ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാവിലെ രാജ്യത്തോട് ചെയ്ത പ്രഖ്യാപനം കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് അഞ്ചു വര്‍ഷവും പതിനൊന്ന് ദിവസവും മുന്‍പ് 2016 നവംബര്‍ എട്ടിന് രാജ്യത്തോടായി അദ്ദേഹം
നടത്തിയ മറ്റൊരു പ്രഖ്യാപനമായിരുന്നു... നോട്ടു നിരോധനം.
സമാന സ്വഭാവമുള്ളതാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനവും. നോട്ട് നിരോധനം പോലെ കൂടുതല്‍ കൂടിയാലോചനകളില്ലാതെ സര്‍ക്കാര്‍ സ്വന്തമായെടുത്ത തീരുമാനം.
കഴിഞ്ഞ ഒരു വര്‍ഷമായി കൊടും തണുപ്പിലും കത്തിയെരിയുന്ന വെയിലിലും ജീവന്‍ പണയം വച്ച് സമരം ചെയ്യുന്ന കര്‍ഷകരോടു പോലും ആലോചിക്കാതെ എടുത്ത തീരുമാനം. ഇതിനു പിന്നില്‍ കര്‍ഷകരോടുള്ള യഥാര്‍ത്ഥ സ്‌നേഹമല്ല, മറിച്ച് അധികാരത്തില്‍ കടിച്ചു തൂങ്ങാനുള്ള പതിവ് രാഷ്ട്രീയ തന്ത്രം മാത്രമാണെന്ന് നിസംശയം പറയാം.
മോഡി സര്‍ക്കാരിന്റെ ചില മുന്‍കാല പ്രവര്‍ത്തന രീതികള്‍ നമുക്കു തരുന്ന പാഠം അതാണ്. അധികാര ഭ്രമം മാത്രമാണ് ഇപ്പോള്‍ പെട്ടെന്നുണ്ടായ കര്‍ഷക സ്‌നേഹത്തിന്റെ പിന്നിലെന്നു മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. തിരഞ്ഞെടുപ്പു വരുമ്പോള്‍ ഇന്ധന വില നിയന്ത്രിച്ചു നിര്‍ത്തുന്നതും അതു കഴിഞ്ഞാല്‍ ശരവേഗത്തില്‍ കൂട്ടുന്നതും കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരം പരിപാടികളാണ്. അതുപോലെ മാത്രം കണ്ടാല്‍ മതി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള മോഡിയുടെ പ്രഖ്യാപനത്തേയും.
കര്‍ഷക സമരങ്ങളുടെ സംഗമ കേന്ദ്രങ്ങളായ പഞ്ചാബ്, യു.പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആരവങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. യു.പിയില്‍ യോഗിയുടെ ഭരണം നിലനിര്‍ത്താനും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ സഹായത്താല്‍ പഞ്ചാബില്‍ ഭരണം പിടിക്കാനും ബിജെപിക്ക് കര്‍ഷകരുടെ സഹായം വേണം.
ചോര നീരാക്കി മണ്ണില്‍ നിന്നും പൊന്നു വിളയിക്കുന്നവര്‍ മുഖം തിരിച്ചാല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച്, യു.പിയിലും പഞ്ചാബിലും പച്ച തോടില്ലെന്ന് രഹസ്യ സര്‍വ്വേ സംഘങ്ങള്‍ നല്‍കിയ മുന്നറിയിപ്പുകളാണ് കടുംപിടുത്തം ഉപേക്ഷിച്ച് കര്‍ഷകരെ പുണരാന്‍ മോഡി സര്‍ക്കാരിനെ ഇപ്പോള്‍ നിര്‍ബന്ധിതരാക്കിയത്.
സര്‍വ്വേ സംഘങ്ങള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ക്കു മുന്‍പു തന്നെ കര്‍ഷകരും ഇന്ധന വിലയില്‍ വലഞ്ഞ മറ്റ് വോട്ടര്‍മാരും ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാണ് കഴിഞ്ഞ മാസം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കണ്ടത്.
ബിജെപിയുടെ കൈയ്യിലിരുന്ന ലോക്‌സഭാ, നിയമസഭാ സീറ്റുകള്‍ കോണ്‍ഗ്രസും ശിവസേനയും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടു പോയി. നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന ഹിമാചല്‍ പ്രദേശിലെ മണ്ഡി ലോക്‌സഭാ മണ്ഡലം പോലും നിലനിര്‍ത്താന്‍ ബിജെപിയ്ക്കായില്ല.
ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റില്‍ പിടഞ്ഞുണര്‍ന്ന മോഡി സര്‍ക്കാര്‍ ഉടന്‍ തന്നെ ഇന്ധന വിലയില്‍ നേരിയ തോതിലെങ്കിലും കുറവു വരുത്തി. കര്‍ഷക രക്തം കട്ട പിടിച്ചു കിടക്കുന്ന യു.പിയും പഞ്ചാബും തെല്ലൊന്നുമല്ല സംഘപരിവാര്‍ സംഘടനകളെ ഭയപ്പെടുത്തുന്നത്.
ലഖിംപൂര്‍ ഖേരിയില്‍ നടന്ന കര്‍ഷക കൂട്ടക്കുരുതിയില്‍ തളംകെട്ടിക്കിടക്കുന്ന കട്ടച്ചോരയില്‍ ചവിട്ടി നിന്നു വേണം യോഗി ആദിത്യനാഥിന് തുടര്‍ ഭരണത്തിനായി വോട്ടു ചോദിക്കാന്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി യു.പിയില്‍ നടത്തുന്ന മുന്നേറ്റം മറ്റൊരു പ്രതിസന്ധി.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പതിവായി ഉയര്‍ത്തിക്കൊണ്ടു വരുന്ന പാകിസ്ഥാന്‍ വിരുദ്ധതയും വര്‍ഗീയ ധ്രുവീകരണവും ഇത്തവണ അത്ര കണ്ട് ഏശില്ലെന്ന ആര്‍.എസ്.എസ് ബുദ്ധി കേന്ദ്രങ്ങളില്‍ നിന്നുള്ള ഉപദേശവും കേന്ദ്ര സര്‍ക്കാരിനെ മാറി ചിന്തിക്കാന്‍ പ്രചോദിപ്പിച്ചു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം കര്‍ഷക സംഘടനകള്‍ സ്വാഗതം ചെയ്‌തെങ്കിലും അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ വച്ച് പാസാക്കുന്നതു വരെ സമരം തുടരുമെന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്. മാത്രമല്ല, വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാം എന്നു മാത്രമാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.
കര്‍ഷകര്‍ ഉന്നയിച്ച ഉല്‍പ്പന്നങ്ങളുടെ താങ്ങുവില, കാര്‍ഷിക കടങ്ങളുടെ എഴുതി തള്ളല്‍ തുടങ്ങിയ മറ്റ് ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഇക്കാര്യങ്ങളിലും കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.
കോവിഡ് പ്രതിസന്ധിയുടെ പേരില്‍ രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ ഒരു ലക്ഷത്തി നാല്‍പ്പതിനായിരം കോടിയോളം വരുന്ന നികുതി കുടിശിഖ എഴുതി തള്ളിയ മോഡി സര്‍ക്കാരിന് രാജ്യത്തെ അന്നമൂട്ടുന്ന കര്‍ഷകരുടെ കടങ്ങളും എഴുതി തള്ളാന്‍ ബാധ്യതയുണ്ട്.
എങ്കില്‍ മാത്രമേ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തെരുവുകളിലും കൃഷിയിടങ്ങളിലുമായി പൊലിഞ്ഞു പോയ എണ്ണൂറിലധികം കര്‍ഷകരുടെ ജീവത്യാഗത്തിന് ഒരു പരിധിവരെ എങ്കിലും പ്രതിഫലം ലഭിക്കൂ. അല്ലെങ്കില്‍ മോഡിയുടെ ഈ പ്രഖ്യാപനവും വെറുമൊരു പൊളിറ്റിക്കല്‍ ഗിമ്മിക്കായി കരുതേണ്ടി വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.