വായു മലിനീകരണം അതിരൂക്ഷം; ശ്വാസം മുട്ടി രാജ്യ തലസ്ഥാനം

വായു മലിനീകരണം അതിരൂക്ഷം; ശ്വാസം മുട്ടി രാജ്യ തലസ്ഥാനം

ന്യുഡല്‍ഹി: ദീപാവലിക്ക് പിറ്റേന്ന് ഡല്‍ഹയിലും പ്രാന്ത പ്രദേശങ്ങളും കടുത്ത മൂടല്‍ മഞ്ഞ് പോലുള്ള പുക കൊണ്ട് മൂടിയ നിലയില്‍. കേന്ദ്രമലിനീകരണ നിയന്ത്രണബോര്‍ഡ് പുറത്തുവിട്ട കണക്ക് പ്രകാരം ഡല്‍ഹിയിലെ എല്ലാ വായു മലിനീകരണ നിരീക്ഷണ കേന്ദ്രങ്ങളിലും വായു നിലവാര സൂചിക 450ന് മുകളിലാണ്. സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാന സര്‍ക്കാര്‍ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ട് പോലും അര്‍ധരാത്രി വരെ ആളുകള്‍ പടക്കം പൊട്ടിക്കുന്നത് തുടര്‍ന്നു. വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് തന്നെ ഡല്‍ഹിയിലെ വായു ഗുണ നിലവാര സൂചിക 382ല്‍ എത്തിയിരുന്നു. രാത്രി എട്ടു മണിയോടെ ഇത് ഗുരുതരാവസ്ഥയിലെത്തി.

തണുപ്പും, കാറ്റിന്റെ വേഗതക്കുറവുമാണ് മലിനീകരണത്തോത് കൂടാന്‍ കാരണം. ഫരീദാബാദ് (424), ഗാസിയാബാദ് (442), ഗുഡ്ഗാവ് (423), നോയ്ഡ (431) എന്നിവിടങ്ങളില്‍ രാത്രി ഒന്‍പത് മണിയോടെ സ്ഥിതി ഗുരുതരമായി. ഇന്നും ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും വായു ഗുണനിലവാരം താഴ്ന്ന് തന്നെ തുടരുമെന്ന് സഫര്‍ (System of Air Quality and Weather Forecasting And Research) മുന്നറിയിപ്പ് നല്‍കി.

വായു ഗുണ നിലവാര സൂചിക 301 മുതല്‍ 400 വരെയായാല്‍ വളരെ മോശം സ്ഥിതിയെന്നും 401 മുതല്‍ 500 വരെ എത്തിയാല്‍ ഗുരുതരാവസ്ഥയെന്നുമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക്. ഒക്ടോബര്‍ 27 മുതല്‍ ദീപാവലിക്ക് മുന്നോടിയായി ഡല്‍ഹി സര്‍ക്കാര്‍ 'പടക്കമല്ല ദീപങ്ങള്‍ തെളിയിക്കൂ' എന്ന പ്രചാരണ പരിപാടിയടക്കം തുടങ്ങിയിരുന്നു. പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെ എക്‌സ്‌പ്ലോസീവ്‌സ് ആക്ടും മറ്റ് ഐപിസി ചട്ടങ്ങളും പ്രകാരം കേസെടുക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇതുവരെ സര്‍ക്കാര്‍ 13,000 കിലോ അനധികൃത പടക്കങ്ങള്‍ പിടിച്ചെടുക്കുകയും 33 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പടക്കങ്ങള്‍ പൊട്ടിച്ചില്ലെങ്കില്‍ പോലും ഡല്‍ഹിയിലെ വായു നിലവാര സൂചിക ഗുരുതരാവസ്ഥയിലേക്ക് പോകുമെന്ന് 'സഫര്‍' മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പടക്കം പൊട്ടിക്കുക കൂടി ചെയ്തത് സ്ഥിതി വഷളാക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.