ഓസ്‌ട്രേലിയന്‍ അതിര്‍ത്തികള്‍ തുറക്കുന്നു; യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ഓസ്‌ട്രേലിയന്‍ അതിര്‍ത്തികള്‍ തുറക്കുന്നു; യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കായി രാജ്യാന്തര അതിര്‍ത്തികള്‍ അടുത്ത മാസം തുറന്നുകൊടുക്കുമ്പോള്‍ വിനോദയാത്രയ്ക്കായി ബാഗേജുകള്‍ ഒരുക്കാനുള്ള തയാറെടുപ്പിലാണ് പലരും. ലോക്ഡൗണ്‍ കാലത്ത് മുടങ്ങിപ്പോയ യാത്രകള്‍ വീണ്ടും ആരംഭിക്കാനുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കോവിഡ് വ്യാപനം മൂലം വീട്ടില്‍ തന്നെ കഴിഞ്ഞു കൂടേണ്ടി വന്നതിന്റെ പിരിമുറുക്കം മാറ്റാനാണ് പലരും വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തേടിയിറങ്ങുന്നത്. അവധിക്കാലം വിദേശത്ത് ചെലവഴിക്കാനും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കാനുമാണ് കൂടുതല്‍ പേരും പദ്ധതിയിടുന്നത്.

അതേസമയം, കോവിഡ് മഹാമാരി വിനോദ സഞ്ചാര മേഖലയില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. ഫ്‌ളൈറ്റുകളുടെ എണ്ണം കുറഞ്ഞു. വര്‍ധിച്ച ടിക്കറ്റ് നിരക്കും നിര്‍ബന്ധിത കോവിഡ് പരിശോധനകളും ഉള്‍പ്പെടെ യാത്രാ നടപടിക്രമങ്ങളില്‍ ഏറെ മാറ്റങ്ങള്‍ വന്നതിനാല്‍ വിനോദ യാത്രകള്‍ പണ്ടുള്ളതിനേക്കാള്‍ ഏറെ ചെലവേറിയതായിരിക്കും.

വാക്‌സിനെടുത്താലും ദൂരയാത്രയ്ക്കിടെ കോവിഡ് ബാധിച്ചാല്‍ എന്ത് ചെയ്യണമെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.

വിമാനത്താവളത്തില്‍ എത്തും മുന്‍പ് ശ്രദ്ധിക്കാന്‍

ഏതു സ്ഥലത്തേക്കു പോകുന്നു എന്നതിനെ ആശ്രയിച്ചാണ് യാത്രയ്ക്കുള്ള ചെലവ് കണക്കാക്കുന്നത്. ലോസ് ഏഞ്ചല്‍സ്, ലണ്ടന്‍, സിംഗപ്പൂര്‍, ഫിജി, കാനഡ എന്നിവിടങ്ങളിലേക്കായിരിക്കും ആദ്യം വിമാന സര്‍വീസുകള്‍ നടത്തുകയെന്ന് ഓസ്ട്രേലിയന്‍ എയര്‍ലൈനുകള്‍ അറിയിച്ചിട്ടുണ്ട്. ജപ്പാന്‍, ബാലി, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള വിമാനസര്‍വീസുകള്‍ 2022 ല്‍ ആരംഭിക്കും.

വാക്‌സിന്‍ രണ്ടു ഡോസും ലഭിച്ച ഓസ്ട്രേലിയന്‍ പൗരന്മാര്‍ക്കും സ്ഥിര താമസക്കാര്‍ക്കും അവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമായിരിക്കും വിമാനങ്ങളില്‍ ആദ്യം യാത്രാനുമതി നല്‍കുക. 

മേല്‍പറഞ്ഞ സ്ഥലങ്ങളിലേക്കു യാത്ര പുറപ്പെടുന്നതിന് മുന്‍പ് കോവിഡ് ടെസ്റ്റ് നടത്തേണ്ടതുണ്ട്. വിമാനത്തില്‍ കയറുന്നതിനു മുന്‍പായി കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം കൈവശം കരുതണം. കോവിഡ് പരിശോധനയ്ക്ക് വിവിധ സ്ഥലങ്ങള്‍ നിശ്ചയിച്ചിരിക്കുന്ന സമയപരിധിയും വ്യത്യസ്തമാണ്. ചില സ്ഥലങ്ങളില്‍ എത്തുന്നതിന് 72 മണിക്കൂറിനു മുന്‍പ് കോവിഡ് പരിശോധന നടത്തണം. ചിലയിടത്ത് 48 മണിക്കൂറിനകമാണ്.

കുട്ടികള്‍ക്കു മാത്രം ഇളവുകള്‍ ഉണ്ട് (യു.എസിലും സിംഗപ്പൂരിലും രണ്ടില്‍ താഴെയും കാനഡയില്‍ അഞ്ചില്‍ താഴെയും ഫിജിയില്‍ 12 ല്‍ താഴെയുമുള്ള കുട്ടികള്‍ക്ക് പരിശോധനയില്‍ ഇളവുണ്ട്).



ഓസ്ട്രേലിയയില്‍ യാത്രയ്ക്കായുള്ള കോവിഡ് പിസിആര്‍ പരിശോധന നടത്താനുള്ള സൗകര്യം സ്വകാര്യ പാത്തോളജി ക്ലിനിക്കുകളിലാണുള്ളത്. ഇതിനായി ഏകദേശം 150 ഡോളറാണു ചെലവ്. യാത്രയ്ക്ക് ആവശ്യമായ പരിശോധനാ ഫലം അവര്‍ നല്‍കുന്നുണ്ടോ എന്ന് ക്ലിനിക്കിനോട് പ്രത്യേകം തിരക്കണം.

ദ്രുതഗതിയിലുള്ള ആന്റിജന്‍ സെല്‍ഫ് ടെസ്റ്റുകള്‍ക്കു നവംബര്‍ ഒന്നു മുതല്‍ ഓസ്ട്രേലിയയില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും ചില രാജ്യങ്ങളില്‍ ഫ്‌ളൈറ്റില്‍ കയറുന്നതിനു മുന്നോടിയായി മാത്രമേ ഈ കോവിഡ് ഫലം സ്വീകരിക്കാറുള്ളൂ.

ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കകം മറ്റൊരു ടെസ്റ്റ് നടത്തേണ്ടി വരും. യു.കെയിലും യു.എസിലും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയാകും.

ഫിജി പോലുള്ള മറ്റ് രാജ്യങ്ങളില്‍, പി.സി.ആര്‍ ടെസ്റ്റിനു വേണ്ടി അധിക പണം ചെലവഴിക്കേണ്ടി വന്നേക്കാം. ഇതിനായി നേരത്തെ ബുക്ക് ചെയ്യേണ്ടി വരും. സന്ദര്‍ശിക്കുന്ന രാജ്യത്തെ സര്‍ക്കാര്‍ അംഗീകൃത ദാതാവ് വഴിയാണ് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്.

ഇനി കൂടുതല്‍ ദൂരത്തേക്കു യാത്ര ചെയ്യുകയാണെങ്കില്‍, കടന്നുപോകുന്ന രാജ്യങ്ങളിലെ നിയന്ത്രണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം. അന്തിമ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുന്‍പായി ഇടയ്ക്ക് മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കാതിരിക്കുക.

വിമാനത്താവളങ്ങളില്‍ പണ്ടത്തേക്കാള്‍ കൂടുതല്‍ പേപ്പര്‍ വര്‍ക്കുകളും ചെയ്യേണ്ടതുണ്ട്. യാത്രക്കാര്‍ ഓസ്ട്രേലിയന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുകയും അനുയോജ്യമായ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി കണ്ടെത്തുകയും പാസ്പോര്‍ട്ട് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വേണം. കോവിഡ് ആരംഭിച്ചതിനുശേഷം 1.3 ദശലക്ഷം പാസ്പോര്‍ട്ട് കാലഹരണപ്പെട്ടതായി ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഫോറിന്‍ അഫയേഴ്‌സ് ആന്‍ഡ് ട്രേഡിന്റെ കണക്കുകള്‍ പറയുന്നു.

ഇതിനെല്ലാം പുറമേ, യാത്രക്കാരുടെ സഞ്ചാരപഥം കണ്ടെത്താന്‍ നിരവധി രാജ്യങ്ങള്‍ കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് നടപടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനാല്‍ പുറപ്പെടുന്നതിന് മുന്‍പായി ഒരു പ്രത്യേക എന്‍ട്രി ഫോം പൂരിപ്പിക്കണം.

ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (അയാട്ട) ട്രാവല്‍ പാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് ക്വാണ്ടസ് എയര്‍വേയ്‌സ് യാത്രക്കാരോടു നിര്‍ദേശിച്ചിട്ടുണ്ട്. ചില രാജ്യങ്ങള്‍ അവരുടെ കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ട്. അവ ഉപയോഗിക്കാന്‍ ബ്ലൂടൂത്തുള്ള ഫോണ്‍ കൈവശം കരുതണം.

യാത്രയ്ക്കിടെ കോവിഡ് ബാധിച്ചാല്‍?

വിമാനത്താവളത്തിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ലക്ഷ്യസ്ഥാനത്ത് എത്തിയശേഷം കോവിഡ് ബാധിച്ചാല്‍ ഐസൊലേഷനില്‍ കഴിയേണ്ടി വരും. യാത്രയ്ക്കിടെ എവിടെയാണെങ്കിലും പനി, ജലദോഷം രുചി, മണം നഷ്ടപ്പെടല്‍ എന്നിവ ബാധിച്ചാല്‍ പരിശോധന നടത്തണം. പ്രതിരോധ വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയില്ലെങ്കിലും മറ്റുള്ളവരില്‍ നിന്ന് സ്വയം ഒറ്റപ്പെട്ടു കഴിയണം.

ക്വാറന്റീന്‍ വ്യവസ്ഥകള്‍ പല രാജ്യത്തും വ്യത്യസ്തമാണ്. ഐസൊലേഷന്‍ കാലയളവില്‍ പരിശോധനയ്ക്കോ ചികിത്സയ്ക്കോ അല്ലാതെ താമസസ്ഥലം ഉപേക്ഷിക്കാന്‍ കഴിയില്ല. അസുഖമില്ലാത്തവര്‍ ഒപ്പമുണ്ടെങ്കില്‍ ഇതര താമസ സൗകര്യങ്ങള്‍ ക്രമീകരിക്കുക, ഭക്ഷണവും മറ്റ് സാധനങ്ങളും ഓര്‍ഡര്‍ ചെയ്യുക. ഈ സാഹചര്യത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത അവധിക്കാല പ്ലാനുകള്‍ റദ്ദാക്കേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.