മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മതപരമായ വിവേചന നിയന്ത്രണ ബില്ലിനെ സ്വാഗതം ചെയ്ത് ഓസ്‌ട്രേലിയന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ്. ബില്‍ എല്ലാ പൗരന്മാര്‍ക്കും അവരുടെ മതവിശ്വാസങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള അടിസ്ഥാന മനുഷ്യാവകാശ സംരക്ഷണം നല്‍കുന്നുവെന്ന് കോണ്‍ഫറന്‍സ് വിലയിരുത്തി.
മതവിശ്വാസികളായ പൗരന്മാര്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും അധിക പരിരക്ഷ നല്‍കുന്ന ബില്ലിനെ മതസ്വാതന്ത്ര്യത്തിന്റെ ക്രിയാത്മകമായ ആവിഷ്‌കാരം എന്നാണ് ബിഷപ്‌സ് കമ്മിഷന്‍ ഫോര്‍ ലൈഫ്, ഫാമിലി ആന്‍ഡ് പബ്ലിക് എന്‍ഗേജ്മെന്റ് ചെയര്‍മാന്‍ മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ എ കോമെന്‍സോലി വിശേഷിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന വിവേചനപൂര്‍ണമായ നിയമങ്ങളില്‍നിന്നു വിശാസികളായ പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കുന്നതാണു ഫെഡറല്‍ സര്‍ക്കാരിന്റെ ബില്‍. എല്ലാ ഓസ്ട്രേലിയന്‍ പൗരന്മാര്‍ക്കും അവര്‍ ഏതു മതത്തില്‍ വിശ്വാസിച്ചാലും സമൂഹത്തില്‍ കൃത്യമായ സ്ഥാനമുണ്ടാകണം. നിയമപരമായുള്ള സംരക്ഷണത്തിന് അവര്‍ അര്‍ഹരായിരിക്കണം. മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം അനുഭവിക്കേണ്ടി വരരുത്.
മതവിശ്വാസങ്ങളുടെ പേരില്‍ ആരെയും വിലക്കുകയോ പീഡിപ്പിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യരുതെന്നും വിശ്വാസികളെ പാര്‍ശ്വവത്കരിക്കാനും നിശബ്ദരാക്കാനും ശ്രമിക്കുന്നവരില്‍ നിന്ന് നിയമപരമായ സംരക്ഷണം നല്‍കണമെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇന്നലെ ബില്‍ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
പ്രധാനമന്ത്രി പ്രത്യേക താല്‍പര്യമെടുത്ത മതപരമായ വിവേചന നിയന്ത്രണ ബില്‍ ഇന്നലെയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വിശ്വാസികളായ വ്യക്തികളെ പൊതു ഇടങ്ങളില്‍നിന്നു വിലക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തിനെതിരേയുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ ബില്ലിനെ വലിയ പ്രതീക്ഷയോടെയാണ് ക്രൈസ്തവ സംഘടനകള്‍ സ്വാഗതം ചെയ്തത്.
ലിംഗത്തിന്റെയോ ജാതിയുടെയോ ശാരീരിക വൈകല്യത്തിന്റെയോ പ്രായത്തിന്റെയോ പേരില്‍ ആരെയും മാറ്റിനിര്‍ത്തരുതെന്ന നിയമം നിലവില്‍ രാജ്യത്തിനുണ്ട്. അതിനൊപ്പമാണ് വിശ്വാസികള്‍ക്കും വിവേചനം പാടില്ലെന്ന സുപ്രധാന നിയമനിര്‍മാണത്തിന് പ്രധാനമന്ത്രി തന്നെ മുന്‍കൈയെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26