ഒമിക്രോണ്‍: പരിശോധന വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം; നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി

ഒമിക്രോണ്‍: പരിശോധന വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം; നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി

ന്യുഡല്‍ഹി: ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വിദേശത്ത് നിന്നും എത്തുന്നവരുടെ ഹോം ഐസൊലേഷനും ഹോട്ട് സ്പോട്ടുകളുടെ നിരീക്ഷണവും ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.

ഇതിനിടെ രാജ്യത്ത് കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ലോകമെമ്പാടും ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണിയില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതിനോടകം തന്നെ 13ലധികം രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വീടുകള്‍ തോറുമുള്ള വാക്‌സിനേഷന്‍ ക്യാമ്പ് ഡിസംബര്‍ 31 വരെ നീട്ടാനും കേന്ദ്രം തീരുമാനിച്ചു. തീവ്രമായ നിയന്ത്രണങ്ങള്‍, സജീവമായ നിരീക്ഷണം, വാക്സിന്‍ കവറേജ് വ്യാപകമാക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംസ്ഥാങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കി.

അതേസമയം ഡിസംബര്‍  ഒന്നു മുതല്‍ അന്താരാഷ്ട്ര വിമാനയാത്രക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. നിലവിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനങ്ങളുടെ യോഗത്തിലാണ് നിര്‍ദേശം. ഓരോ സംസ്ഥാനവും പുതിയ വകഭേദത്തിനെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചു എന്നതടക്കമുള്ള വിശദാംശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

എന്നാല്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാന ആരോഗ്യ വകുപ്പ് പ്രതിനിധികളുടെ യോഗത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയില്‍ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.