കോലി ക്ലീന്‍ ബൗള്‍ഡ്'; കപ്പുമില്ല, കപ്പിത്താന്‍ സ്ഥാനവുമില്ല ഇപ്പോള്‍ വേള്‍ഡ് റാങ്കിലും പിന്നില്‍

 കോലി ക്ലീന്‍ ബൗള്‍ഡ്'; കപ്പുമില്ല, കപ്പിത്താന്‍ സ്ഥാനവുമില്ല ഇപ്പോള്‍ വേള്‍ഡ് റാങ്കിലും പിന്നില്‍

ന്യുഡല്‍ഹി: ഐസിസിയുടെ ടി20 ലോകകപ്പിലെ തിരിച്ചടികള്‍ക്കു പിറകെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്സ്മാനുമായ വിരാട് കോലിക്കു മറ്റൊരു ഷോക്ക് കൂടി. ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ പുതിയ റാങ്കിങിലും കോലി പിന്തള്ളപ്പെട്ടു. നാലു സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തിയ അദ്ദേഹം എട്ടാം റാങ്കിലേക്കു വീണു. ലോകകപ്പില്‍ കിരീട പ്രതീക്ഷയുമായെത്തിയ ഇന്ത്യ സെമി ഫൈനല്‍ പോലും എത്താതെയാണ് പുറത്തായത്. ടൂര്‍ണമെന്റിനു ശേഷം അദ്ദേഹം ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ തന്റെ അവസാനത്തേതായിരിക്കും ലോക കപ്പെന്നു കോലി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ബാറ്റര്‍മാരുടെ റാങ്കിങില്‍ കോലി നേരത്തേ നാലാം സ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ പുതിയ റാങ്കിങില്‍ നാലു സ്ഥാനങ്ങള്‍ കൈവിട്ട അദ്ദേഹം എട്ടാമന്‍ ആയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ട ഓപ്പണര്‍ കെഎല്‍ രാഹുല്‍ റാങ്കിങില്‍ നേട്ടമുണ്ടാക്കി. മൂന്നു സ്ഥാനങ്ങള്‍ കയറിയ അദ്ദേഹം ബാറ്റര്‍മാരുടെ റാങ്കിങില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ മാറ്റമില്ല. പാകിസ്ഥാന്‍ ക്യാപ്റ്റനും സ്റ്റാര്‍ പ്ലെയറുമായ ബാബര്‍ ആസം തന്നെയാണ് തലപ്പത്ത്.

839 റേറ്റിങുമായാണ് ബാബര്‍ ഒന്നാം റാങ്കില്‍ നില്‍ക്കുന്നത്. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ തന്നെയാണ് രണ്ടാം സ്ഥാനത്ത്. അദ്ദേഹത്തിനു 800 റേറ്റിങ് പോയിന്റുണ്ട്. സൗത്താഫ്രിക്കയ്ക്കു വേണ്ടി ലോക കപ്പില്‍ മികച്ച പ്രകടനം നടത്തിയ എയ്ഡന്‍ മര്‍ക്രാമാണ് പുതിയ മൂന്നാം നമ്പര്‍. മൂന്നു സ്ഥാനങ്ങള്‍ കയറിയാണ് അദ്ദേഹം ഈ പൊസിഷനിലെത്തിയത്. 796 ആണ് മര്‍ക്രാമിന്റെ റേറ്റിങ്.

നേരത്തേ മൂന്നാമതുണ്ടായിരുന്ന ഓസ്ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച് നാലാമനായി. അഞ്ചാം റാങ്കിര്‍ രാഹുലാണ് (റേറ്റിങ് 727). പാകിസ്ഥാന്റെ ഓപ്പണും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്‍ ആറാം സ്ഥാനത്തുണ്ട്. ന്യൂസിലാന്‍ഡിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഡെവന്‍ കോണ്‍വേ, കോലി, ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റനും വെടിക്കെട്ട് താരവുമായ ജോസ് ബട്ലര്‍, സൗത്താഫ്രിക്കയുടെ റാസി വാന്‍ഡര്‍ ഡ്യുസെന്‍ എന്നിവരാണ് ഏഴു മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.