ശക്തമായ നീരൊഴുക്ക്: ജല സംഭരണികളില്‍ അഞ്ചു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ജലനിരപ്പ്

 ശക്തമായ നീരൊഴുക്ക്: ജല സംഭരണികളില്‍ അഞ്ചു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ജലനിരപ്പ്

പത്തനംതിട്ട: ഒക്ടോബറില്‍ സംസ്ഥാനത്തെ സംഭരണികളിലെ ജലനിരപ്പും നീരൊഴുക്കും ഉയര്‍ന്നനിലയില്‍. അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയും നീരൊഴുക്കും ജലനിരപ്പുമെല്ലാം രേഖപ്പെടുത്തിയാണ് 2021 ഒക്ടോബര്‍ അവസാനിക്കുന്നത്.

നഷ്ടങ്ങളുടെ കണക്കിലും ഒക്ടോബര്‍ ഒട്ടും പുറകോട്ടല്ല. വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇത്രയധികം ഡാമുകള്‍ തുറന്നു വിടേണ്ടി വന്നത്. സംസ്ഥാനത്തെ മിക്ക ജല സംഭരണികളിലെയും വെള്ളത്തിന്റെ നിലയില്‍ ഇപ്പോഴും ആശങ്ക ഒഴിഞ്ഞിട്ടില്ല. വലിയ പദ്ധതികളായ ഇടുക്കിയും ശബരിഗിരിയുമൊക്കെ നിറഞ്ഞുകിടക്കുകയാണ്.

സംസ്ഥാനത്തെ സംഭരണികളിലെല്ലാംകൂടി 93 ശതമാനം വെള്ളമാണുള്ളത്. വ്യാഴാഴ്ചത്തെ കണക്കു പ്രകാരം സംഭരണികളിലെല്ലാംകൂടി 3803.92 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമുണ്ട്. ബുധനാഴ്ച മാത്രം 51.391 മില്യണ്‍ യൂണിറ്റ് ഉല്‍പാദനത്തിനുള്ള വെള്ളം ഒഴുകിയെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3653.052 മില്യണ്‍ യൂണിറ്റിനുള്ള വെള്ളവും നീരൊഴുക്ക് 16.62 മില്യണുമായിരുന്നു.

ഇടുക്കിയിലാണ് ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്. 94.47 ശതമാണിത്. തൊട്ടു പിന്നില്‍ ശബരിഗിരി. കക്കി ആനത്തോട് ഡാമില്‍ 92.02 ശതമാനം വെള്ളമുണ്ട്. മഴയുടെ കാര്യത്തിലും ഒക്ടോബറില്‍ പുതുചരിത്രമാണ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള തുലാവര്‍ഷക്കാലത്ത് സംസ്ഥാനത്ത് ലഭിക്കേണ്ട മഴയുടെ 87 ശതമാനം ഇതിനകം പെയ്തു. കാസര്‍കോട്, കോഴിക്കോട് ഉള്‍പ്പടെയുള്ള വടക്കന്‍ ജില്ലകളില്‍ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയുടെ നൂറുശതമാനത്തിലധികവും പെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.