കുവൈറ്റിൽ വിദേശത്ത് നിന്ന് വരുന്നവരുടെ ക്വാറന്റൈൻ കാലയളവ് പതിനാല് ദിവസമായി തുടരും
കുവൈറ്റ് :കുവൈറ്റിൽ വിദേശത്ത് നിന്ന് വരുന്നവരുടെ ക്വാറന്റൈൻ കാലയളവ് പതിനാല് ദിവസമായി തുടരും. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിനു ശേഷം സർക്കാർ വക്താവ് താരിഖ് അൽമസ്രം ആണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ ഇളവുകൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മതിയെന്നാണ് സർക്കാർ തീരുമാനം.
വിദേശയാത്ര കഴിഞ്ഞ് എത്തുന്നവർക്കുള്ള മാർഗ നിർദേശങ്ങളിൽ മാറ്റമില്ലെന്നും പതിനാലു ദിവസം ഗാർഹിക നിരീക്ഷണത്തിൽ കഴിയണമെന്ന നിബന്ധന തുടരുമെന്നും ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ സെന്റർ ഡയറക്ടർ താരിഖ് അൽ മസ്റം വ്യക്തമാക്കി. ഹോം ക്വാറന്റൈൻ നിർദേശങ്ങളിൽ ആരോഗ്യമന്ത്രലയം മാറ്റങ്ങളൊന്നും നിർദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സ്വബാഹിന്റെ അധ്യക്ഷതയിൽ സീഫ് പാലസിൽ ചേർന്ന കാബിനറ്റ് യോഗം കോവിഡ് പ്രതിരോധ നടപടികൾ വിലയിരുത്തി. അഞ്ചാംഘട്ട അൺലോക്കിങ് നടപടികളിലേക്ക് തൽക്കാലം നീങ്ങേണ്ടതില്ലെന്നാണ് യോഗതീരുമാനം . ഇക്കാര്യത്തിൽ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം തീരുമാനമെടുത്താൽ മതിയെന്നാണ് സർക്കാർ നിലപാട്.
കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിനായുള്ള കാമ്പയിന്റെ രൂപരേഖ ആരോഗ്യമന്ത്രി ഡോ . ബാസിൽ അസ്സ്വബാഹ് യോഗത്തിൽ അവതരിപ്പിച്ചു. ഇന്ത്യ ഉൾപ്പെടെ 34രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകുന്ന കാര്യം യോഗത്തിൽ ചർച്ചയായില്ല. വിലക്ക് ഒഴിവാക്കുന്നതിനായി രാജ്യത്തെ വിമാനകമ്പനികൾ നേരത്തെ വിശദമായ ഓപ്പറേഷൻ പ്ലാൻ സമർപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.