ന്യൂഡൽഹി: ഇഷ്ടമുള്ള കേഡറോ, ജോലിസ്ഥലമോ ആവശ്യപ്പെടാൻ സിവിൽ സർവീസുകാർക്ക് അവകാശമില്ലെന്ന് സുപ്രീംകോടതി. ഹിമാചൽപ്രദേശിൽ പോസ്റ്റ് ചെയ്യപ്പെട്ട മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ എ. ഷൈനമോളെ കേരള കേഡറിലേക്ക് മാറ്റണമെന്ന കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തിലുള്ള ഉദ്യോഗാർഥികൾക്ക് ജനറൽ വിഭാഗത്തിന്റെ യോഗ്യതയനുസരിച്ചുതന്നെ നിയമനം ലഭിക്കുമെങ്കിൽ അതാകാമെന്ന ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാൽ എസ്.സി, എസ്.ടി, ഒ.ബി.സി ഉദ്യോഗാർഥികൾ ആ ക്വാട്ട ഉപയോഗിക്കാതെ ജനറൽ വിഭാഗത്തിൽ നിയമിതരായാൽ, പിന്നീട് ജോലിസ്ഥലമോ കേഡറോ തിരഞ്ഞെടുക്കാനായി സംവരണം ഉപയോഗിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു.
കേഡർ തിരഞ്ഞെടുക്കുക എന്നത് അവകാശമല്ല. തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐ.എ.എസ്) നിയമനം ലഭിക്കുക എന്നത് അവകാശമാണെങ്കിലും ഇഷ്ടമുള്ള സ്ഥലത്തോ ജന്മനാട്ടിലോ വേണമെന്ന് പറയാനാവില്ലെന്നും കോടതി പറഞ്ഞു.
ഷൈനമോൾക്ക് 2006-ലാണ് 20-ാം റാങ്കോടെ സിവിൽ സർവീസ് ലഭിച്ചത്. മുസ്ലിം ഒ.ബി.സി വിഭാഗമാണെങ്കിലും ജനറൽ വിഭാഗത്തിൽതന്നെ യോഗ്യതനേടുകയും 2007-ൽ ഹിമാചൽപ്രദേശ് കേഡറിൽ നിയമിക്കപ്പെടുകയും ചെയ്തു. ഇത് ചോദ്യംചെയ്ത് ഷൈനമോൾ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ എറണാകുളം ബെഞ്ചിനെ സമീപിച്ചു. മഹാരാഷ്ട്ര കേഡറിലെ 'പുറത്തുനിന്നുള്ള ഒ.ബി.സി ഒഴിവിൽ' ഷൈനമോളെ നിയമിക്കാൻ ട്രിബ്യൂണൽ ഉത്തരവിട്ടു. ഇതിനെതിരേ ഷൈനമോളും കേന്ദ്ര സർക്കാരും കേരള ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്രത്തിന്റെ ഹർജി ഹൈക്കോടതി അനുവദിച്ചെങ്കിലും കേരള കേഡറിൽ നിയമിക്കപ്പെടാൻ തനിക്ക് അർഹതയുണ്ടെന്ന ഷൈനമോളുടെ വാദവും അംഗീകരിച്ചു.
എന്നാൽ, ജനറൽ വിഭാഗത്തിൽ നിയമിതയായ ഷൈനമോൾക്ക് തന്റെ സംസ്ഥാനത്തെ ഒ.ബി.സിക്കായി സംവരണം ചെയ്ത സീറ്റിന് അർഹതയില്ലെന്ന കേന്ദ്രവാദം സുപ്രീംകോടതി ശരിവെച്ചു. സ്വന്തം സംസ്ഥാനമായ കേരളത്തിന്റെ അഭിപ്രായം തേടാതെയാണ് തനിക്ക് കേഡർ നിശ്ചയിച്ചതെന്ന ഷൈനമോളുടെ വാദവും സുപ്രീംകോടതി തള്ളി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.