സമൂഹത്തോടുള്ള ഒരു വ്യക്തിയുടെ പ്രതിബദ്ധതയാണ് വ്യക്തിപരമായ നിക്ഷേപത്തിലൂടെ നിറവേറ്റുന്നത്. ഓരോ സ്വകാര്യനിക്ഷേപങ്ങളും രാജ്യത്തിന്റെ പൊതു സാമ്പത്തിക വളര്‍ച്ചയ്‌ക്കുള്ള പിന്തുണയാണ്. 2006-ല്‍ ക്വാലാലംപൂരില്‍ നടന്ന ലോക നിക്ഷേപ ബാങ്കിംഗ് സ്ഥാപനങ്ങളുടെ അന്താരാഷ്ട്ര സമ്മേളനം അംഗീകരിച്ച പ്രഖ്യാപനത്തിന്റെ മൂന്നാം ഖണ്ഡികയിലാണ് ലഘുനിക്ഷേപങ്ങളുടെ പ്രസക്തി ചൂണ്ടിക്കാണിക്കുന്നത്.
ഒക്ടോബര്‍ 31 ലോക മിതവ്യയയ ദിനമാണ്. 1924-ല്‍ മിലാനില്‍ നടന്ന ലോക മിതവ്യയ കോണ്‍ഗ്രസാണ് ലഘുനിക്ഷേപശീലം വ്യക്തികളില്‍ വളര്‍ത്തുവാന്‍ ഓരോ വര്‍ഷവും മിതവ്യയദിനാചരണം നിര്‍ദേശിച്ചത്.
ഭൗതിക ജീവിതത്തിന്റെ ഉറപ്പാണ് സാമ്പത്തിക ഭദ്രത. സമ്പത്തിന്റെ ശ്രദ്ധാപൂര്‍വമായ ഉപയോഗം ജീവിത വിജയം നല്‍കുമെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍, അശ്രദ്ധയോടെ അച്ചടക്കമില്ലാതെ പണം ദുര്‍വ്യയം ചെയ്യുന്ന അനേകരുണ്ട്. അവരുടെ തകര്‍ച്ചുകളുടെ കഥകള്‍ ഓരോ ദിവസവും നാം കേള്‍ക്കുന്നുണ്ട്. പണം എത്രയുണ്ട് എന്നല്ല, എങ്ങനെ ഉപയോഗിക്കുന്നു എന്നതാണു പ്രധാനം. മിതവ്യയശീലം അച്ചടക്കമുള്ള ജീവിതത്തിന്റെ ലക്ഷണമാണ്.
ആവശ്യത്തിനുമാത്രം പണം ചെലവാക്കുകയും അനാവശ്യമായി പണം ദുരുപയോഗം നടത്താതിരിക്കുകയും മാത്രമല്ല, ഈ ശീലംകൊണ്ട് ലക്ഷ്യമിടുന്നത്. വ്യക്തികളില്‍ സമ്പാദ്യശീലം വളര്‍ത്തുവാനായി ലഘു നിക്ഷേപപദ്ധതികളില്‍ പങ്കുചേരാനും അങ്ങനെ സാമ്പത്തിക അച്ചടക്കം പാലിക്കാനുമാണ് ഈ ദിനാചരണം നിഷ്കര്‍ഷിക്കുന്നത്.
വീടുകളില്‍ കുട്ടികളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കാന്‍ ഓരോ കുട്ടിയും ഓരോ മണ്‍കുടുക്കയില്‍ നാണയങ്ങള്‍ നിക്ഷേപിക്കുന്ന ശീലം മുമ്പുണ്ടായിരുന്നു. സ്വന്തം അധ്വാനംകൊണ്ട് ലഭിക്കുന്ന പണം കുടുക്കയില്‍ നിക്ഷേപിച്ച്, കുടുക്കനിറയുമ്പോള്‍ ആ സമ്പാദ്യം ഉപയോഗിച്ച് പല നല്ല കാര്യങ്ങളും ചെയ്യുവാന്‍ കുട്ടികള്‍ക്കു കഴിഞ്ഞിരുന്നു.
ഇന്നു വിദ്യാര്‍ഥികളില്‍ പലരും പല ദുശ്ശീലങ്ങളുടെയും അടിമകളാണ്. മധുരപലഹാരങ്ങളുടെ പിന്നാലെയാണു കുറേപ്പേര്‍. ഐസ്ക്രീമും ചോക്ലേറ്റും നിയന്ത്രണമില്ലാതെ വാങ്ങുന്നവരുണ്ട്. ചിലര്‍ ലഹരിമരുന്നിന്റെ അടിമകളാണ്. പുകവലിയും മദ്യപാനവും അടിമയാക്കിയവരും നമ്മുടെയിടയിലുണ്ടാകും. ചിലര്‍ക്കു വസ്ത്രങ്ങളിലും ആഭരണങ്ങളിലുമാണ് ഭ്രമം. പണത്തിന്റെ ദുരുപയോഗം ദുശ്ശീലങ്ങള്‍ വളര്‍ത്തും. പണമുള്ളവന് ഗുണമില്ല, ഗുണമുള്ളവന് പണമില്ല എന്നാണ് ചൊല്ല്.
“പണമെന്നുള്ളതു കയ്യില്‍ വരുമ്പോള്‍
ഗുണമെന്നുള്ളതു ദൂരത്താകും
പണവും ഗുണവും കൂടിയിരിപ്പാന്‍
പണിയെന്നുള്ളതു ബോധിക്കേണം”
എന്നാണ് കുഞ്ചന്‍ നമ്പ്യാര്‍ പാടുന്നത്.
മിതവ്യയശീലവും ലഘുനിക്ഷേപബോധവും നമ്മില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തും. ലളിതമായ ജീവിതമാണ് ഏവരും വിലമതിക്കുന്നത്. സാമ്പത്തിക നിക്ഷേപങ്ങള്‍ നമ്മില്‍ സുരക്ഷിതത്വം ഉണര്‍ത്തും. സമ്പാദ്യ ശീലം ഭാവിയുടെ ക്ഷേമത്തിനാണ്. വ്യക്തിയുടെ മാത്രമല്ല, രാജ്യത്തിന്റെയും സാമ്പത്തിക ഭദ്രത, ഇത്തരം ലഘുനിക്ഷേപങ്ങളിലാണ്. ഇന്നു നമ്മുടെ സ്കൂളുകളിലെ സഞ്ചയികാ പദ്ധതി, സ്വാശ്രയസംഘങ്ങളിലെ നിക്ഷേപ പദ്ധതി, കുടുംബശ്രീ പദ്ധതി എന്നിവയെല്ലാം വിദ്യാര്‍ഥികളിലും സാധാരണക്കാരിലും ദുര്‍വ്യയം അകറ്റി മിതവ്യയവും തദ്വാരാ സാമ്പത്തിക സുരക്ഷിതത്വവും നല്‍കുന്ന സംവിധാനങ്ങളാണ്. ലഘുനിക്ഷേപപദ്ധതികളില്‍ പങ്കുചേരുന്ന ഓരോ പൗരനും രാഷ്ട്രക്ഷേമത്തിലേക്ക് തന്റേതായ സംഭാവന നല്‍കുന്നുണ്ട്.
അധ്വാനിച്ചു ജീവിക്കുന്ന പലരും തങ്ങളുടെ സമ്പാദ്യങ്ങള്‍ ദുശ്ശീലങ്ങള്‍ക്കു ബലിനല്‍കുന്നത് ദുഃഖകരമാണ്. എന്നാല്‍, ലക്ഷ്യബോധമുള്ളവരുടെ, സ്വന്തം വിയര്‍പ്പിന്റെ വില തിരിച്ചറിയുന്നവരുടെ, കുടുക്കകളില്‍ കിലുക്കം നിലയ്ക്കുന്നില്ല. കൈവരുന്ന പണം കരുതിവയ്ക്കുന്നവര്‍, പെട്ടെന്നുണ്ടാകുന്ന രോഗദുരിതങ്ങളില്‍പ്പോലും കടക്കെണിയില്‍ അകപ്പെടാതെ രക്ഷപ്പെടുന്നു!
നമുക്കു സാമ്പത്തിക അച്ചടക്കമുള്ളവരാകാം. വരവുചെലവുകണക്കുകള്‍ എന്നും എഴുതി സൂക്ഷിക്കാം. വരവറിഞ്ഞ് ചെലവുചെയ്യാം. അപ്പോള്‍ നമ്മള്‍ പണത്തിന്റെ മാത്രമല്ല, നല്ല ശീലങ്ങളുടെയും മുതലാളിമാരാകും. ഓര്‍ക്കാം, നമുക്കീ പഴമൊഴി. തൊഴുതുണ്ണുന്ന ചോറിനേക്കാൾ രുചി ഉഴുതുണ്ണുന്ന ചോറിനാണ്.
കൈക്കുമ്പിളില്‍ ഒരു കടല്‍
‘പത്തു കിട്ടുകില്‍ നുറുമതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും ആയിരം പണം കൈയിലുണ്ടായാ,
ലായുതമാകില്‍ ഐശ്വര്യമെന്നതും'
കുഞ്ചന്‍ നമ്പ്യാരുടെ തുള്ളലിലെ, ആര്‍ത്തിത്തള്ളലുള്ളവര്‍ക്കുള്ള ആക്ഷേപമാണ്. എന്നാല്‍, പത്തിനെ നൂറാക്കാനും നൂറുകിട്ടിയാല്‍ ആയിരമുണ്ടാക്കാനും മനുഷ്യനു കഴിഞ്ഞാല്‍ മാത്രമേ വരും ലോകത്തിലെ അതിജീവനം സാധ്യമാവു എന്ന് ഏവരെയും ഓര്‍മിപ്പിക്കുന്ന ദിനമാണ് ഒക്ടോബര്‍ 31, ലോക മിതവ്യയദിനം. “സാമ്പത്തിക അച്ചടക്കമില്ലാത്തവന്‍ എന്നും ആകുലനായിരിക്കും” എന്ന തത്വചിന്തകനായ കണ്‍ഫ്യൂഷസിന്റെ വാക്കുകളുടെ ദര്‍ശനം ആധുനിക മനുഷ്യന്റെ ദുര്‍വ്യയശീലങ്ങളില്‍ സ്വാധീനം ചെലുത്തേണ്ട സുദിനമാണിത്.
സമ്പത്തില്ലാത്തവരല്ല, സമ്പത്തു സംരക്ഷിക്കാത്തവരാണു ദരിദ്രരായി മാറുന്നതെന്ന സത്യമാണു ലോക മിതവ്യയ ദിനം പങ്കുവയ്ക്കുന്നത്. 1924 ഒക്ടോബര്‍ 31ന് ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ സമ്മേളിച്ച നിക്ഷേപ ബാങ്കുകളുടെ അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഒക്ടോബര്‍ 31, നിക്ഷേപപ്രചോദക ദിനമായി പ്രഖ്യപിക്കപ്പെട്ടത്. ഇറ്റാലിയന്‍ പ്രഫസര്‍ ഫിലിപ്പോ റവിസായുടെ വാക്കുകളില്‍, വ്യക്തികൾ പണം ബാങ്കുകളില്‍ നിക്ഷേപിച്ചു സുക്ഷിക്കുന്ന ശീലം വളര്‍ത്തിയാല്‍ ലോകത്തിലെ 70 ശതമാനം ദാരിദ്ര്യവും ഇല്ലാതാകും.
29 രാജ്യങ്ങളുടെ പ്രതിനിധികള്‍ ലോകത്തില്‍ ലഘുനിക്ഷേപസമാഹരണ യജ്ഞത്തിനുള്ള രൂപരേഖകള്‍ തയാറാക്കി. 1921-ല്‍ത്തന്നെ സ്പെയിനിലും 1923-ല്‍ ജര്‍മനി, അമേരിക്ക എന്നീ രാജ്യങ്ങളിലും മിതവ്യയദിനാചരണം വന്‍തോതില്‍ ആചരിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1955 മുതല്‍ 1970 വരെ, മിതവ്യയദിനാചരണവും ലഘുനിക്ഷേപ സന്ദേശങ്ങളും ലോകം മുഴുവന്‍ വ്യാപിച്ചു. സന്തോഷത്തോടെ നിക്ഷേപിക്കുക എന്ന മുദ്രാവാകൃവുമായി ഓസ്ട്രിയയാണ് 1970-കളില്‍ ലോകത്തിനു മാതൃകയായത്.
ലഘു നിക്ഷേപശീലം ഇന്നു വിദ്യാര്‍ഥികളിലാണു തുടങ്ങേണ്ടത്. താഴ്‌ന്ന ക്ലാസുകളില്‍ മുതല്‍ സ്‌കൂള്‍ തലത്തില്‍, സഞ്ചയിക പദ്ധതിയും ലഘുനിക്ഷേപ പദ്ധതികളും ആരംഭിക്കുമെങ്കിലും ഈ സാധ്യതകള്‍ ഉപയോഗിച്ചു സമ്പാദ്യ ശീലം വളര്‍ത്തുന്ന കുട്ടികള്‍ ഇന്നു കുറയുന്നതായാണു പഠനങ്ങള്‍ തെളിയിക്കുന്നത്.
ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ, ദേശീയവും വിദേശീയവുമായ ഉപഭോഗവസ്തുക്കളുടെ ആകര്‍ഷകമായ പരസ്യം ആര്‍ഭാട ജീവിതത്തിനായി കൊതിച്ചു പോകുന്നു. മധുരപലാഹാരങ്ങളും ബേക്കറി ഭക്ഷണവും മാത്രം ഭക്ഷിച്ച് അതിവേഗം പോക്കറ്റ് കാലിയാക്കുന്ന ബാല കൗമാര മനസ്, പണമു ണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണ്.
കേരളത്തിന്റെ മണ്ണില്‍ വിളയുന്ന പച്ചക്കപ്പ, വിദേശി വാങ്ങിക്കൊണ്ടുപോയി നന്നായി വറുത്ത്, വര്‍ണപ്പകിട്ടുള്ള തകരപാത്രത്തിലടച്ചു പത്തിരട്ടി വിലയിട്ടു കേരളത്തിന്റെ വിരുന്നുമേശയില്‍ നിര ത്തുമ്പോള്‍, മണ്ണിന്റെ ഭക്ഷണം മറക്കുന്ന മലയാളി, മറുനാടന്‍ ഗന്ധങ്ങള്‍ക്കു മുന്നില്‍ മനംമയങ്ങി വീഴുന്നു.
ദുര്‍വ്യയ ശീലം നമ്മള്‍ വെടിയുക തന്നെ വേണം. കടം മേടിച്ചു വിരുന്നു നടത്തി നീ ദരിദ്രനാകരുത് എന്ന ബൈബിള്‍ വാക്യം ഓര്‍ക്കാം. സംയമനമില്ലാത്ത അധികച്ചെലവിന്റെ ഉടമകള്‍ക്കായി ന്യൂജനറേഷന്‍ ബാങ്കുകളും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളും മോഹിപ്പിക്കുന്ന ആഡംബര ജീവിതമാണു സമ്മാനിക്കുന്നത്. ഫ്രിഡ്ജും മിക്സിയും ഇലക്രടിക് അടുപ്പും മാത്രമല്ല, ഓരോ വീട്ടിലും, ഓരോ കാറും, ഇന്ന് അത്യന്താപേക്ഷിതമാണ്, എന്ന അതിമോഹ വലയില്‍ ആവറേജ് മലയാളി കുരുങ്ങിക്കിടക്കുന്നു.
സമ്പാദ്യ ശീലം ഇല്ലാത്തതുകൊണ്ട് ഇവിടെ സമ്പന്നരില്ലാതാകുന്നു. നമ്മുടെ കേരളം തമിഴനും ബംഗാളിക്കും നേപ്പാളിക്കും ആസാമിക്കും ഗള്‍ഫാണ്! വിവിധ മേഖലകളില്‍ ദിവസവേതനമായി എത്ര രൂപ ലഭിച്ചാലും നമ്മുടെ പല കുടുംബങ്ങളും കൂടുതല്‍ ദരിദ്രമാകുന്നതെന്തുകൊണ്ടാണ്? കാരണം വ്യക്തമാണ്. തിരച്ചു കിട്ടുന്നിടത്തല്ല ഇവരില്‍ പലരും നിക്ഷേപിക്കുന്നത്. കാല ത്തുമുതല്‍ സന്ധ്യവരെ പണിയെടുത്തിട്ടു മദ്യശാലകള്‍ക്കു മുന്നില്‍ വിനീത വിധേയരായി ആസക്തിയുടെ മുതലാളിമാര്‍ ക്യൂ നില്‍ക്കുന്ന അപമാനവീകരണകര്‍മം കേരളത്തിന്റെ അത്യാധുനിക ദൃശ്യമാണ്.
പണം ആവശ്യത്തിനുള്ളതാണ്. അനാവശ്യത്തിനുള്ളതല്ല. ആവശ്യം തീരുമാനിക്കുന്നത് ഒരു വൃക്തിയുടെ മനോഭാവമാണ്. മിതവ്യയം എന്നത് ലുബ്ധന്റെ ശീലമല്ല. ധാരാളം ഉള്ളവര്‍ പല പ്പോഴും ലുബ്ധു കാണിക്കുമ്പോള്‍, മിതവ്യയം ശീലമാക്കിയവര്‍ താരതമ്യേന ഉദാരമതികള്‍ ആയിരിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കി, നിക്ഷേപശീലം പാലിച്ച് ആവശ്യനേരത്തു കടം വാങ്ങാതെ കാര്യം നടത്തുന്നവര്‍ ഇന്നേറെയുണ്ട്. ചെറിയ ചെലവുകളെ സൂക്ഷിക്കുക. വലിയ കപ്പല്‍ മുങ്ങാന്‍ ഒരു ചെറിയ ദ്വാരം മതി.
ഒരു തുള്ളി വെള്ളം ഒരു കടലിന്റെ വിത്താണ്. ഒരു തുള്ളിയില്‍ ഒരു കടല്‍ ഒളിഞ്ഞിരിപ്പുണ്ട്. പലതുള്ളി പെരുവെള്ളം എന്ന പഴമൊഴിയില്‍ കടലിലേക്കുള്ള ഒരു പുഴയുടെ ഒഴുക്കുണ്ട്. അതുപോലെ ഒരു രൂപ നിക്ഷേപമുള്ള വ്യക്തിയില്‍ ഒരു കോടീശ്വരന്‍ മറഞ്ഞിരിപ്പുണ്ട്. സമ്പാദ്യശീലമുള്ള വ്യക്തികള്‍ സ്വന്തം കൈക്കുമ്പിളില്‍ ഒരു കടല്‍ സൂക്ഷിക്കുന്നവരാണ്.
ഫാ. റോയി കണ്ണൻചിറ സിഎംഐ എഴുതിയ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്ത ഭാഗമാണിത്. പത്തുവർഷം കൊണ്ട് എഴുതിയ ബുക്കാണിത്. സാഹിതി ഇന്റർനാഷണലിന്റെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം പ്രപഞ്ച മാനസത്തിന് ലഭിച്ചിട്ടുണ്ട്.
ഫാ. റോയി കണ്ണൻചിറ സിഎംഐയുടെ കൂടുതൽ രചനകൾ വായിക്കുന്നതിന് : https://cnewslive.com/author/15946/1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.