പദ്മപുരസ്‌കാര വേദിയില്‍ വ്യത്യസ്തമായൊരു മുത്തശിയും ഉണ്ടായിരുന്നു. വേഷവിധാനത്തില്‍ പോലും ആ വ്യത്യാസം തിരിച്ചറിയാമായിരുന്ന. നഗ്നപാദയായെത്തി പുരസ്‌കാരം വാങ്ങിയ കര്‍ണാടക സ്വദേശിനി തുളസി ഗൗഡ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തുളസിയെ തൊഴു കൈകളോടെ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറച്ചൊന്നുമല്ല ലൈക്ക് വാരിക്കൂട്ടിയത്. 72ാം വയസിലും കാടിനെയും മരങ്ങളെയും നെഞ്ചോട് ചേര്‍ക്കുന്നതിനാണ് പദ്മ പുരസ്‌കാരം ഈ വന മുത്തശിയെ തേടിയെത്തിയത്.
പന്ത്രണ്ടാം വയസു മുതല്‍ മരങ്ങള്‍ക്കൊപ്പം കൂട്ടുകൂടിയതാണ് തുളസി. കുട്ടിക്കാലത്ത് അമ്മ ചെടികളെ പരിപാലിക്കുന്നത് കണ്ടാണ് തുളസിയ്ക്കും ചെടികളോട് ഇഷ്ടം തോന്നിയത്. പിന്നീട് പൂര്‍ണ സമയവും ചെടികളോടും മരങ്ങളോടും കുശലം പറഞ്ഞും അവയെ പരിപാലിച്ചും തുളസി ജീവിക്കുകയായിരുന്നു.
കര്‍ണാടകയിലെ ഹലക്കി ആദിവാസി ഗോത്രത്തില്‍പ്പെട്ട ദരിദ്ര കുടുംബത്തിലായിരുന്നു തുളസി ജനിച്ചത്. വായിക്കാനും എഴുതാനും അറിയില്ലെങ്കിലും ചെടികളെ കുറിച്ച് എല്ലാം അറിയാം. ഓരോ ചെടിയും അതിന്റെ ആയുസും ഗുണഗണങ്ങളുമെല്ലാം ഈ മുത്തശിയ്ക്ക് കാണാപ്പാഠമാണ്. വനത്തിന്റെ എന്‍സൈക്ലോപ്പീഡിയ എന്ന പേരിലും തുളസി അറിയപ്പെടാറുണ്ട്. വയസ് എഴുപത് പിന്നിട്ടെങ്കിലും ഊര്‍ജത്തിനും ഉന്മേഷത്തിനും ഒരു കുറവുമില്ല.
ഗ്രാമപ്രദേശങ്ങളിലെല്ലാം തുളസി ഗൗഡയുടെ സാന്നിദ്ധ്യം കാണാനുണ്ട്. വഴിയോരങ്ങളിലും കാട്ടിലുമെല്ലാം അവര്‍ വച്ചു പിടിപ്പിച്ച മരങ്ങള്‍ തലയെടുപ്പോടെ നില്‍ക്കുന്നു. കര്‍ണാടകയില്‍ പലയിടങ്ങളിലായി ഇതുവരെ 30000 ല്‍ അധികം മരങ്ങള്‍ നട്ടുപിടിപ്പിച്ച് ഇന്ന് ലോകത്തിന് തന്നെ മാതൃകയായി തീര്‍ന്നിരിക്കുകയാണ് അവര്‍.
തുളസിയുടെ വനപരിപാലനം കണ്ടറിഞ്ഞ വനംവകുപ്പ് ആദ്യം താല്‍ക്കാലിക ജോലി നല്‍കിയിരുന്നു. പിന്നീട് വനംവകുപ്പില്‍ തന്നെ സ്ഥിരം ജോലിയും നല്‍കി. ജീവിത രീതികളിലും തുളസി ഗൗഡ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. പരമ്പരാഗത വേഷം മാത്രമാണ് ധരിക്കുന്നത്. ചെരിപ്പ് ജീവിതത്തില്‍ ഇന്നോളം ഉപയോഗിച്ചിട്ടേയില്ല. മണ്ണില്‍ ചവിട്ടി നടക്കുകയും പുതുതലമുറയോട് മണ്ണില്‍ ചവിട്ടി ജീവിക്കാനുമാണ് അവര്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.