ലിസ്ബണ്‍: കോവിഡ് മഹാമാരിക്കാലത്താണ് വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം ലോകമെങ്ങും വ്യാപകമായത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഭൂരിഭാഗം ജനങ്ങളും വീടുകള്‍ ഓഫീസാക്കിയാണ് ജോലി ചെയ്യുന്നത്. എന്നാല്‍, ജോലി സമയം കഴിഞ്ഞും ജോലിക്കാര്യം പറഞ്ഞ് ശല്യപ്പെടുത്തുന്ന ബോസാണോ നിങ്ങള്‍ക്കുള്ളത്? എങ്കില്‍ പോര്‍ച്ചുഗലിലേക്ക് ഒരു വിസ തരപ്പെടുത്തിയാലോ? പോര്‍ച്ചുഗല്‍ പാസാക്കിയ പുതിയ തൊഴില്‍ നിയമം അനുസരിച്ച് ജോലി സമയം കഴിഞ്ഞതിനു ശേഷം മേലുദ്യോഗസ്ഥന്‍ തൊഴിലാളികളെ വീണ്ടും വിളിച്ച് ബുദ്ധിമുട്ടിച്ചാല്‍ നിയമപരമായി ശിക്ഷാര്‍ഹമാണ്.
വീട്ടിലിരിക്കുന്നതിനാല്‍ ജീവനക്കാര്‍ക്ക് അമിതമായ ജോലി ഭാരമാണുണ്ടാകുന്നതെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം ജീവനക്കാരെ മാനസികമായി ഉലച്ചതായി പോര്‍ച്ചുഗല്‍ സര്‍ക്കാരും അംഗീകരിച്ചു. ഇതിനെ മറികടക്കാന്‍ നിയമനിര്‍മാണം തന്നെ നടപ്പാക്കിയിരിക്കുകയാണ് ഈ രാജ്യം. ജോലി കഴിഞ്ഞ് ജീവനക്കാര്‍ക്ക് സന്ദേശം അയക്കുന്നതില്‍ നിന്നും മേലധികാരികളെ വിലക്കികൊണ്ടുള്ള നിയമം സര്‍ക്കാര്‍ പാസാക്കി.
ഐ.ടി. രംഗത്തേക്കു തൊഴിലാളികളെ ആകര്‍ഷിക്കാനും ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഈ നീക്കം. പോര്‍ച്ചുഗലിലെ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് നിയമനിര്‍മ്മാണത്തിന് അംഗീകാരം നല്‍കിയത്. പുതിയ നിയമം പ്രകാരം, ജോലി സമയം കഴിഞ്ഞാല്‍ തൊഴിലാളികളുമായി ബന്ധപ്പെട്ടാല്‍ തൊഴിലുടമകള്‍ പിഴ അടയ്ക്കേണ്ടി വരും. ഇതിനൊപ്പം വീട്ടിലിരുന്നു ജോലി ചെയ്യുമ്പോള്‍ തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന വൈദ്യുതി, ഇന്റര്‍നെറ്റ് ബില്ലുകള്‍ പോലെയുള്ളവയുടെ ചെലവും കമ്പനികള്‍ വഹിക്കേണ്ടി വരും.
വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരെ നിരീക്ഷിക്കുന്നതില്‍ നിന്നും തൊഴിലുടമകള്‍ക്ക് വിലക്കുമുണ്ട്. എന്നാല്‍, തൊഴില്‍ നിയമങ്ങളിലെ ഭേദഗതികള്‍ക്കു പരിധികളുമുണ്ട്. പത്തില്‍ താഴെ ജീവനക്കാരുള്ള കമ്പനികള്‍ക്ക് ഈ നിബന്ധന ബാധകമല്ല.
കുട്ടികള്‍ക്ക് എട്ട് വയസ് ആകുന്നത് വരെ ജീവനക്കാര്‍ക്ക് തൊഴിലുടമകളുടെ അനുമതി ഇല്ലാതെ തന്നെ വര്‍ക്ക് ഫ്രം ഹോം ജോലി ചെയ്യാനും സര്‍ക്കാര്‍ നിയമപരമായ പരിരക്ഷ നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v