ആഗ്നസിന്റെ ജീവിതം കലങ്ങി മറിഞ്ഞ കറുത്ത ദിവസമായിരുന്നു അന്ന്. ഡി & സി ചെയ്ത് അത്ര പരിചയമില്ലാത്ത ഡോക്ടര്‍ക്കുണ്ടായ കൈപ്പിഴയില്‍ അവളുടെ ഗര്‍ഭപാത്രത്തിന് മാരകമായ മുറിവേറ്റു. രക്തസ്രാവം നിലയ്ക്കാതായതോടെ ജീവന്‍ നിലനിര്‍ത്താന്‍ ഗര്‍ഭപാത്രം മുറിച്ചു മാറ്റേണ്ടി വന്നു.
കോട്ടയം സ്വദേശിനി നാല്‍പ്പതുകാരിയായ ആഗ്നസ് ഗര്‍ഭഛിദ്രത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള കുടുംബമായിരുന്നു ആഗ്നസിന്റേത്. മൂന്ന് സഹോദരന്‍മാരുടെ ഏക പെങ്ങള്‍. ഇരുപത് വര്‍ഷം മുമ്പായിരുന്നു വിവാഹം. ബിരുദ പഠനം പൂര്‍ത്തിയായപ്പോള്‍ തന്നെ വിവാഹാലോചനകള്‍ തുടങ്ങി.
മകളെ എത്രയും പെട്ടന്ന് നല്ലൊരു ചെറുക്കന്റെ കൈ പിടിച്ചു കൊടുക്കുക എന്നത് അപ്പന്റെ നിര്‍ബന്ധമായിരുന്നു. ജോലിയില്ലെങ്കിലും പണവും പത്രാസും ആവശ്യത്തിനുള്ളതിനാല്‍ ആലോചനകള്‍ നിരവധി വന്നു. അവസാനം ഗള്‍ഫില്‍ ജോലിയുള്ള റാന്നി സ്വദേശിയായ ചെറുപ്പക്കാരനുമായി വിവാഹം നടത്തി.
ഒന്നര മാസത്തെ അവധിക്കു വന്ന യുവാവ് വിവാഹം കഴിഞ്ഞ് പത്താം ദിവസം ജോലി സ്ഥലത്തേക്ക് മടങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും വന്ന് ആഗ്നസിനേയും ഗള്‍ഫിലേക്ക് കൊണ്ടു പോകാനായിരുന്നു തീരുമാനം. എല്ലാ ദിവസവും മുടങ്ങാതെ ഭര്‍ത്താവ് വിളിക്കും. വിശേഷങ്ങള്‍ പങ്കുവയ്ക്കും. ഒരു ദിവസം ആ സന്തോഷ വാര്‍ത്ത അവള്‍ ഭര്‍ത്താവിനെ അറിയിച്ചു....'താന്‍ അമ്മയാകാന്‍ പോകുന്നു'.
സന്തോഷം കൊണ്ട് ഭര്‍ത്താവ് തുള്ളിച്ചാടുമെന്ന് കരുതിയ ആഗ്നസിന് കിട്ടിയ മറുപടി അത്ര ആശാവഹമായിരുന്നില്ല. 'ഇപ്പോള്‍ നമുക്കൊരു കുഞ്ഞു വേണ്ട. നീ ഗള്‍ഫിലേക്ക് വന്ന ശേഷം പിന്നീടു മതി നമുക്ക് കുഞ്ഞുങ്ങള്‍'. അവള്‍ ശരിക്കും ഞെട്ടിപ്പോയി. 'നടക്കില്ല, കുഞ്ഞിനെ ഞാന്‍ നശിപ്പിക്കില്ല'. അവള്‍ തീര്‍ത്തു പറഞ്ഞു. പിറ്റേന്നും വിളിച്ച് ഭര്‍ത്താവ് ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും ആഗ്നസ് സ്‌നേഹപൂര്‍വ്വം നിരസിച്ചു.
പിന്നീട് എല്ലാ ദിവസവുമുള്ള വിളി ആഴ്ചയില്‍ രണ്ടും മൂന്നും ദിവസമായി ചുരുങ്ങി. വിളിക്കുമ്പോഴെല്ലാം ഭര്‍ത്താവിന്റെ പ്രധാന ആവശ്യം അബോര്‍ഷനായിരുന്നു. അതേപ്പറ്റി ചിന്തിക്കാനോ ഭര്‍ത്താവിന്റെയോ സ്വന്തം വീട്ടിലോ ഇക്കാര്യം അവതരിപ്പിക്കാനോ ആഗ്നസിന് ധൈര്യമുണ്ടായിരുന്നില്ല. അങ്ങനെ മൂന്ന് മാസം കഴിഞ്ഞു. ഇതിനിടെ ഭര്‍ത്താവിന്റെ വിളി വല്ലപ്പോഴുമായപ്പോള്‍ തന്നോടുള്ള ഇഷ്ടക്കുറവ് വിവാഹ ബന്ധത്തെ തന്നെ ബാധിക്കുമെന്ന് അവള്‍ ഭയപ്പെട്ടു.
ഒരു ദിവസം അവള്‍ കണ്ണീരോടെ ഭര്‍ത്താവിന്റെ ഇംഗിതത്തിനു വഴങ്ങി ഉദരത്തിലുള്ള ജീവന്റെ തുടിപ്പിനെ ഇല്ലാതാക്കാന്‍ സമ്മതം മൂളി... ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ തീരുമാനം. പക്ഷേ, ഈ കാര്യം ഇരു വീട്ടുകാരും അറിയാന്‍ പാടില്ല. അപ്പോഴും പ്രതിസന്ധി ബാക്കിയായി. വീട്ടുകാരോട് എന്തു പറയും? ഉടന്‍ ഭര്‍ത്താവിന്റെ മറുപടി വന്നു... 'ഗര്‍ഭം അലസിപ്പോയെന്ന് പറയാം'. എല്ലാം കണ്ണീരോടെ അവള്‍ തന്റെ പ്രീയതമന് വിട്ടു കൊടുത്തു.
അവസാനം ഭര്‍ത്താവിന്റെ പിതൃസഹോദര പുത്രന്റെ സഹായത്തോടെ ഗര്‍ഭഛിദ്രത്തിനായി പത്തനംതിട്ടയിലെ ഒരു സ്വകാര്യ ക്ലീനിക്കിലെത്തി. സ്‌കാനിംഗില്‍ കുഞ്ഞിന്റെ വളര്‍ച്ച നാലു മാസത്തോളമെത്തിയതിനാല്‍ ഗുളിക കഴിക്കുന്നതു പോലുള്ള ഗര്‍ഭഛിദ്ര മുറകള്‍ നടക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഡി & സി എന്ന രീതിയാണ് സ്വീകരിച്ചത്. കത്തിയും കത്രികയും ഉപയോഗിച്ച് കുഞ്ഞിനെ വെട്ടി നുറുക്കി കഷണങ്ങളാക്കി പുറത്തെടുക്കുന്ന രീതി.
ആഗ്നസിന്റെ ജീവിതം കലങ്ങി മറിഞ്ഞ കറുത്ത ദിവസമായിരുന്നു അന്ന്. ഡി & സി ചെയ്ത് അത്ര പരിചയമില്ലാത്ത ഡോക്ടര്‍ക്കുണ്ടായ കൈപ്പിഴയില്‍ അവളുടെ ഗര്‍ഭപാത്രത്തിന് മാരകമായ മുറിവേറ്റു. രക്തസ്രാവം നിലയ്ക്കാതായതോടെ ജീവന്‍ നിലനിര്‍ത്താന്‍ ഗര്‍ഭപാത്രം മുറിച്ചു മാറ്റേണ്ടി വന്നു. അപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. മാതാപിതാക്കള്‍ ആശുപത്രിയില്‍ പാഞ്ഞെത്തിയപ്പോള്‍ ബോധമറ്റു കിടക്കുന്ന മകളെയാണ് കണ്ടത്. ഒപ്പമുണ്ടായിരുന്ന യുവാവ് സംഭവങ്ങളെല്ലാം വിവരിച്ചപ്പോഴാണ് അവര്‍ കാര്യങ്ങളറിയുന്നത്.
ഇതോടെ നിയന്ത്രണം വിട്ട് ക്ഷുഭിതനായ ആഗ്നസിന്റെ പിതാവ് മകളുടെ ഭര്‍ത്താവിനെ വിളിച്ച് പൊട്ടിത്തെറിച്ചു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി മാറി. അത് വൈകാതെ അവരുടെ ദാമ്പത്യ ജീവിതത്തെ ബാധിച്ചു. ഇരു കുടുംബങ്ങളുടെയും കലഹങ്ങള്‍ക്കു മുന്നില്‍ ആഗ്നസിന്റെ ജീവിതം ചോദ്യചിഹ്നമായി മാറി.
ഒരു ദിവസം കോട്ടയത്തെ ആഗ്നസിന്റെ സ്വന്തം വീട്ടിലേക്ക് ഒരു രജിസ്‌റ്റേര്‍ഡ് പോസ്റ്റു വന്നു. വിവാഹ മോചന നോട്ടീസായിരുന്നു അത്. മാനസികമായി തകര്‍ന്ന നിലയിലായിരുന്ന അവള്‍ രണ്ടാം വട്ടവും ഭര്‍ത്താവിന്റെ ഇംഗിതത്തിന് വഴങ്ങിക്കൊടുത്തു. ഇരു കക്ഷികളും സമ്മതമറിയിച്ചതോടെ വിവാഹ മോചനം എളുപ്പമായി. അയാള്‍ വൈകാതെ മറ്റൊരു വിവാഹം കഴിച്ച് നഴ്‌സായ ഭാര്യയെ ഗഫിലേക്ക് കൊണ്ടു പോയി പുതിയ ജീവിതം തുടങ്ങി.
ആഗ്നസിനെ സംബന്ധിച്ചിടത്തോളം രണ്ടാമതൊരു വിവാഹം ചിന്തിക്കാന്‍ പോലും പറ്റാതായി. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ശേഷിയില്ലാത്ത പെണ്ണിനെ ആര് വിവാഹം കഴിക്കും? നാലു ദിക്കില്‍ നിന്നും ചോദ്യങ്ങള്‍ വന്നു.
അങ്ങനെ ചക്രവാളങ്ങള്‍ക്കുമപ്പുറം കിനാവുകള്‍ നെയ്തുകൂട്ടി കുടുംബ ജീവിതത്തിലേക്ക് കടന്ന ആഗ്നസ് ഇന്ന് മോഹങ്ങള്‍ മരവിച്ച, മോതിരക്കൈ മുരടിച്ച പാഴ്ജന്മമായി ജീവിതം തള്ളി നീക്കുന്നു. പിതാവ് എഴു വര്‍ഷം മുമ്പ് മരിച്ചു. സഹോദരങ്ങളും പ്രായമായ അമ്മയും നല്‍കുന്ന സ്‌നേഹവും കരുതലുമാണ് ഇന്ന് ആഗ്നസിന്റെ ആകെയുള്ള ആശ്വാസം.
മുറി വൈദ്യന്‍ ആളെക്കൊല്ലും എന്നു പറഞ്ഞതുപോലെ ഇത്തരത്തില്‍ ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് ഗര്‍ഭപാത്രം നഷ്ടപ്പെട്ടവരും മറ്റ് അവയവങ്ങള്‍ക്ക് പരിക്ക് പറ്റിയവരുമായി നിരവധി സ്ത്രീകള്‍ ഇന്ന് സമൂഹത്തിലുണ്ട്. ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്ന സ്ത്രീകളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പോലെ തന്നെ പല തരത്തിലുള്ള ശാരീരിക പ്രതിസന്ധികളും ഉണ്ടാകാറുണ്ടെന്നാണ് മെഡിക്കല്‍ ജേര്‍ണലുകള്‍ വ്യക്തമാക്കുന്നത്.
സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു എന്നതിനപ്പുറം സ്ത്രീകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. വിളര്‍ച്ച, ഉദര സംബന്ധമായ രോഗങ്ങള്‍, പ്രത്യുല്‍പാദന ക്ഷമതക്കുറവ്, വന്ധ്യത, മരണം അങ്ങനെ നിരവധി പ്രതികൂല ഘടകങ്ങളുണ്ട്. ലോകമെമ്പാടുമുള്ള മാതൃ മരണങ്ങളില്‍ 13 ശതമാനവും ഗര്‍ഭഛിദ്രത്തില്‍ നിന്നുള്ള സങ്കീര്‍ണതകള്‍ കൊണ്ടാണെന്ന് കണക്കാക്കപ്പെടുന്നു.
സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രങ്ങള്‍ കാരണം ലോകത്ത് വര്‍ഷം തോറും ഏകദേശം 47,000 മാതൃ മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. അഞ്ച് മില്യണ്‍ സ്ത്രീകളെ വിവിധ ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായും വരുന്നു.
ഗര്‍ഭഛിദ്രം ഒരു സ്ത്രീയെ ശാരീരികമായും മാനസികമായും ആഘാതത്തിലാഴ്ത്തുന്ന ഒന്നാണ്. കാലക്രമേണ മാനസികാഘാതത്തില്‍ നിന്ന് വിമുക്തമായേക്കാമെങ്കിലും ശാരീരിക അസ്വസ്ഥകള്‍ വിട്ടുമാറാതെ പിന്തുടരും. ഗര്‍ഭഛിദ്രത്തിനു ശേഷം സ്ത്രീകളുടെ ശരീരം നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. ഇവയില്‍ ചിലതാകട്ടെ വളരെ അപകടം പിടിച്ചതുമാണ്.
ഗര്‍ഭഛിദ്രത്തിനു ശേഷം കണ്ടു വരുന്ന നാല് പ്രധാന ശാരീരിക പ്രശ്‌നങ്ങള്‍:
1. ശക്തമായ രക്തസ്രാവം
എല്ലാവരിലും ഇത് സംഭവിക്കണമെന്നില്ല. എന്നാല്‍ ചിലരില്‍ ശക്തമായ രക്തസ്രാവം, രക്തം കട്ടയായി പോകുക, ബ്രൗണ്‍ കളറാകുക തുടങ്ങിയവ മൂന്ന് മുതല്‍ നാല് ആഴ്ച വരെ നീണ്ടു നില്‍ക്കാറുണ്ട്. ഒന്നു മുതല്‍ രണ്ടു മണിക്കൂറിനുള്ളില്‍ രണ്ടു പ്രാവശ്യം വരെ പാഡുകള്‍ മാറ്റേണ്ടതായി വരുന്നു. വലിയ ക്ലോട്ടുകളായി രക്തം പുറത്തേക്കു പോകുന്നതിനു കാരണം യൂട്രസിനുള്ളില്‍ ഉണ്ടായ മുറിവുകളാകാം.
2. അസഹനീയമായ വേദന
ഗര്‍ഭം ധരിക്കുന്ന സമയത്ത് യൂട്രസ് വലുതാകുന്നു. എന്നാല്‍ അബോര്‍ഷനു ശേഷം ഇതു പതിയെ സാധാരണ അവസ്ഥയിലേക്കു മടങ്ങി വരുന്നു. ഈ സമയത്ത് ചെറിയ തരിപ്പും വേദനയും അനുഭവപ്പെടാം. ആര്‍ത്തവ സമയത്ത് അനുഭവപ്പെടുന്ന വേദനയെക്കാളും കഠിനമായ അവസ്ഥയാണിത്. വേദന സംഹാരികളിലാണ് പലരും ആശ്രയിക്കുന്നത്. ഇത് നിരന്തരം കഴിക്കേണ്ടി വരുന്നതിലൂടെ വൃക്ക സംബന്ധമായ രോഗങ്ങളടക്കം കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
3. അണുബാധ
ഗര്‍ഭഛിദ്രം നടന്നു കഴിഞ്ഞ് കുറച്ചു ദിവസത്തേക്ക് ഗര്‍ഭാശയ മുഖം തുറന്നിരിക്കും. ഇത് അണുബാധയ്ക്ക് കാരണമാകുന്നു. പിന്നീട് െൈലഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ക്ക് ഇടയാകുന്നു. ഇത്തരം സാഹചര്യങ്ങള്‍ കുടുംബ ബന്ധങ്ങളെ പോലും പ്രതികൂലമായി ബാധിക്കും.
4. ഗര്‍ഭധാരണ ലക്ഷണങ്ങള്‍ പോലെ
അബോര്‍ഷനു ശേഷം ചിലര്‍ക്ക് ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. ഓക്കാനം, ഛര്‍ദ്ദി പോലുള്ളവ ചിലപ്പോള്‍ മാസങ്ങളോളം തുടരും. ചിലരില്‍ വിട്ടുമാറാത്ത പനിയാണ് മറ്റൊരു പ്രതിസന്ധി. ശരീരം തടിയ്ക്കുകയും തലകറക്കം അനുഭപ്പെടുകയും ചെയ്യാറുണ്ട്.
പരിചയക്കുറവുള്ള ഡോക്ടര്‍മാര്‍ നടത്തുന്ന ഗര്‍ഭഛിദ്രങ്ങളാണ് പലപ്പോഴും ഗര്‍ഭപാത്രം അടക്കമുള്ള അവയവങ്ങള്‍ക്ക് മാരക മുറിവേല്‍പ്പിക്കുന്നത്. ചിലപ്പോള്‍ അത് അമ്മയുടെ ജീവനു തന്നെ ഭീഷണിയായി മാറുന്നു.
മെഡിക്കല്‍ കോളജുകളില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കുട്ടി ഡോക്ടര്‍മാര്‍ വരെ ഭ്രൂണഹത്യ നടത്തിക്കൊടുക്കാറുണ്ട്. അവിഹിത ബന്ധങ്ങളിലൂടെ സംഭവിക്കുന്ന ഗര്‍ഭധാരണം എങ്ങിനെയെങ്കിലും ഒഴിവാക്കണം എന്ന ആവശ്യവുമായി എത്തുന്നവരാണ് കുട്ടി ഡോക്ടര്‍മാരുടെ പ്രധാന ഇരകള്‍. നല്ല തുകയും ഇവര്‍ വാങ്ങാറുണ്ട്.
ഗര്‍ഭപാത്രം നഷ്ടമായതോടെ ഭര്‍ത്താവും കൈയ്യൊഴിഞ്ഞ് ജീവിതത്തില്‍ അനാഥയായവളാണ് ആഗ്നസ്. എന്നാല്‍ ഇരുപതാം വയസില്‍ ജീവിതത്തില്‍ നിന്നു തന്നെ റ്റാറ്റാ പറഞ്ഞു പോയ മലപ്പുറംകാരി ഫാത്തിമ 'ക്യാമ്പസിലെ അമ്മ'മാരുടെ പ്രതിനിധിയാണ്... അതേപ്പറ്റി നാളെ.
ഈ ലേഖന പരമ്പരയുടെ മുന്‍ ഭാഗങ്ങള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.