍ഡ്രോം ബാധിച്ച ഒരു കുഞ്ഞിനെ കൂടി ഒപ്പം കൂട്ടി. അങ്ങനെ 2020ല്‍ നിഗ്ധ എന്ന ഒരു പെണ്‍കുട്ടി കൂടി എത്തി. നിഗ്ധ പുതിയ സാഹചര്യവുമായി ഇണങ്ങി വരുന്നതേയുള്ളൂവെന്ന് ക്രിസ്റ്റന്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ ക്രിസ്റ്റനയ്ക്ക് നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.