കോവിഡ് ഗുളിക മോള്‍നുപിരവിറിന് അംഗീകാരം നല്‍കി ബ്രിട്ടന്‍; ചികിത്സാ രംഗത്ത് പുത്തന്‍ കാല്‍വയ്പ്

കോവിഡ് ഗുളിക മോള്‍നുപിരവിറിന് അംഗീകാരം നല്‍കി ബ്രിട്ടന്‍; ചികിത്സാ രംഗത്ത് പുത്തന്‍ കാല്‍വയ്പ്

ലണ്ടന്‍: കോവിഡ് ചികില്‍സയ്ക്ക് ഇനി ഗുളികയും. അമേരിക്കന്‍ നിര്‍മിതമായ 'മോള്‍നുപിരവിര്‍' ആന്റി വൈറല്‍ ഗുളികകള്‍ കോവിഡ് ചികില്‍സയ്ക്കായി ഉപയോഗിക്കാന്‍ ബ്രിട്ടന്‍ അനുമതി നല്‍കി. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കു ദിവസം രണ്ടു നേരം വീതം ഗുളിക നല്‍കാനാണു ബ്രിട്ടിഷ് മെഡിസിന്‍സ് റഗുലേറ്റര്‍ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കുന്നത്.

ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കോവിഡ് ചികില്‍സയ്ക്കായി ആന്റി വൈറല്‍ ഗുളിക ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത്. ആരോഗ്യരംഗത്തെ ചരിത്രപരമായ ദിവസമാണിതെന്നു തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടിഷ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവേദ് പറഞ്ഞു. കോവിഡ് ചികില്‍സാരംഗത്തു നിര്‍ണായകമാകുന്ന തീരുമാനമാകും ഇതെന്ന് സാജിദ് ജാവേദ് പ്രത്യാശ പ്രകടിപ്പിച്ചു.

ഫ്‌ളൂ ചികില്‍സയ്ക്കായി വികസിപ്പിച്ച ഈ മരുന്ന് കോവിഡ് രോഗികളുടെ മരണ നിരക്കു പകുതിയായി കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. രോഗത്തിന്റെ തുടക്കത്തിലേ ഈ ഗുളിക കഴിക്കുന്നതുമൂലം പലര്‍ക്കും ആശുപത്രിവാസവും ഒഴിവാക്കാനാകുമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.

അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എംഎസ്ഡി വികസിപ്പിച്ച ഗുളികയുടെ 4,80,000 കോഴ്‌സുകള്‍ക്ക് ബ്രിട്ടന്‍ ഓര്‍ഡര്‍ നല്‍കി. നവംബറില്‍ തന്നെ ഗുളിക ബ്രിട്ടനില്‍ വിതരണത്തിന് എത്തും. കോവിഡ് രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയാല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഗുളിക കഴിച്ചു തുടങ്ങുന്നതാണു കൂടുതല്‍ ഫലപ്രദമെന്നാണു ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. എന്‍എച്ച്എസ് ആശുപത്രികള്‍ വഴിയും ജിപികളുടെ പ്രിസ്‌ക്രിപ്ഷന്‍ അനുസരിച്ചുമാകും മരുന്നുകളുടെ വിതരണം. ബ്രിട്ടനു പുറമേ അമേരിക്ക, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും എംഎസ്ഡി കമ്പനിയുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.