കള്ളപ്പണക്കേസ്: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍

കള്ളപ്പണക്കേസ്: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍

ന്യൂഡല്‍ഹി: മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍, മറ്റ് അഴിമതി കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 12 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം പുലര്‍ച്ചെ ഒന്നരയടെയാണ് ദേശ്മുഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മുന്‍ മന്ത്രി ഇഡിക്ക് മുന്നില്‍ ഹാജരായത്.

ഇന്നലെയാണ് ദേശ്മുഖിന്റെ മൊഴി രേഖപ്പെടുത്താന്‍ അഡീഷണല്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഇഡി ഉദ്യോഗസ്ഥരുടെ സംഘം ഡല്‍ഹിയില്‍ എത്തിയത്. നേരത്തെ അഞ്ച് തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ദേശ്മുഖ് നിഷേധിക്കുകയാണ് ഉണ്ടായത്. കൂടാതെ ഇഡിയുടെ സമന്‍സുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയേയും സമീപിച്ചിരുന്നു.

ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതിന് മുമ്പ് അന്വേഷണത്തിനോട് താന്‍ സഹകരിക്കുന്നുണ്ടെന്ന് വീഡിയോ സന്ദേശത്തിലൂടെ ദേശ്മുഖ് വ്യക്തമാക്കിയിരുന്നു. ''എനിക്ക് ഇഡിയുടെ സമന്‍സ് ലഭിച്ചു. ഞാന്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ല എന്ന് മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയാണ്. താന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതിയുടെ പരിഗണനിയിലാണെന്നും അത് സംബന്ധിച്ച ഉത്തരവ് വന്നതിന് ശേഷം ഹാജരാകുമെന്ന് ഇഡിയെ അറിയിച്ചിരുന്നു. ഞാനും എന്റെ കുടുംബവും സ്റ്റാഫ് അംഗങ്ങളും ഇഡിയുടെ എല്ലാ നടപടികളോടും പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്. സിബിഐക്ക് മുമ്പാകെ ഞാന്‍ മൊഴി നല്‍കിയിരുന്നുവെന്നും'' അദ്ദേഹം പറഞ്ഞു.

ഇഡിയുടെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേശ്മുഖ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഒക്ടോബര്‍ 29 ന് തള്ളിയിരുന്നു. അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദേശിച്ചു. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയായിരിക്കെ ദേശ്മുഖ് സസ്പെന്‍ഷനിലുള്ള അസിസ്റ്റന്റ് പൊലീസ് ഇന്‍സ്പെക്ടര്‍ സച്ചിന്‍ വെയ്സ് മുഖേനെ ബാര്‍ ഉടമകളില്‍നിന്ന് അനധികൃതമായി 4.70 കോടി രൂപയോളം പണമായി നേടിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഇഡി പറയുന്നു.

മുന്‍ മുംബൈ പൊലീസ് കമ്മിഷണര്‍ പരം ബിര്‍ സിങ്ങ് നടത്തിയ അഴിമതി ആരോപണങ്ങളില്‍ സിബിഐ അന്വേഷണമായിരുന്നു ദേശ്മുഖിനെതിരെ ആദ്യം ഉണ്ടായത്. പിന്നാലെയാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.