കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ ഉപരോധ സമരം: പ്രതിഷേധിച്ച നടന്‍ ജോജുവിന്റെ വാഹനം അടിച്ചു തകര്‍ത്തു

കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ ഉപരോധ സമരം: പ്രതിഷേധിച്ച നടന്‍ ജോജുവിന്റെ വാഹനം അടിച്ചു തകര്‍ത്തു

കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ ഉപരോധ സമരത്തില്‍ സംഘര്‍ഷം. സമരത്തിനെതിരേ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ത്തു. സമരത്തിനെതിരേ രോഷാകുലനായി പ്രതിഷേധിച്ചതിന് പിന്നാലെയാണ് ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനത്തിന് നേരേ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് പൊലീസെത്തിയാണ് ജോജുവിനെ സംഭവസ്ഥലത്തുനിന്ന് കൊണ്ടു പോയത്.

അതേസമയം ജോജു ജോര്‍ജ് മദ്യപിച്ചിരുന്നതായും മദ്യലഹരിയിലാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പെടെ അധിക്ഷേപിച്ചതായും പരാതി ഉയര്‍ന്നു. മുന്‍കൂട്ടി പൊലീസിനെയും അധികാരികളെയും അറിയിച്ചാണ് സമരം നടത്തിയത്. ജോജു ജോര്‍ജിന്റെ വാഹനത്തില്‍ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നുവെന്നും അത് പൊലീസിന് കാട്ടിക്കൊടുത്തുവെന്നും നേതാക്കള്‍ പറഞ്ഞു.

ജോജു ജോര്‍ജിനെതിരേ പരാതി നല്‍കും. വാഹനം തകര്‍ത്തതില്‍ കോണ്‍ഗ്രസിന് പങ്കില്ല. അത് സമരത്തിന് പിന്തുണയര്‍പ്പിച്ച് എത്തിയ ആരോ ചെയ്തതാണെന്നും വഴിപോക്കരാണ് വാഹനം തകര്‍ത്തതെന്നും എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് റിയാസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ വൈറ്റിലയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടാണ് കോണ്‍ഗ്രസ് ഉപരോധ സമരം സംഘടിപ്പിച്ചത്. ഇന്ധനവില വര്‍ധനവിനെതിരെയായിരുന്നു സമരം. എന്നാല്‍ സമരം കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നടന്‍ ജോജു പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തില്‍ നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോടാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പിന്നാലെ വാക്കേറ്റം ഉണ്ടാകുകയും ജോജുവിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്യുകയായിരുന്നു. ജോജു മദ്യപിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സുരക്ഷയിലാണ് ജോജുവിനെ സംഭവസ്ഥലത്തുനിന്ന് മാറ്റിയത്. നടനെ കൊണ്ടുപോകുമ്പോള്‍ കള്ളുകുടിയാ എന്ന് വിളിച്ചും കൂക്കിവിളിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരുന്നു.

അതേസമയം, കോണ്‍ഗ്രസിന്റെ ഉപരോധം കാരണം വൈറ്റില മുതല്‍ ഇടപ്പളളി വരെ വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിലുള്ളത്. ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ മണിക്കൂറുകളായി റോഡില്‍ കുടുങ്ങികിടക്കുകയാണെന്നാണ് ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.