ന്യൂയോര്‍ക്ക്: പന്നിയുടെ വൃക്ക മനുഷ്യരില്‍ പരീക്ഷിച്ച് ന്യൂയോര്‍ക്കിലെ ഡോക്ടര്‍മാര്‍. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്കയാണ് മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയില്‍ വച്ചുപിടിപ്പിച്ചത്. ന്യൂയോര്‍ക്കിലെ എന്‍വൈയു ലാംഗോണ്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ശസ്ത്രക്രിയ. സെപ്റ്റംബറില്‍ നടന്ന ശസ്ത്രക്രിയയുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് ഇപ്പോഴാണ്.
മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയുടെ വൃക്കയും പ്രവര്‍ത്തനരഹിതമാണെന്നുള്ള ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മാറ്റുന്നതിന് മുന്‍പായി ഇത്തരമൊരു പരീക്ഷണത്തിന് ആ വ്യക്തിയുടെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മനുഷ്യശരീരം പന്നിയുടെ വൃക്ക നിരസിക്കാതിരിക്കുന്നതിനുവേണ്ടിയാണ് ജനിതകമാറ്റം വരുത്തിയത്. പന്നിയുടെ ജീനുകളില്‍ മാറ്റം വരുത്തിയതിനാല്‍ സ്വീകര്‍ത്താവിന്റെ ശരീരം വൃക്കയെ ഉടനെ തള്ളുന്നില്ല എന്നതാണ് ഈ ശസ്ത്രക്രിയയുടെ വിജയം എന്നാണ് ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നത്.
സ്വീകര്‍ത്താവിന്റെ വൃക്കയിലേക്കുള്ള രക്തക്കുഴലുകള്‍ ശരീരത്തിനു പുറത്തേക്ക് എടുത്താണ് പുതിയ വൃക്കയോട് ചേര്‍ത്തത്. മൂന്നു ദിവസത്തോളം ഇത്തരത്തില്‍ നിരീക്ഷണം നടത്തിയതില്‍ നിന്നും മാറ്റിവെച്ച വൃക്കയുടെ പ്രവര്‍ത്തനം വളരെ സാധാരണ നിലയിലാണെന്നുള്ള നിഗമനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. വൃക്ക സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുകയും മൂത്രം ഉല്‍പാദിപ്പിക്കുകയും ചെയ്തുവെന്ന് എന്‍വൈയു ലാംഗോണ്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. റോബര്‍ട്ട് മോണ്ട്ഗോമെറി അറിയിച്ചു.
ജനിതകമാറ്റം വരുത്തിയ പന്നികള്‍ അവയവങ്ങളുടെ ഉറവിടമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതേസമയം, പന്നികളുടെ വൃക്ക മനുഷ്യര്‍ക്ക് ഉപയോഗിക്കുന്നതിനെ എതിര്‍ത്തും ഒട്ടേറെ ഡോക്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. ദീര്‍ഘകാലം പന്നിയുടെ വൃക്ക പ്രവൃത്തിക്കുമോയെന്നതില്‍ സംശയമുണ്ടെന്നും പന്നികളില്‍ കാണപ്പെടുന്ന രോഗങ്ങള്‍ സ്വീകര്‍ത്താവിലേക്ക് എത്തിയേക്കാമെന്ന ആശങ്കകളും ഇക്കൂട്ടര്‍ പങ്കുവയ്ക്കുന്നു.
പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്റെ വളര്‍ച്ച കൈവരിക്കാന്‍ പന്നികള്‍ക്ക് 6 മാസം മതി. പന്നികളുടെ ഹൃദയവാല്‍വുകള്‍ മനുഷ്യരില്‍ ഉപയോഗിച്ചിട്ടുണ്ട്. അതുപോലെ ചില പ്രമേഹരോഗികള്‍ പന്നികളുടെ പാന്‍ക്രിയാസ് സെല്ലുകള്‍ സ്വീകരിച്ചിട്ടുണ്ട്. പൊള്ളലേറ്റവര്‍ക്ക് താല്‍ക്കാലികമായി പന്നിയുടെ ചര്‍മം ഗ്രാഫ്റ്റ് ചെയ്യാറുമുണ്ട്.
മൃഗങ്ങളുടെ രക്തം, ചര്‍മം എന്നിവ മനുഷ്യരില്‍ ഉപയോഗിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. 1960-ല്‍ ചിമ്പാന്‍സികളുടെ വൃക്കകള്‍ ഏതാനും മനുഷ്യര്‍ക്ക് വച്ചുപിടിപ്പിച്ചിരുന്നു. എന്നാല്‍, അവരെല്ലാം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മരണപ്പെടുകയാണുണ്ടായത്. ഏറ്റവും കൂടുതല്‍ നാള്‍ ജീവിച്ചിരുന്നത് ഒന്‍പതു മാസം വരെയാണ്. 1983-ല്‍ ബബൂണിന്റെ ഹൃദയം ഒരു പെണ്‍കുട്ടിക്ക് വച്ചുപിടിപ്പിച്ചിരുന്നു. എന്നാല്‍, 20 ദിവസം കഴിഞ്ഞപ്പോള്‍ കുട്ടി മരിച്ചു.
ജീന്‍ എഡിറ്റിങ്, ക്ലോണിങ് സാങ്കേതികവിദ്യയുടെ സംയോജനത്തിലൂടെയാണ് ജനിതകമാറ്റം വരുത്തിയ പന്നികളുടെ അവയവങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നത്. പന്നികളുടെ ഹൃദയവും, വൃക്കകളും കുരങ്ങുകളിലും ബബൂണുകളിലും വിജയകരമായി വച്ചുപിടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി മനുഷ്യരില്‍ അകറ്റിനിര്‍ത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.