സൗദിയില്‍ സംഗീതപ്പെരുമഴ തീര്‍ക്കാന്‍ മിഡില്‍ ബീസ്റ്റ്

സൗദിയില്‍ സംഗീതപ്പെരുമഴ തീര്‍ക്കാന്‍ മിഡില്‍ ബീസ്റ്റ്

റിയാദ്: ആഗോള വിനോദ, മാധ്യമ പ്ലാറ്റ്ഫോമായ മിഡില്‍ ബീസ്റ്റ് (MDLBEAST), സൗണ്ട് സ്‌ട്രോം  എന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സംഗീതോത്സവത്തി
ന്റെ രണ്ടാമത്തെ വേദി പ്രഖ്യാപിച്ചു. ഡിസംബര്‍ 16 മുതല്‍ 19 വരെ റിയാദില്‍ നടക്കുന്ന നാലു ദിവസത്തെ സംഗീതോത്സവം പ്രേക്ഷകര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ലോകപ്രശസ്ത ഗായകര്‍, നര്‍ത്തകര്‍, മറ്റു കലാകാരന്മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വലിയ സംഘമാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

2019 ഡിസംബറില്‍ സൗദി അറേബ്യയില്‍ ആരംഭിച്ച കമ്പനിയുടെ, മിഡില്‍ ബീസ്റ്റ് ഫെസ്റ്റിവല്‍ എന്ന് പേരിട്ട ഉദ്ഘാടന ആഘോഷത്തില്‍ നാലു ലക്ഷത്തിലധികം കാണികള്‍ പങ്കെടുത്തു. 80 കലാകാരന്മാരും 6 സ്റ്റേജുകളുമായി ഈ മേഖലയിലെ ഏറ്റവും വലിയ സംഗീതോത്സവമായി ഇതു മാറി. ലോകപ്രശസ്ത കലാകാരന്മാരായ ഡേവിഡ് ഗ്വെറ്റ, ടിയെസ്റ്റോ, മാര്‍ട്ടിന്‍ ഗാരിക്‌സ്, സ്റ്റീവ് ഓക്കി, അഫ്രോജാക്ക്, ജെ ബാല്‍വിന്‍, റിക്ക് റോസ് എന്നിവരും അന്ന് സ്റ്റേജില്‍ അണിനിരന്നിരുന്നു. മുന്‍പ് നടന്നതിലും ബഹൃത്തായ സംഗീതോത്സവമായിരിക്കും ഈ വര്‍ഷം നടത്തുകയെന്ന് കമ്പനി അവകാശപ്പെടുന്നു.

സൗദി അറേബ്യയെ ലോക സംഗീത ഭൂപടത്തില്‍ രേഖപ്പെടുത്തുന്നതാണ് മിഡില്‍ ബീസ്റ്റിന്റെ സംഗീതഘോഷങ്ങളെന്ന് സി.ഒ.ഒയും ടാലന്റ് ബുക്കിംഗ് ആന്‍ഡ് ഇവന്റ്സ് മേധാവിയുമായ തലാല്‍ അല്‍ബാഹിതി പറഞ്ഞു. സൗദി അറേബ്യ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം, സംഗീതത്തിനും ഉത്സവ സംസ്‌കാരത്തിനുമുള്ള ജനപ്രീതി വളരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബറില്‍ നടക്കുന്ന പ്രോഗ്രാമിന്റെ ടിക്കറ്റുകള്‍ സെപ്റ്റംബര്‍ രണ്ടു മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. ഫെസ്റ്റിവല്‍ ആസ്വാദകര്‍ക്ക് സിംഗിള്‍ ഡേ ടിക്കറ്റുകളും 4-ഡേ പാസുകളും വാങ്ങാന്‍ കഴിയും: സ്റ്റോം ചേസര്‍, സ്റ്റോം ബ്ലേസര്‍, വൈബ്, വൈബ് - ബോക്‌സ് എന്നിങ്ങനെ വിവിധ നിരക്കുകളുള്ള സീറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. നാല് ദിവസത്തെ ടിക്കറ്റ് നിരക്കുകള്‍ 339 സൗദി റിയാല്‍ (ഏകദേശം 6,781 ഇന്ത്യൻ രൂപ) മുതല്‍ ആരംഭിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.