സ്‌കൂളുകള്‍ തുറക്കുന്നതിന് മുൻപ് കുട്ടികളുടെ ഭക്ഷണകാര്യത്തിൽ ഒരുങ്ങാം

സ്‌കൂളുകള്‍ തുറക്കുന്നതിന് മുൻപ് കുട്ടികളുടെ ഭക്ഷണകാര്യത്തിൽ ഒരുങ്ങാം

വലിയ ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും സ്‌കൂള്‍ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കുട്ടികളുടെ ഭക്ഷണം. പച്ചക്കറികളും പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റ്സും കൃത്യമായ അളവില്‍ ഉള്‍പ്പെടുത്തി ഭക്ഷണം അഞ്ച് നേരമായി കുട്ടികൾക്ക് നല്‍കണം.

ചപ്പാത്തി അല്ലെങ്കില്‍ ചോറ്, ദാല്‍, പച്ചക്കറി, തൈര്, പഴങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിക്കാന്‍ ശ്രദ്ധിക്കണം. വെള്ളം ധാരാളം കൊടുക്കാന്‍ ശ്രമിക്കുക. കുട്ടിക്ക് ഒരു ദിവസം വേണ്ട ഊര്‍ജത്തിന്റെയും മറ്റു പോഷകങ്ങളുടെയും മൂന്നിലൊന്ന് പ്രഭാത ഭക്ഷണത്തില്‍ നിന്ന് ലഭിക്കണം. പോഷകക്കുറവ് വിളര്‍ച്ചയ്‌ക്കും വളര്‍ച്ചക്കുറവിനും കാരണമാകും. മെറ്റബോളിസം കുറയുന്നത് അമിതവണ്ണത്തിനും കൊളസ്‌ട്രോളിനും ഇടയാക്കുന്നു. പ്രഭാത ഭക്ഷണം കുറഞ്ഞാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴുന്നു. ഇങ്ങനെ തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ കുറയാനും ന്യൂറോണുകള്‍ക്ക് അപചയം സംഭവിക്കാനും സാധ്യതയുണ്ട്.

സ്‌കൂളില്‍ പോകുന്ന സമയത്തിന് അനുസരിച്ച്‌ വേണം പ്രഭാത ഭക്ഷണം ക്രമീകരിക്കാന്‍. ആവിയില്‍ വേവിച്ച ഭക്ഷണങ്ങളാണ് ദഹനത്തിന് നല്ലത്. പാല്‍, മുട്ട, പയറുവര്‍ഗങ്ങള്‍ എന്നിവ രക്തത്തിലെ റ്റൈറോസിന്‍ (അമിനോ ആസിഡ്) അളവിനെ വര്‍ധിപ്പിച്ച്‌ കുട്ടികളുടെ തലേച്ചാറിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു. കുട്ടികള്‍ക്ക് ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി ആരോഗ്യദായകമായവ സ്‌കൂളില്‍ കൊടുത്ത് വിടാം. പഴവര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, ആവിയില്‍ പുഴുങ്ങിയ ചെറുപലഹാരം, അവല്‍ വിളയിച്ചത് തുടങ്ങിയവ നല്‍കാം.

അതേസമയം ഉച്ചക്ക് ലഞ്ച് ബോക്‌സില്‍ ചോറ് നിര്‍ബന്ധമില്ല. പകരം സ്റ്റഫ്ഡ് ചപ്പാത്തിയോ സാന്‍ഡ്വിച്ചോ കൊടുത്തുവിടാം. പലതരത്തിലുള്ള റൈസ് വിഭവങ്ങളും നല്‍കാം. പുലാവ്, ഫ്രൈഡ് റൈസ്, തൈര് ചോറ്, നാരങ്ങാ ചോറ് എന്നിവയും ഇലക്കറികളും ഉള്‍പ്പെടുത്തിയാല്‍ സൂക്ഷ്‌മപോഷകങ്ങളുടെ കുറവ് നികത്താം. പഴങ്ങളിലും പച്ചക്കറികളിലുമുള്ള ഫൈറ്റോ ന്യൂട്രിയന്‍സുകള്‍ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കും. ചീര, പിങ്ക് കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട്, മഞ്ഞനിറത്തിലുള്ള പഴങ്ങള്‍ (മാങ്ങ, പപ്പായ, പൈനാപ്പിള്‍) ഇവയിലുള്ള കരോട്ടിനും വിറ്റമിന്‍ എ യും കുട്ടികളുടെ കാഴ്‌ച ശക്തിയെ സംരക്ഷിക്കുന്നു.

വൈകുന്നേരം സ്‌കൂള്‍വിട്ട് വരുന്ന കുട്ടിക്ക് കൊഴുപ്പടങ്ങിയ ആഹാരത്തിന് പകരം വീട്ടില്‍ തയാറാക്കുന്ന ആരോഗ്യകരമായ ലഘുഭക്ഷണം നല്‍ക്കാന്‍ ശ്രദ്ധിക്കണം. അവല്‍, ഏത്തപ്പഴം, ഇലയട, പുഴുങ്ങിയ പയര്‍വര്‍ഗങ്ങള്‍, മില്‍ക്ക് ഷെയ്‌ക്കുകള്‍, സൂപ്പുകള്‍, ഫ്രൂട്ട് ജൂസുകള്‍ ഇവയെല്ലാം കുട്ടികളുടെ ക്ഷീണമകറ്റി ഉത്സാഹവും പ്രസരിപ്പും നല്‍ക്കാന്‍ സഹായിക്കും.
പ്രാതല്‍ പോലെ പ്രധാന്യം അര്‍ഹിക്കുന്നതാണ് കുട്ടികളുടെ അത്താഴവും. കൊഴുപ്പ് കുറഞ്ഞതും നാരുകള്‍ ധാരാളം അടങ്ങിയതുമായിരിക്കണം രാത്രി ഭക്ഷണം. അമിതമായ മധുരം, പുളി, എരിവ് എന്നിവ അത്താഴത്തില്‍ ഒഴിവാക്കാം. ആഹാരം കഴിച്ച്‌ ഒരു മണിക്കൂര്‍ കഴിഞ്ഞേ ഉറങ്ങാന്‍ കിടക്കാവൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.